പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നും പഴയ പ്രീമിയം പുനഃസ്ഥാപിക്കണമെന്നും ആവശ്യം

To advertise here,

മുംബൈ : പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പാക്കിയ ‘നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിയുടെ പ്രീമിയത്തിൽ വൻ വർധനവരുത്തിയ സർക്കാർ നടപടിക്കെതിരേ മുംബൈയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 14-ന് പ്രതിഷേധ ധർണ നടത്തും.

കേരള ഹൗസിലെ നോർക്ക ഓഫീസിനുമുൻപിൽ രാവിലെ പതിനൊന്നിന് ധർണ നടത്താനാണ് തീരുമാനം.

കേരളീയ കേന്ദ്രസംഘടനയുടെ ആഭിമുഖ്യത്തിൽ നെരൂളിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ കെ.കെ.എസിൽ അഫിലിയേറ്റ് ചെയ്ത മലയാളിസമാജം പ്രവർത്തകരും മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും സാമൂഹികപ്രവർത്തകരും പങ്കെടുത്തു.കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മാത്യു തോമസ് സ്വാഗതം പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ ഒട്ടേറെ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് പ്രീമിയം വർധനയിലുള്ള പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.

യോഗത്തിൽ പ്രദീപ് കുമാർ, എം.ജി. അരുൺ, പവിത്രൻ കണ്ണോത്ത്, വി.കെ.എൻ. നായർ, എൻ.കെ. ഭൂപേഷ് ബാബു, അനിൽ പ്രകാശ്, ആർ.ഡി. ഹരികുമാർ, രാജശ്രീ നായർ, ഗിരീഷ് കുമാർ, ഫ്രാൻസിസ്, സുരേന്ദ്ര ബാബു, കുഞ്ഞികൃഷ്ണൻ, ജയശ്രീ രാജേഷ്, ഹരി നമ്പ്യാത്ത്, ടി. സുരേഷ്, രാജ, സേവ്യർ സൂരി, സി.എൻ. ബാലകൃഷ്ണൻ, ലളിതാ ശ്രീഭദ്രൻ, ഗിരിജാ ഉദയൻ, ഇന്ദിര, കെ.ജി. രാജൻ, മിനി അനിൽ പ്രകാശ്, ടി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നും പഴയ പ്രീമിയം പുനഃസ്ഥാപിക്കണമെന്നും വർധിച്ച ബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സർക്കാർ സാമ്പത്തിക പിന്തുണ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്‌സ് അധികൃതർക്കും കേരളത്തിൽനിന്നുള്ള എം.പി.മാർക്കും എം.എൽ.എ.മാർക്കും സമർപ്പിക്കാനുള്ള പ്രതിഷേധ പ്രമേയം കേരളീയ കേന്ദ്ര സംഘടനയുടെ വൈസ് പ്രസിഡന്റ് സുരേന്ദ്ര ബാബു അവതരിപ്പിച്ചു. പ്രവാസികളുടെ ആശങ്കകളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി.