വീടുകളിൽ സുരക്ഷ ഉറപ്പാക്കാൻ അബുദാബി ഹൗസിങ് അതോറിറ്റിയുടെ അടിയന്തര മുന്നറിയിപ്പ്
അബുദാബി : വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എമിറേറ്റിലെ വീട്ടുടമകളോട് അബുദാബി ഹൗസിങ് അതോറിറ്റി അഭ്യർഥിച്ചു. ശക്തമായ മഴ ലഭിക്കുന്നതിന് മുൻപായി ഡ്രെയിനേജ് സംവിധാനങ്ങൾ, വൈദ്യുതി വയറിങ്ങുകൾ, ജനലുകൾ, കെട്ടിടങ്ങളുടെ മേൽക്കൂരകൾ എന്നിവ കൃത്യമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക ഏജൻസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും പതിവ് ഗാർഹിക മെയ്ന്റനൻസ് ജോലികൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മഴവെള്ള ഓടകളും ഡ്രെയിനേജ് ചാനലുകളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് വീടുടമകൾ ഉറപ്പാക്കണം. എയർ കണ്ടീഷണറുകളുടെ വിടവുകൾ കൃത്യമായി അടച്ച് കെട്ടിടങ്ങൾക്കുള്ളിലേക്ക് മഴവെള്ളം ഇറങ്ങുന്നത് തടയണം. കൂടാതെ, ഇലക്ട്രിക്കൽ കണക്ഷനുകൾ സുരക്ഷിതമായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നും അവ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളിൽനിന്ന് അകലെയാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. ശക്തമായ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള ലോഹ ഷീറ്റുകളും മറ്റ് താത്കാലിക നിർമിതികളും സുരക്ഷിതമായി കെട്ടിവെക്കാൻ അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്കുള്ള പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ഹായ് അൽ മുസ്ൻ നിവാസികൾക്ക് 80025327 എന്ന നമ്പറിലും അൽ ഫലാഹ് 54-ലുള്ളവർക്ക് 0581341098, 0551102012 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. അൽ സാംഹ മേഖലയിലുള്ളവർക്ക് 0504061695 എന്ന നമ്പറിലും അൽ സാദ് നിവാസികൾക്ക് 0561995681 എന്ന നമ്പറിലും സഹായം ലഭ്യമാണ്. അൽ വത്ബ നിവാസികൾക്കായി 0551002012, 0526092651 എന്നീ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊതുവായ അടിയന്തര സേവനങ്ങൾക്കായി അബുദാബി സർക്കാരിന്റെ 800555 എന്ന ഏകീകൃത ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാമെന്ന് ഹൗസിങ് അതോറിറ്റി അറിയിച്ചു.
ഷാർജയിൽ കനത്ത മഴ; ജാഗ്രത പാലിക്കാൻ നിർദേശം
ഷാർജ : എമിറേറ്റിലെ ഷീസ്, വാദി അൽ ഹെലോ എന്നിവിടങ്ങളിലും ഫുജൈറയിലെ ദിബ്ബ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലും ബുധനാഴ്ച കനത്ത മഴ ലഭിച്ചു.
അസ്ഥിര കാലാവസ്ഥ തുടർന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുക്കണമെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്വരകൾ ഉൾപ്പടെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു വിട്ടുനിൽക്കണം.
വാഹനങ്ങളുമായി ഇവിടേക്ക് പോകുന്നത് അപകടകരമാണ്. ഈ ആഴ്ചയിലുടനീളം മഴ തുടർന്നേക്കാം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇ.യുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയും ആലിപ്പഴ വർഷവും രേഖപ്പെടുത്തിയിരുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനവുമുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും കർശന നിർദേശമുണ്ട്.
Published: 29 Oct 2026, 04:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented