മേള നാളെ സമാപിക്കും
ഷാർജ : വായനതേടിയെത്തിയവരുടെ തിരക്കിലമർന്ന് 45 - മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. മേളയുടെ അവസാന വെള്ളിയാഴ്ച അഭൂതമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാല് മണിമുതൽ യു.എ.ഇ.യിലെ സ്കൂൾ വിദ്യാർഥികളും അധ്യാപകരും എക്സ്പോ സെന്ററിലേക്കൊഴുകിയെത്തി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഭൂരിഭാഗവും ഏഴാം നമ്പർ ഹാളായ ഇന്ത്യൻ പവിലിയനിലായിരുന്നു. ഇന്ത്യൻ പവിലിയനോടനുബന്ധിച്ച് സ്ഥാപിച്ച ശിൽപശാലകൾക്കുള്ള ഇടങ്ങളിലും വിദ്യാർഥികൾ തിങ്ങിനിറഞ്ഞു.
പ്രവാസി എഴുത്തുകാരുടെ ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനങ്ങളും വെള്ളിയാഴ്ചയുണ്ടായി. മേളയിലേക്ക് വലിയതോതിൽ മലയാളികളും ഒഴുകിയെത്തി. വായന മാത്രമല്ല സെമിനാറുകൾ, പുസ്തക ചർച്ചകൾ, എഴുത്തുകാരുമായുള്ള മുഖാമുഖം, കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, പാചക പ്രദർശനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളിലും തിരക്കനുഭവപ്പെട്ടു. ഏഴാം നമ്പർ ഹാളിൽ പ്രവർത്തിക്കുന്ന മാതൃഭൂമി ബുക്സ് സ്റ്റാളിലും കൂടുതൽപ്പേരെത്തി. പതിവുപോലെ എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, എം. മുകുന്ദൻ, സക്കറിയ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവരുടെ പുസ്തകങ്ങൾ തേടിയെത്തുന്നവർതന്നെയാണ് കൂടുതലും.
മേളയിലെത്തുന്ന മലയാളത്തിൽ നിന്നുള്ള പ്രധാന എഴുത്തുകാർ മാതൃഭൂമി ബുക്ക്സ് സ്റ്റാളും സന്ദർശിക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, പി.കെ. ഗോപി, നാലപ്പാടം പദ്മനാഭൻ, ബി.കെ. ഹരിനാരായണൻ, ആർ.രാജശ്രീ, ടി.ഡി രാമകൃഷ്ണൻ തുടങ്ങി വിവിധ പ്രസാധകർ കൊണ്ടുവന്നവരും അല്ലാത്തതുമായി ഒട്ടേറെ സാഹിത്യകാരൻമാർ നാട്ടിൽനിന്ന് മേളയിലെത്തിയിട്ടുണ്ട്. പുസ്തകങ്ങൾ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകർ പറഞ്ഞു. മലയാളത്തിൽനിന്ന് വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, എം.മുകുന്ദൻ, കാക്കനാടൻ, സിവി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ രചനകൾക്ക് ഈവർഷവും പതിവുപോലെ കൂടുതൽ വായനക്കാരുണ്ട്.
കവിതകളിൽ വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ്, അക്കിത്തം, സച്ചിദാനന്ദൻ, വീരാൻകുട്ടി, റഫീഖ് അഹമ്മദ്, കൽപ്പറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർക്കെല്ലാം വായനക്കാരുണ്ട്. യാത്രാവിവരണങ്ങളും നോവലുകളും നിരൂപണങ്ങളും നന്നായി വിറ്റുപോകുന്നുണ്ടെന്നും മലയാളി പ്രസാധകർ അറിയിച്ചു. ഇന്ത്യൻ പവിലിയനിലുള്ള റൈറ്റേഴ്സ് ഫോറത്തിൽ ദിവസവും 50 - ഓളം പ്രകാശനങ്ങളാണ് നടക്കുന്നത്.
Published: 14 Nov 2026, 02:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented