ബെംഗളൂരു : കർണാടകത്തിൽ ബസ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിൽ ഭിക്ഷയെടുത്ത് ബി.ജെ.പി.യുടെ സമരം. മജെസ്റ്റിക് ബസ് സ്റ്റാൻഡിലായിരുന്നു ഭിക്ഷാസമരം അരങ്ങേറിയത്. പ്രതിപക്ഷനേതാവ് ആർ. അശോകയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രി ശിവകുമാറിന്റെയും ഗതാഗതമന്ത്രി ബൈരതി സുരേഷിന്റെയും മുഖംമൂടി ധരിച്ച് പാത്രവുമായി ഭിക്ഷയാചിക്കുകയായിരുന്നു. വാഗ്‌ദാനപദ്ധതികൾ നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ കഴിവില്ലാത്ത കോൺഗ്രസ് സർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് അശോക ആരോപിച്ചു. പെട്രോൾ, ഡീസൽ നികുതിയിലൂടെ തന്നെ സർക്കാരിന് 5000-6000 കോടി രൂപ അധികം ലഭിച്ചിട്ടും നിരക്ക് വർധനയിലൂടെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. കോൺഗ്രസ് സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ പൂട്ടലിന്റെ വക്കിലെത്തിച്ചുവെന്നും ആരോപിച്ചു.നിയമനിർമാണകൗൺസിൽ പ്രതിപക്ഷനേതാവ് ചലുവാദി നാരായണസ്വാമി, പി.സി. മോഹൻ എം.പി. തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത്‌ ബസ് നിരക്ക് വർധന പ്രഖ്യാപിച്ചത്. കർണാടക ആർ.ടി.സി. 23 ശതമാനംവരെയും ബെംഗളൂരുവിൽ സർവീസ് നടത്തുന്ന ബി.എം.ടി.സി. 33-35 ശതമാനംവരെയുമാണ് നിരക്ക് വർധിപ്പിച്ചത്.

To advertise here,