ബെംഗളുൂരു : സൗഹൃദവും സ്നേഹവും സമൂഹത്തിന് ജീവൻനൽകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒൻപതാമത് സമൂഹ വിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടവരുടെ പുഞ്ചിരി തിരികെയെത്തിക്കുകയാണ് ജീവിത ദൗത്യമെന്ന് പറഞ്ഞ മദർ തെരേസയുടെ ആശയങ്ങളുടെ കർമരൂപമാണ് എ.ഐ. കെ.എം.സി.സി. പ്രവർത്തകർ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ടി.സി.എച്ച്. പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. കേരള വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
53 ജോഡികളുടെ വിവാഹമാണ് ഒരേ വേദിയിൽ നടത്തിയത്. ഇതര സമുദായത്തിൽപ്പെട്ട മൂന്ന് ജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസം ആചാരപ്രകാരം നടന്നു. ആതുര, ജീവകാരുണ്യ,വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്കായി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ഏർപ്പെടുത്തിയ പ്രഥമ മാനവതാവാദ പുരസ്കാരം ബാംഗ്ലൂർ മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന് നൽകി.
ദുരന്തനിവാരണ പരിശീലനം പൂർത്തിയാക്കിയ 50 അംഗ ഡി.വി.എഫ്. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും നടന്നു.
എ.ഐ.കെ.എം.സി.സി. അംഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം വിതരണംചെയ്തു. അഞ്ചുലക്ഷം രൂപ വീതമാണ് നൽകിയത്.
മുൻ എം.എൽ.സി. ബി.എം.ഫാറുഖ്, കണ്ണൂർ എയർപോർട്ട് ഡയറക്ടർ ഡോ. എം.പി. ഹസൻ കുഞ്ഞി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ് , മുജീബ് ഷംസുദീൻ, മലബാർ ഗോൾഡ് ഡയറക്ടർ പി.എ. അബ്ദുല്ല ഇബ്രാഹിം, പി.ടി.എച്ച്. കേരള വൈസ് ചെയർമാൻ ബ്ലാത്തൂർ അബൂബക്കർ ഹാജി, ബദറുസമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള, മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ, പാസൻസ് ഗ്രൂപ്പ് ചെയർമാൻ നാസർ പോക്കറാട്ടിൽ, നിസാർ പാദൂർ, മഹറൂഫ് മട്ടന്നൂർ എന്നിവരെ ആദരിച്ചു.
കർണാടക മന്ത്രി റിസ്‌വാൻ അർഷാദ്, എൻ.എ. ഹാരിസ് എം.എൽ.എ., പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന സെക്രട്ടറി വി.എം. ഉമ്മർ, നസീർ അഹമ്മദ്, ഡോ. വികാസ്, ഡോ. ഖലീൽ, എം.കെ. നൗഷാദ് സ്വാഗതവും ടി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Published: 08 Sept 2026, 12:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented