റിയാദ്: സൗദി അറേബ്യയിലെ വിവിധ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളും വിനോദപ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ ഈ വർഷത്തെ 'സൗദി വിന്റർ' കലണ്ടർ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പുറത്തിറക്കി. 'നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ സൗദി വിന്റർ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്.
റിയാദ്, അൽഉല, അൽഖസീം, ഹാഇൽ, ജിദ്ദ, അൽഖോബാർ, അൽഅഹ്സ, മദീന, ചെങ്കടൽ തീരം എന്നിവിടങ്ങളിലായാണ് വിവിധ പരിപാടികൾ നടക്കുക.
വ്യത്യസ്ത താൽപര്യങ്ങളും പ്രായവിഭാഗങ്ങളുമുള്ള സന്ദർശകർക്ക് അനുയോജ്യമായ നിരവധി വിനോദസഞ്ചാര അനുഭവങ്ങളാണ് കലണ്ടറിലൂടെ ഒരുക്കിയിരിക്കുന്നത്. ശൈത്യകാലം ആസ്വദിക്കാൻ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിവിധ അവസരങ്ങൾ ഇതിലൂടെ ലഭ്യമാകും.
ശൈത്യകാലത്ത് സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പങ്കെടുക്കാവുന്ന പ്രധാന പരിപാടികൾ, പ്രവർത്തനങ്ങൾ, അനുഭവങ്ങൾ എന്നിവയുടെ സമഗ്രമായ മാർഗനിർദേശമാണ് പുതിയ കലണ്ടർ. വിനോദം, സംസ്കാരം, സാഹസികത, വിശ്രമം എന്നിവ സമന്വയിപ്പിച്ചുള്ള പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്സവങ്ങൾ, കായികമത്സരങ്ങൾ, തത്സമയ കലാപരിപാടികൾ, സാംസ്കാരിക-പൈതൃക അനുഭവങ്ങൾ, പ്രകൃതിയിലൂടെയുള്ള യാത്രകൾ, മരുഭൂമിയിലെ സാഹസിക വിനോദങ്ങൾ, റിസോർട്ടുകളിലെ താമസം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതിന് പുറമെ വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കഫേകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, കടൽത്തീര വിനോദങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും ഒരൊറ്റ സന്ദർശനത്തിൽ തന്നെ വിവിധ വിനോദാനുഭവങ്ങൾ ആസ്വദിക്കാനും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഇതിലൂടെ സാധിക്കും.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പരിപാടികൾ മുതൽ നഗരങ്ങളിലെ വിനോദമേളകൾ വരെ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ മുതൽ പ്രകൃതിപാതകളും മരുഭൂമിയിലെ സാഹസിക യാത്രകളും വരെ സൗദിയുടെ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വൈവിധ്യമാണ് ഈ കലണ്ടർ എടുത്തുകാട്ടുന്നത്. സന്ദർശകർക്ക് ഇഷ്ടമുള്ള അനുഭവങ്ങൾ തിരഞ്ഞെടുക്കാനും സൗദി അറേബ്യയുടെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ അടുത്തറിയാനും ഇതിലൂടെ അവസരമൊരുങ്ങും.
ഈ വർഷത്തെ 'സൗദി വിന്റർ' പദ്ധതിയുടെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി നേരത്തേ ശിൽപശാല സംഘടിപ്പിച്ചിരുന്നു. പൊതുമേഖലയിൽ നിന്നും സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി നൂറിലധികം പങ്കാളികൾ ശിൽപശാലയിൽ പങ്കെടുത്തു.
1,800-ലധികം വിനോദസഞ്ചാര ഉൽപ്പന്നങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള സന്ദർശകരെ ആകർഷിക്കുന്നതിനായി പ്രത്യേക പരിപാടികൾ, വിനോദപ്രവർത്തനങ്ങൾ, സാംസ്കാരിക അനുഭവങ്ങൾ, പ്രകൃതിയുമായി ബന്ധപ്പെട്ട യാത്രകൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുക, ശൈത്യകാലത്ത് സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ ആകർഷകമാക്കുക, സന്ദർശകർക്ക് ലഭിക്കുന്ന അനുഭവങ്ങളുടെ വൈവിധ്യം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പരിപാടികളുടെ പൂർണ കലണ്ടർ ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Published: 29 Oct 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented