പ്രസാധകർക്കും വായനാലോകത്തിനും വൻ പിന്തുണയുമായി ഷാർജാ ഭരണാധികാരി

To advertise here,

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്ന ആഗോള പ്രസാധകരിൽനിന്ന് ഏറ്റവും പുതിയ ശാസ്ത്ര, സാഹിത്യ, വിജ്ഞാന ഗ്രന്ഥങ്ങൾ വാങ്ങുന്നതിനായി 45 ലക്ഷം ദിർഹം അനുവദിക്കാൻ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

എമിറേറ്റിലെ പൊതു-സർക്കാർ ലൈബ്രറികളുടെ പുസ്തക ശേഖരം കൂടുതൽ വിപുലീകരിക്കാനും നവീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ സഹായധനം പ്രഖ്യാപിച്ചത്. പ്രസാധന മേഖലയുടെ ദീർഘകാല വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം ഗവേഷകർക്കും വിദ്യാർഥികൾക്കും സാധാരണ വായനക്കാർക്കും വിജ്ഞാനശാഖകളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാൻ ഈ തുക സഹായിക്കും.

ഈ മാസം നാലു മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടന്നുവരുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് അണിനിരന്നിട്ടുള്ളത്. 17 ലക്ഷത്തിലധികം തലക്കെട്ടുകളാണ് മേളയിൽ ഇത്തവണ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

ഷാർജയുടെ സാംസ്കാരിക മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി പുസ്തകങ്ങളെയും ലൈബ്രറികളെയും പ്രതിഷ്ഠിക്കുന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ നടപടി.

എഴുത്ത്, വിവർത്തനം, പ്രസാധനം എന്നീ മേഖലകളെ ശക്തിപ്പെടുത്താനും വരുംതലമുറകൾക്ക് വൈവിധ്യമാർന്ന വിജ്ഞാന വിഭവങ്ങൾ ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.

ഭരണാധികാരിയുടെ ഈ നിർണായക തീരുമാനത്തെ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സ്വാഗതംചെയ്തു.

പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തുകയും ലൈബ്രറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാന്നിധ്യമറിയിക്കുകയും ചെയ്യുമ്പോഴാണ് അവയുടെ യഥാർത്ഥ മൂല്യം പുറത്തുവരുന്നത്. ആഗോളതലത്തിലെ വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും വിഷയങ്ങളും ഉൾക്കൊള്ളുന്ന കൃതികൾ ലൈബ്രറികളിലേക്ക് എത്തുന്നതോടെ വിജ്ഞാനാധിഷ്ഠിത സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.

‘കഥകളാൽ നിർമിതം’ എന്ന പ്രമേയത്തിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 1,500-ലധികം സാംസ്കാരിക, സർഗാത്മക പരിപാടികളാണ് അരങ്ങേറുന്നത്. ഒമാൻ അതിഥിരാജ്യമായി അണിനിരക്കുന്ന മേള, ലോകമെമ്പാടുമുള്ള പ്രസാധകർക്കും വായനക്കാർക്കും സംവാദങ്ങൾക്കും ആശയവിനിമയങ്ങൾക്കുമുള്ള മികച്ച അന്താരാഷ്ട്ര വേദിയായി മാറിയിട്ടുണ്ട്.