റാസൽഖൈമ: പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അയൽവാസികളായ അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന കേസിൽ 56-കാരനായ യെമൻ സ്വദേശിക്ക് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മനഃപൂർവമായ കൊലപാതകം, വധശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ കോടതിയിൽ തെളിയിക്കപ്പെട്ടു.

To advertise here,

2025 മെയ് അഞ്ചിന് അർധരാത്രിയായിരുന്നു സംഭവം നടന്നത്. പ്രതിയുടെ വീടിന് മുന്നിലെ വഴിയിൽ തടസ്സമായി കാർ പാർക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്നുണ്ടായ കലഹത്തിൽ 66 വയസ്സുള്ള മാതാവിനെയും 36, 38 വയസ്സുള്ള രണ്ട് പെൺമക്കളെയും പ്രതി കൊലപ്പെടുത്തുകയായിരുന്നു.

വാഹനമുപയോഗിച്ച് ഒരാളെ ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ഓരോരുത്തരെയായി വെടിവെക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 11 വയസ്സുള്ള തന്റെ മകനെ രക്ഷിക്കുന്നതിനിടെയാണ് 38-കാരിയായ യുവതിക്ക് വെടിയേറ്റത്. ആക്രമണത്തിൽ 47 വയസ്സുള്ള മറ്റൊരു മകൾക്ക് പരിക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവത്തിൽ പ്രതിയുടെ മകനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വധശ്രമത്തിനും ഭീഷണിപ്പെടുത്തിയതിനും ആറുമാസവും മൂന്നുമാസവും തടവും 10,000 ദിർഹം പിഴയുമാണ് ഇയാൾക്ക് ലഭിച്ചത്.

നീതി നടപ്പായതിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു. കുടുംബത്തെ നഷ്ടപ്പെട്ടതിന്റെ വേദനയുണ്ടെങ്കിലും വിധിയിൽ സന്തോഷമുണ്ടെന്നും യുഎഇയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കുടുംബാംഗമായ മഹർ വഫായി പ്രതികരിച്ചു.

കോടതി വിധിയിൽ അപ്പീൽ നൽകാൻ പ്രതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യുഎഇ നിയമമനുസരിച്ച് വധശിക്ഷ നടപ്പിലാക്കുന്നതിന് അപ്പീൽ കോടതിയുടെയും കാസേഷൻ കോടതിയുടെയും സ്ഥിരീകരണം അനിവാര്യമാണ്.