അബുദാബി : ഭക്ഷണത്തിന്റെ ഉത്പാദനം മുതൽ അവ ഉപഭോക്താക്കളിലേക്കെത്തുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ സമഗ്ര നിരീക്ഷണം ശക്തമാക്കി യു.എ.ഇ.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതും ഉൾപ്പടെ രാജ്യത്തെ വിപണികളിലുടനീളമുള്ള എല്ലാ ഭക്ഷ്യയുത്പന്നങ്ങളും അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും യു.എ.ഇ. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
വിവിധ വിപണികളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും വിൽക്കുന്ന ഉത്പന്നങ്ങൾ കർശന നിരീക്ഷണങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കുന്നുണ്ട്.
ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക, ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുക, ഭക്ഷണവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ കുറയ്ക്കുക, ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഭക്ഷ്യവിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളും ഉൾകൊള്ളുന്നതിനാണ് വിപുലമായ നിരീക്ഷണ സംവിധാനം നിലവിലുണ്ട്. ഉത്പന്നങ്ങൾ അംഗീകൃത നിബന്ധനകളും ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്ന് ഇതിലൂടെ വ്യക്തമായി അറിയാൻ സാധിക്കും.
രാജ്യത്തെ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത് തടയാനും സമഗ്ര പരിശോധനാ സംവിധാനങ്ങൾ സഹായിക്കും.
ഭക്ഷ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുണ്ടെന്നും ഉറപ്പാക്കുന്നു. സംശായാസ്പദമായ ഉത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും അവ ഉപയോഗിക്കാൻ സുരക്ഷിതമാണോയെന്ന ഉറപ്പാക്കാൻ വിശദമായി പരിശോധിക്കുന്നുമുണ്ട്.
ഉത്പന്നങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് ഇത്തരം പരിശോധനകൾ നിർണായകമാണ്. ഭക്ഷ്യ വിതരണ ശൃംഖലയുടെ വിശ്വാസ്യത ശക്തമാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ മികച്ച സംഭാവനകൾ നൽകുന്നുണ്ട്. പൊതുജനാരോഗ്യത്തിന് പ്രതികൂലമാകുന്ന ഭക്ഷ്യയുത്പന്നങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അൽ ദഫ്രയിൽ റിപ്പോർട്ട് ചെയ്തത് 84 കേസുകൾ
അബുദാബി : ഭക്ഷ്യസുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ വെറ്ററിനറി പരിശോധനകളിൽ കഴിഞ്ഞ മാസം 84 കേസുകൾ കൈകാര്യം ചെയ്തതായി അൽ ദഫ്ര മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
മാംസങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും അവ നിശ്ചിത ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അറവുശാലകളിൽ കർശന വെറ്ററിനറി പരിശോധനകൾ നടത്തുന്നുണ്ട്. കന്നുകാലി വിപണികളിലെത്തുന്ന മൃഗങ്ങളെയും പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത മാസം വിതരണ ശൃംഖലയിലേക്ക് കടക്കുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ശക്തമായ ഇടപെടലുകളാണ് മുനിസിപ്പാലിറ്റി നടത്തുന്നത്.
അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ വെറ്ററിനറി പരിശോധനകൾ തുടരുന്നുണ്ട്. വിപണികളിലെത്തുന്ന മൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാനാണിത്. അൽ ദഫ്ര മേഖലയിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
Published: 16 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented