ശാസ്താംകോട്ട : ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവയിൽ പൊതുശ്മശാനം നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം കനക്കുന്നു. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്താണ് വാതകശ്മശാനം നിർമിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. വസ്തു കുറവുള്ള പല കുടുംബങ്ങളും മൃതദേഹം സംസ്കരിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. അതിനായി സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. തുടർന്ന് പഞ്ചായത്തിലെ വിവധ മേഖലകളിൽ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം നടത്തി. ആദ്യം പള്ളിശ്ശേരിക്കലിൽ സ്ഥലം കണ്ടെങ്കിലും തുടക്കത്തിലേ പ്രതിഷേധമുയർന്നതോടെ വേണ്ടെന്നു വെച്ചു.
തുടർന്ന് കരിന്തോട്ടുവ ഏഴാംവാർഡിൽ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സർവേ 376-4, 5, 6-ൽ ഉൾപ്പെടുന്ന 40 സെന്റ് സ്ഥലം പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. വിലക്കുറവും സൗകര്യപ്രദവുമായതിനാൽ വാങ്ങുന്നതിനും തീരുമാനിച്ചു. ജനവാസമേഖലയിൽനിന്ന് ഒഴിഞ്ഞാണ് ഭൂമി എന്നായിരുന്നു പഞ്ചായത്ത് നിലപാട്.
കൂടാതെ വാതകമുപയോഗിച്ചുള്ള യൂണിറ്റായതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടും മറ്റ് പരിസ്ഥിതിപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന നിഗമനത്തിലായിരുന്നു അധികൃതർ.
പ്രതിഷേധക്കാർ പറയുന്നത്
കരിന്തോട്ടുവയിൽ പൊതുശ്മശാനം വരുന്നെന്ന വിവരം അറിഞ്ഞതോടെ നാട്ടിലും പ്രതിഷേധസ്വരമുയർന്നു. ജനവാസമേഖലയും ആരാധനാലയങ്ങളും അങ്കണവാടിയും ഉള്ളതിനാൽ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തി. നാട്ടുകാർ ശ്മശാനത്തിനെതിരേ സംഘടിച്ച് ആദ്യം ഒപ്പുശേഖരണം നടത്തി.
ഒട്ടേറെപ്പേർ ഒപ്പിട്ട നിവേദനം ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിക്ക് 11-ാംതീയതി നൽകി. കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകി. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന് ചുറ്റുപാടും വീടുകളുണ്ടെന്നാണ് അവർ പറയുന്നത്. തീർത്തും ജനസാന്ദ്രത കൂടുതലുള്ള മേഖലയാണ്. കൂടാതെ സമീപത്ത് അങ്കണവാടിയുണ്ട്. കാട്ടുവിള, പുത്തൻവീട്ടിൽ, നെടുമൺകാവ്, തലാപ്പിൽ എന്നീ ക്ഷേത്രങ്ങളും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് സമീപമാണെന്നാണ് പരാതിക്കാർ പറയുന്നത്. പ്രദേശത്തിന്റെ സാമൂഹികവും മതപരവുമായ പ്രത്യേകതകളും ജനസാന്ദ്രതയും കണക്കിലെടുത്ത് ഏതെങ്കിലും ഒഴിഞ്ഞ കോണിൽ ശ്മശാനം സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Published: 14 Nov 2026, 02:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented