ഈ വർഷം ആഗോളതലത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സൂചികകളിലൊന്നായി നിഫ്റ്റി. 13.1 ശതമാനം ഇടിവാണ് സൂചികയിലുണ്ടായത്. നിർമിതബുദ്ധി മേഖലയിലെ മുന്നേറ്റവും വിദേശ നിക്ഷേപപ്രവാഹവും കാരണം പ്രമുഖ ആഗോള വിപണികൾ ശക്തമായ കുതിച്ചുചാട്ടം നടത്തിയപ്പോഴാണ് പ്രധാന ഓഹരി സൂചിക തിരിച്ചടി നേരിട്ടത്.

To advertise here,

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വൻതോതിലുള്ള വിറ്റഴിക്കലും (ഒക്ടോബർ 23 വരെ 3.1 ലക്ഷം കോടി രൂപ) യു.എസ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് (5.58 ശതമാനം)രാജ്യത്തെ സൂചികളിലെ ഇടിവിന്‌ പ്രധാന കാരണം.

വിദേശനിക്ഷേപം കിഴക്കേ ഏഷ്യൻ, യു.എസ്. വിപണികളിലേക്കാണ് പോയതെന്ന് കാണാം. എ.ഐ. മേഖലയിലെ മുന്നേറ്റവും ഉയർന്ന യു.എസ്. ട്രഷറി ആദായവും ഡോളർ നിക്ഷേപം കൂടുതൽ ആകർഷകമായതുമാണ് കാരണം.

വിപണി / സൂചിക

ഈ വർഷത്തെ മാറ്റം

(YTD Change in %)

തായ്‌വാൻ

(TWSE)

+59%

ദക്ഷിണ കൊറിയ

(Kospi)

+29.8%

ബ്രസീൽ

(Ibovespa)

+27.3%

ജപ്പാൻ

(Nikkei)

+23.5%

യു.എസ്.എ

(S&P 500)

+11.4%

ഇന്ത്യ

(Nifty50)

-13.1%

ഇന്തോനേഷ്യ

(JCI)

-38%

38 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഇന്തോനേഷ്യയുടെ ജെ.സി.ഐ. (JCI) മാത്രമാണ് നിഫ്റ്റി 50-നേക്കാൾ മോശം പ്രകടനം കാഴ്ചവെച്ചത്. തായ്‌വാനും ദക്ഷിണകൊറിയയും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ ശക്തമായ കുതിപ്പ് നടത്തിയപ്പോൾ ഇന്ത്യൻ വിപണി വൻ ഇടിവ് നേരിട്ടു. ബ്രിട്ടന്റെ FTSE, ജർമനിയുടെ DAX, യൂറോ സ്റ്റോക്‌സ് (Euro Stoxx) തുടങ്ങിയ പ്രധാന യൂറോപ്യൻ സൂചികകളും നേട്ടമുണ്ടാക്കിയപ്പോൾ, അവയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യൻ വിപണിയുടെ തിരിച്ചടി വേറിട്ടുനിൽക്കുന്നു. വിപണിയിലുണ്ടായ ഈ തകർച്ച ഓഹരികളുടെ വില-ഓഹരി വരുമാന അനുപാതത്തെയും (P/E Ratio) വാല്യുവേഷനെയും കാര്യമായി ബാധിച്ചു.

2025 ഡിസംബർ 31-ന് 24.45 ആയിരുന്ന നിഫ്റ്റിയുടെ പി.ഇ. അനുപാതം 2026 ഒക്ടോബർ 26 ആയപ്പോഴേക്കും 20.4 ആയി. ഈ തിരുത്തൽ ഇന്ത്യയുടെ ഉയർന്ന വാല്യുവേഷൻ പ്രീമിയം കുറച്ചുവെങ്കിലും കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ പി.ഇ. അനുപാതം (20.4), ജപ്പാന്റെ നിക്കേയിയേക്കാൾ (19.9) ഉയർന്നതാണ്. തായ്‌വാൻ, യു.എസ്. വിപണികൾ മാത്രമാണ് നിലവിൽ ഇന്ത്യയേക്കാൾ ഉയർന്ന വാല്യുവേഷനിൽ തുടരുന്നത്.

കുറഞ്ഞ പി.ഇ. അനുപാതം വിപണിയെ ആകർഷകമാക്കണമെന്നില്ല. നിക്ഷേപകർ കമ്പനികളുടെ ഭാവി ലാഭ വളർച്ചാസാധ്യതകളും മറ്റ് വിപണികളിൽ ലഭിക്കുന്ന ആദായവും ഒരുപോലെ വിലയിരുത്തിയാണ് തീരുമാനമെടുക്കുക. വാല്യുവേഷൻ നിരക്കുകളിലെ ഈ തിരുത്തലിനൊപ്പം മാക്രോ ഇക്കണോമിക് തലത്തിൽ രൂപ നേരിടുന്ന സമ്മർദവും വിപണിയെ ബാധിക്കുന്നുണ്ട്.

ഉയർന്ന മൂല്യവും വിദേശനിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ സൂചികകൾക്ക് തിരിച്ചടിയായി. വാല്യുവേഷനിലുണ്ടായ തിരുത്തലുകളും കമ്പനികളുടെ വരുമാനത്തിലുണ്ടാകുന്ന മുന്നേറ്റവും വരുംനാളുകളിൽ വിപണിക്ക് നേട്ടമായേക്കാം.