വസായ് : ശ്രീനാരായണ മന്ദിരസമിതി വസായ് നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയുടെ ഉദ്ഘാടനവും, ‘മതമോ മനുഷ്യനോ വലുത്’ എന്നവിഷയത്തിൽ സെമിനാറും നടത്തി. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
മതദ്വേഷം ലോകത്തെ വിഴുങ്ങുന്ന ഇക്കാലത്ത്, അതിനുള്ള സിദ്ധൗഷധം എന്തെന്ന അന്വേഷണത്തിന് ശ്രീനാരായണഗുരു ദർശനം ഉത്തരമാകുമെന്ന് സെമിനാറിൽ പ്രബന്ധാവതാരകരായ മായാ സഹജനും ബിജിലി ഭരതനും അഭിപ്രായപ്പെട്ടു. സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സമിതി സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ ബിജിലി ഭരതൻ ഗുരുദേവന്റെ ആത്മോപദേശശതകം എന്ന ദാർശനിക കൃതിയിലെ 44 മുതൽ 49 വരെയുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഗുരുവിന്റെ മതമീമാംസ വളരെ ലളിതമായി വിശദീകരിച്ചു. ഇത്തരം സെമിനാറുകളും മറ്റും എല്ലാ യൂണിറ്റുകളിലും നടത്താൻ സമിതി ആലോചിച്ചുവരുന്നതായും ഭാവിതലമുറ മതാതീത സമൂഹമായി മാറുമെന്ന് പ്രത്യാശിക്കുന്നതായും സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു.
സമിതിയുടെ ആദ്യകാല ചരിത്രത്തിന്റെ നേർസാക്ഷിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ ജീവാത്മാവുമായ പി.ആർ. കൃഷ്ണൻ തന്റെ അമൂല്യമായ പുസ്തകശേഖരം വസായ് ഗുരുസെന്ററിലെ വായനശാലയ്ക്ക് മുതൽക്കൂട്ടായി സമർപ്പിച്ചു. സമിതിയുടെ വളർച്ചയുടെ നാൾവഴികളും ഗുരുധർമ പ്രചാരണത്തിലൂടെ ഗുരുവിന്റെ ഏകലോക വ്യവസ്ഥിതി എന്ന സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള മന്ദിരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു. സാംസ്കാരിക വിഭാഗം കൺവീനർ കെ. ഷൺമുഖൻ, സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ടി.സി. അച്ചുതൻ തുടങ്ങിയവരും സംസാരിച്ചു. സീനിയർ കൗൺസിൽ മെമ്പർ സി.എൻ. സദാനന്ദൻ നന്ദി പറഞ്ഞു.
Published: 15 Oct 2026, 12:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented