തിരുവനന്തപുരം: കാസർകോഡ് - തിരുവനന്തപുരം നിർമാണം പൂർത്തിയാകുന്ന ആറുവരി ദേശീയപാതയുടെ സർവീസ് റോഡുകളിലും നിരവധി അപകടമേഖലകളെന്ന് നാറ്റ്പാക്ക്. നിർമാണം പൂർത്തിയായ മേഖലകളിൽ വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ നാറ്റ്പാക്കിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് റോഡ് സുരക്ഷയിൽ കാര്യമായ വീഴ്ച കണ്ടെത്തിയത്.

To advertise here,

ഡ്രൈവർമാരുടെ കാഴ്ചമറയുന്ന വിധത്തിലാണ് അണ്ടർപാസുകളുടെ രൂപകൽപന. അണ്ടർപാസുകളിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ സർവീസ് റോഡുകളിലെ ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല. സർവീസ് റോഡിലേക്ക് വാഹനം പ്രവേശിക്കുന്നത് കാണാൻ കഴിയുന്ന വിധത്തിൽ വിസിബിളിറ്റി ഫണൽ ഒരുക്കേണ്ടിയിരുന്നു. എന്നാൽ രൂപകൽപനയിൽ അത് പാലിച്ചില്ല.

ദേശീയപാത രൂപകൽപന ചെയ്യുമ്പോഴും, നിർമാണ വേളയിലും, പൂർത്തിയാകുമ്പോഴും റോഡ് സുരക്ഷാ പരിശോധന നടത്തണമെന്നാണ് ചട്ടം. ഒരോ ഘട്ടങ്ങളിലും ന്യൂനതകൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ സിസൈനിൽ സംഭവിച്ച പാളിച്ച ഇനി പരിഹരിക്കാൻ കഴിയില്ലെന്ന് നാറ്റ്പാക്ക് ഡയറക്ടർ ഡോ. ആർ. ആശാലത പറഞ്ഞു.

60 മീറ്ററിൽ നിർമിക്കേണ്ട ആറുവരി പാത 45 മീറ്ററിലേക്ക് ചുരുക്കിയപ്പോൾ സർവീസ് റോഡുകൾക്കാണ് വീതി കുറഞ്ഞത്. ഫുട്പാത്ത് സഹിതം കുറഞ്ഞത് ഏഴരമീറ്റർ വീതി സർവീസ് റോഡിന് വേണം. എന്നാൽ സംസ്ഥാനത്തെങ്ങും ഇതുപാലിച്ചിട്ടില്ല. സർവീസ് റോഡുകളിൽ ഇരുവശത്തേയ്ക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബസ് ബേയ്ക്ക് സ്ഥലം ഏറ്റെടുത്തിട്ടില്ല. റോഡിൽ തന്നെ ബസ് നിർത്തേണ്ടിവരുന്നത് ഗതാഗതക്കുരുക്കിനിടയാക്കും. പ്രാദേശിക ഗതാഗതം പൂർണമായും ഉൾക്കൊള്ളാനുള്ള ശേഷി മിക്കയിടത്തും സർവീസ് റോഡുകൾക്കില്ല.

ദേശീയപാതകളിലേക്ക് പ്രവേശിക്കുന്നും ഇറങ്ങുന്നതുമായ മേഖലകളിൽ പ്രത്യേക പാതകൾക്കും നിർദിഷ്ട വീതി അനുവദിച്ചിട്ടില്ല. ആക്‌സിലറേഷൻ, ഡീസലറേഷൻ ലൈനുകൾ എന്നുവിശേഷിപ്പിക്കുന്ന ഇവ പ്രധാന പാതയിൽ നിന്നും വേറിട്ട് നിൽക്കണം. ഇടതുവശത്തെ ട്രാക്കിലൂടെ വരുന്ന വാഹനത്തെ ബാധിക്കാത്ത വിധത്തിൽ ഈ ട്രാക്കുകൾ വേറിട്ട് നിൽക്കണം.

ഡിവൈഡറുകൾക്ക് പകരം ബാരിയറുകളാണ് മിക്കയിടത്തും വച്ചിട്ടുള്ളത്. വലതുവശത്തെ ഫാസ്റ്റ്ട്രാക്കിലൂടെയും, മധ്യനിരയിലൂടെയും കടന്നുപോകുന്ന ഡ്രൈവർമാർക്ക് കാണാൻ പാകത്തിൽ സൈൻ ബോർഡുകൾ സ്ഥാപിക്കേണ്ടത് ഡിവൈഡറുകളിലാണ്. എന്നാൽ ഡിവൈഡറുകൾക്ക് വീതി ഇല്ലാത്തതിനാൽ ഇവ ഇടതുവശത്താണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല.