ദുബായ്: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡി.എഫ്.സി.) എട്ടാം പതിപ്പിന് ശനിയാഴ്ച തുടക്കമാകും. നഗരത്തിലുടനീളം വിപുലമായ കായിക പ്രവര്‍ത്തനങ്ങളാണ് 30 ദിവസം നീണ്ടുനില്‍ക്കുന്ന ഡി.എഫ്.സി. വാഗ്ദാനം ചെയ്യുന്നത്.

To advertise here,

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017-ലാണ് ഡി.എഫ്.സി. ആരംഭിച്ചത്. ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 30 ദിവസം 30 മിനിറ്റ് വ്യായാമംചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.

ആരോഗ്യകരവും ഊര്‍ജസ്വലവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരീബ് പറഞ്ഞു. തുടക്കം മുതല്‍ ഇതുവരെ കോടിക്കണക്കിനാളുകളെ ഡി.എഫ്.സി. സ്വാധീനിച്ചിട്ടുണ്ട്. ഓരോ പതിപ്പിലും വര്‍ധിച്ചുവരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമാണ്.

സൗഹൃദവും വിനോദവും ആരോഗ്യവും നിറഞ്ഞ അനുഭവങ്ങള്‍ക്കായി www.dubaifitnesschallenge.com വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് തങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ടുപേരെ ദുബായിലേക്ക് കൊണ്ടുവരാന്‍ അവസരം ലഭിക്കും.

ഫിറ്റ്നസ് വില്ലേജുകളും കമ്മ്യൂണിറ്റി ഹബ്ബുകളും സജീവമാകും

പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നഗരത്തിലുടനീളമുള്ള മൂന്ന് ഫിറ്റ്നസ് വില്ലേജുകളിലും 25 കമ്യൂണിറ്റി ഹബ്ബുകളിലുമായി വൈവിധ്യമാര്‍ന്ന കായിക പ്രവര്‍ത്തനങ്ങളുണ്ടാകും. കൈറ്റ് ബീച്ച്, അല്‍ വര്‍ഖ പാര്‍ക്ക്, സബീല്‍ പാര്‍ക്ക് എന്നിവിടങ്ങളാണ് ഡി.എഫ്.സി.യുടെ ഭാഗമായ ഫിറ്റ്നസ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുക. ഫിറ്റ്നസ് വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ബ്ലൂ വാട്ടേഴ്സ്, സിറ്റി വാക്ക്, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ്, ദുബായ് ഡിജിറ്റല്‍ പാര്‍ക്ക്, ദുബായ് മീഡിയ സിറ്റി, എക്‌സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ 25 പ്രധാന സ്ഥലങ്ങളിലാണ് കമ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുക. വ്യായാമം ചെയ്യാനായി വിപുലമായ സൗകര്യങ്ങള്‍ ഇവിടെയെല്ലാം ലഭ്യമാകും.

ഒരു മാസം ഒട്ടേറെ പരിപാടികള്‍

ദുബായ്: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എക്‌സ്പോ സിറ്റിയിലെ ദുബായ് എക്‌സിബിഷന്‍ സെന്ററില്‍ 'ദുബായ് ആക്ടീവ്' എന്ന വ്യായാമ പരിപാടി സംഘടിപ്പിക്കും. ദ പ്ലസ് 500 സിറ്റി ഹാഫ് മാരത്തണ്‍ ശനിയാഴ്ച നടക്കും. അര്‍ബുദത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ശനിയാഴ്ച മെയ്ദാന്‍ സ്ട്രീറ്റില്‍ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ദുബായ് പാഡില്‍ കപ്പും ഇതേ ദിവസം നടക്കും.

ഏറെ ആവേശകരമായ ഹത്ത ഡാം പാഡില്‍ അടുത്തമാസം രണ്ടിന് നടക്കും. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ശൈഖ് സായിദ് റോഡില്‍ സൈക്കിളോടിക്കാന്‍ അവസരമൊരുക്കുന്ന 'ദുബായ് റൈഡ്' അടുത്ത മാസം 10-നാണ്. 'ദുബായ് സ്പീഡ് ലാപ്സ്' എന്ന പേരില്‍ പുതിയൊരു പരിപാടികൂടി ഇത്തവണ ദുബായ് റൈഡിലുണ്ടാകും. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രണ്ടു പരിപാടിക്കും രജിസ്റ്റര്‍ ചെയ്യാം. ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റര്‍, ഡൗണ്‍ ടൗണ്‍ ദുബായിലൂടെയുള്ള നാല് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് റൈഡിനുള്ളത്. ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ എന്നിങ്ങനെ നഗരത്തിലെ പ്രധാന നിര്‍മിതികള്‍ക്കുമുന്നിലൂടെ സൈക്കിള്‍ സവാരി നടത്താനുള്ള അപൂര്‍വാവസരമാണ് ദുബായ് റൈഡ് ഒരുക്കുന്നത്. 21 വയസ്സിന് മുകളിലുള്ള പരിചയസമ്പന്നരായ റൈഡര്‍മാര്‍ക്കായാണ് ദുബായ് സ്പീഡ് ലാപ്സ് സംഘടിപ്പിക്കുന്നത്.

എക്‌സ്പോ സിറ്റിയിലെ അല്‍ ഫൊര്‍സാന്‍ പാര്‍ക്കില്‍ അടുത്തമാസം മൂന്നിന് വിമന്‍സ് റണ്‍ നടക്കും. അടുത്തമാസം മൂന്നു മുതല്‍ 10 വരെ ദുബായ് ഡ്യൂട്ടിഫ്രീ ടെന്നീസ് സ്റ്റേഡിയത്തില്‍ ദുബായ് പ്രീമിയര്‍ പാഡില്‍ പി.വണ്‍ സംഘടിപ്പിക്കും. 18 ലക്ഷം ദിര്‍ഹമാണ് മത്സരത്തിന്റെ സമ്മാനത്തുക. കൂടാതെ ബേസ്‌ബോള്‍, ഗോള്‍ഫ്, ദുബായ് ടി 100 ട്രയാത്ത്ലണ്‍, എമിറേറ്റ്സ് ദുബായ് സെയില്‍ ഗ്രാന്‍ഡ് പ്രിക്‌സ്, സ്പാര്‍ക്കിള്‍ റേസ് എന്നിങ്ങനെ വിവിധ കായിക പരിപാടികള്‍ അടുത്തമാസം ഏഴിനും 17-നുമിടയില്‍ സംഘടിപ്പിക്കും. ഡി.എഫ്.സി.യുടെ പ്രധാന പരിപാടികളിലൊന്നായ ദുബായ് റണ്‍ അടുത്ത മാസം 26-ന് നടക്കും. ശൈഖ് സായിദ് റോഡിനെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കിമാറ്റുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് ഇത്തവണയുമുള്ളത്.