റായ്പുർ: സ്ഖലനം സംഭവിച്ചതുകൊണ്ട് മാത്രം ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഈ വ്യവസ്ഥ അടിസ്ഥാനമാക്കി രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കേസിൽ പ്രതിയുടെ ശിക്ഷ കോടതി കുറച്ചു. ലിംഗപ്രവേശമില്ലാതെ സ്ഖലനം സംഭവിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി വിധിച്ചു. 2005-ലെ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ഫെബ്രുവരി 16-ന് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസ് വിധി പുറപ്പെടുവിച്ചത്. ഈ വിധിയിൽ പ്രതിയെ ബലാൽസംഗക്കുറ്റത്തിന് ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു.

To advertise here,

പ്രോസിക്യൂഷന്റെ വാദം അനുസരിച്ച്, 2004 മേയ് 21-ന് അതിജീവിത വീട്ടിൽ തനിച്ചായിരുന്നപ്പോൾ പ്രതിയെത്തി അവളെ ബലമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്തു. അവളുടെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകി വായ മൂടുകയും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പ്രതി തന്റെ സ്വകാര്യഭാഗം യോനിക്ക് മുകളിൽ വെച്ചെന്നും എന്നാൽ അതിനപ്പുറമൊന്നും നടന്നിട്ടില്ലെന്ന് വിസ്താരത്തിനിടയിൽ അതിജീവിത പറഞ്ഞു. മറ്റൊരു ഘട്ടത്തിൽ ബലാൽസംഗം തന്നെ നടന്നതായി അതിജീവിത മാറ്റിപ്പറഞ്ഞു. ഈ വൈരുധ്യം സംശയം ജനിപ്പിക്കുന്നതായി കോടതി പറഞ്ഞു.

വൈദ്യപരിശോധനാ തെളിവുകളും കോടതി പരിശോധിച്ചു. ബലാൽസംഗം നടന്നതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ കഴിയില്ലെന്നും ഭാഗികമായി നടന്നിരിക്കാനേ സാധ്യതയുള്ളൂവെന്നും ഡോക്ടർ വിസ്താരത്തിൽ ആവർത്തിച്ചു. 'ബലാൽസംഗം ചെയ്യാൻ ശ്രമം നടന്നിട്ടുണ്ടെന്ന് തെളിയിക്കാൻ ഈ തെളിവ് മതിയാകും, എന്നാൽ ബലാൽസംഗം നടന്നതായി തെളിയിക്കാൻ സാധ്യമല്ല,' കോടതി പറഞ്ഞു. അതോടൊപ്പം, ലൈംഗിക അതിക്രമങ്ങൾ പലപ്പോഴും ബലാൽസംഗ ശ്രമങ്ങളായി തെറ്റിധരിക്കപ്പെടാറുണ്ടെന്ന് കോടതി പറഞ്ഞു.

ബലാൽസംഗം ഒഴികെയുള്ള മറ്റ് കുറ്റങ്ങൾ നിലനിൽക്കുന്നതായും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ശിക്ഷ മൂന്നര വർഷമാക്കി കുറച്ചു. 2004 ജൂൺ 3 മുതൽ 2005 ഏപ്രിൽ 6 വരെയും 2005 ജൂലായ് 6-ന് ജാമ്യം ലഭിച്ച ശേഷം മൂന്നുമാസവും ജയിലിൽ കഴിഞ്ഞിരുന്നതായി കോടതി രേഖപ്പെടുത്തി. ബാക്കിയുള്ള കാലയളവ് പൂർത്തിയാക്കാൻ രണ്ട് മാസത്തിനുള്ളിൽ കീഴടങ്ങാൻ പ്രതിക്ക് നിർദ്ദേശം നൽകി.