ഒന്നരപ്പതിറ്റാണ്ടിലേറെയായി ഗണേശ ഉത്സവത്തിന് നേതൃത്വംനൽകുന്നത് ഇസ്‌ലാം മതവിശ്വാസി
മൈസൂരു: 'നനഗെ മാനവീയതെയേ ദൊഡ്ഡ ധർമ' (എനിക്ക് മനുഷ്യത്വമാണ് എറ്റവുംവലിയ മതം) ജുബേദയുടെ ആപ്ത വാക്യമാണിത്. നാടിന്റെ ഗണേശോത്സവത്തിലും ദീപാവലി ആഘോഷത്തിലും മുൻനിരയിലുണ്ടാകുന്ന ജുബേദ നൽകുന്നതാകട്ടെ മതസൗഹാർദത്തിന്റെ സന്ദേശവും. ഒന്നരപ്പതിറ്റാണ്ടിലേറെയായി എൻ.ആർ. പുരയിലെ ഗണേശ ഉത്സവത്തിന് നേതൃത്വംനൽകുന്നത് ഇസ്‌ലാംമത വിശ്വാസിയായ ജുബേദയാണ്.
ചിക്കമഗളൂരു ജില്ലയിലെ എൻ.ആർ. പുരയിലെ നരസിംഹരാജപുരയിലാണ് മതവും മനുഷ്യസ്‌നേഹവും ഒന്നാണെന്ന സന്ദേശമോതുന്ന മതസൗഹാർദത്തിന്റെ മഹത്തായ മാതൃക. രാജീവ് നഗര വിനായക സേവാ സമിതിയുടെ പ്രസിഡന്റാണ് എൻ.ആർ. പുര ടൗൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ജുബേദ. സമിതി പ്രസിഡന്റ് എന്ന നിലയിൽ ഉത്സവകാലത്തെ ഗണപതി ഹോമം, പൂജ, മറ്റ് ആചാരങ്ങൾ എന്നിവയ്ക്ക് മേൽനോട്ടംവഹിക്കുന്നതും പ്രാദേശിക കോൺഗ്രസ് നേതാവ് കൂടിയായ ഇവരാണ്.
ഗ്രാമത്തിലെ കാർത്തിക ദീപോത്സവ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ്. വിനായകചതുർഥി നാളുകളിൽ ഗണേശ പന്തലിന്റെ പരിസര ശുചീകരണത്തിനും അലങ്കാര പ്രവൃത്തിക്കുമുള്ള മേൽനോട്ടവും പൂർണമായും വഹിക്കും. ഇതിനുപുറമെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതുവരെ എല്ലാ ആചാരങ്ങളും പൂജകളും കൃത്യമായി നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. അടുത്ത ഗ്രാമങ്ങളിലെ മറ്റ് ഗണേശ പന്തലുകളും സന്ദർശിക്കാറുണ്ട്. ആവശ്യമുള്ളിടത്തെല്ലാം സഹായം നൽകും. ഉത്സവനാളുകളിൽ പതിവായി ഹിന്ദു സുഹൃത്തുകളുടെ വീടുകൾ മുടങ്ങാതെ സന്ദർശിച്ച് പ്രസാദം സ്വീകരിക്കാറുണ്ടെന്നും അവർ പറയുന്നു. എല്ലാവർഷവും ദീപാവലി സമയത്ത്, സ്വന്തംവീട് വിളക്കുകൾകൊണ്ട് അലങ്കരിക്കും.
'എന്റെ സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാൻ ഏറ്റവും വിലമതിക്കുന്നത് മതെത്തക്കാൾ മനുഷ്യത്വമാണ്.
നമ്മൾ ഹിന്ദു ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ, മുസ്‌ലിം ഉത്സവങ്ങളിൽ അവർ നമ്മോടൊപ്പം ചേരുന്നു. എല്ലാ മതങ്ങളിലുമുള്ള ആളുകൾ ഇവിടെ തികഞ്ഞ ഐക്യത്തോടെയാണ് ജീവിക്കുന്നത്. ഞാൻ എന്നെ ആദ്യം ഇന്ത്യക്കാരനാണെന്നു കരുതുന്നു. മതവും ജാതിയും പിന്നീടാണ് വരുന്നത്'..... ജുബേദ പറയുന്നു. ഉത്സവങ്ങളിൽ നിർധന ഹിന്ദു സ്ത്രീകൾക്ക് സാമ്പത്തികസഹായവും നൽകാറുണ്ട്. പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകളെ സ്വയംതൊഴിൽ ചെയ്യാൻ സഹായിക്കുന്നതിനായി ഒരു തയ്യൽ പരിശീലനകേന്ദ്രവും ഇവർ നടത്തുന്നുണ്ട്.
Published: 16 Sept 2026, 12:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented