വിജയികളെ ആദരിച്ച് ശൈഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി
ഷാർജ : അക്ഷരലോകത്തെ ആഗോള മാമാങ്കമായ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിവിധ പുരസ്കാരങ്ങൾ വിതരണംചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. 'മേഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹമ്മദ് ബിൻ റക്കാദ് അൽ ആമേരി, പ്രമുഖ എഴുത്തുകാർ, പ്രസാധകർ, സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഇത്തവണ പുരസ്കാര വിഭാഗങ്ങളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ വൻവർധയാണ് രേഖപ്പെടുത്തിയത്. ഇമിറാത്തി, അറബിക്, അന്താരാഷ്ട്ര വിഭാഗങ്ങളിലായി ആകെ 3,018 എൻട്രികളാണ് ലഭിച്ചത്. മികച്ച ഇമിറാത്തി ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരത്തിനായുള്ള അപേക്ഷകൾ കഴിഞ്ഞവർഷത്തെ 184-ൽനിന്ന് 380 ആയി ഉയർന്നപ്പോൾ, മികച്ച അറബിക് നോവലിനുള്ള എൻട്രികൾ 1,593 ആയി വർധിച്ചു. അന്താരാഷ്ട്ര വിഭാഗത്തിലെ അപേക്ഷകൾ മുൻവർഷത്തെ 454-ൽ നിന്ന് 1,045 ആയാണ് ഉയർന്നത്. സാംസ്കാരിക മേഖലയ്ക്കും വിജ്ഞാന പകരുന്നതിലും വിലയേറിയ സംഭാവന നൽകുന്ന എഴുത്തുകാരെയും പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇ.സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് ഈ അവാർഡുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് എസ്.ബി.എ. ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.
നാലു വിഭാഗങ്ങളിലായി നൽകിയ മികച്ച ഇമിറാത്തി ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ നോവൽ വിഭാഗത്തിൽ മറിയം അൽ സറൂണി , അക്കാദമിക് വിഭാഗത്തിൽ സുറൂർ ഖലീഫ അൽ കഅബി, കവിതാ വിഭാഗത്തിൽ ഡോ. ശിഹാബ് ഗാനിം, കന്നി നോവൽ വിഭാഗത്തിൽ സ്വാലിഹ് അൽ ബഹർ എന്നിവർ അർഹരായി. മികച്ച അറബിക് നോവലിനുള്ള 2026-ലെ ഷാർജ പുരസ്കാരം 'അൽ ഷിതാ അൽ കബീർ' എന്ന കൃതിയിലൂടെ അന്റോയിൻ ദുവൈഹി സ്വന്തമാക്കി.
അന്താരാഷ്ട്ര വിഭാഗത്തിൽ മാർസിയ ഹച്ചിൻസൺ, നിർമല ലക്ഷ്മൺ എന്നിവർ പുരസ്കാരങ്ങൾ നേടി. മികച്ച പ്രാദേശിക പ്രസാധകശാലയായി അൽ ഖാസിമി പബ്ലിക്കേഷൻസും, മികച്ച അറബ് പ്രസാധകരായി ലെബനനിലെ അറബ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് പബ്ലിഷിങ്ങും, മികച്ച അന്താരാഷ്ട്ര പ്രസാധകരായി പോളണ്ടിലെ സോണിയ ഡ്രാഗ പബ്ലിഷിങ് ഹൗസും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഇത്തിസലാത്ത്, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി, ബാങ്ക് ഓഫ് ഷാർജ തുടങ്ങിയ പ്രധാന സ്പോൺസർമാരെയും, ഷാർജ പബ്ലിഷിങ് സസ്റ്റൈനബിലിറ്റി ഫണ്ടിന്റെ 'ലോഞ്ച് ട്രാക്ക് 2026' പദ്ധതി പൂർത്തിയാക്കിയ 16 പുതിയ പ്രസാധക സംരംഭങ്ങളെയും ചടങ്ങിൽ ശൈഖ ബദൂർ ആദരിച്ചു.
Published: 06 Nov 2026, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented