ഷാർജ : സർ ബു നൈർ ഉത്സവത്തിന്റെ പുതിയ പതിപ്പ് ഷാർജ ഉപഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ ഹീറ ബീച്ചിൽ പരിസ്ഥിതി-സംരക്ഷിത മേഖലാ അതോറിറ്റിയാണ് പ്രശസ്തമായ സമുദ്ര - പരിസ്ഥിതി പൈതൃക ഉത്സവം സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക, സമുദ്ര സംരക്ഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

To advertise here,

സർ ബു നൈർ ദ്വീപിന്റെ പാരിസ്ഥിതിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും സമ്പന്നമായ ജൈവവൈവിധ്യം പ്രദർശിപ്പിക്കുന്നതിലുമാണ് ഉത്സവം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വീപിന്റെ ചരിത്രം, പ്രകൃതി സൗന്ദര്യം, വന്യജീവികൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രദർശിപ്പിച്ചു. പരമ്പരാഗത നാടോടി കലാസംഘങ്ങളുടെ പ്രകടനങ്ങളും ശ്രദ്ധേയമായി.

ഉത്സവത്തിലെ വിവിധ പ്രദർശനങ്ങളും സംവേദനാത്മക പ്രവർത്തനങ്ങളും അദ്ദേഹം വീക്ഷിച്ചു. സമുദ്ര ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനായി പവിഴപുറ്റുകളെയും അവ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനം, വിനോദം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ വാർഷിക ഉത്സവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.