45-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാലുമുതൽ; ഒമാൻ വിശിഷ്ടാതിഥി
ഷാർജ : ലോകമെമ്പാടുമുള്ള അക്ഷരപ്രേമികളും പ്രസാധകരും എഴുത്തുകാരും ആവേശത്തോടെ കാത്തിരിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (എസ്.ഐ.ബി.എഫ്. 2026) തീയതികളും വിശദാംശങ്ങളും പ്രഖ്യാപിച്ചു. ‘കഥകളാൽ നിർമിതം’ എന്ന പ്രമേയത്തിൽ നവംബർ നാലുമുതൽ 15 വരെ ഷാർജ എക്സ്‌പോ സെന്ററിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 124 രാജ്യങ്ങളിൽനിന്നുള്ള 2,673 പ്രസാധകരും എക്സിബിറ്ററുകളും ഇത്തവണ അണിനിരക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അതോറിറ്റി അധികൃതർ പുസ്തകോത്സവത്തിന്റെ സവിശേഷതകൾ വിശദീകരിച്ചത്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാഹിത്യ-സാംസ്കാരിക ദീർഘവീക്ഷണമാണ് പുസ്തകോത്സവത്തിന്റെ അടിത്തറയെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ആഗോള പ്രസാധന രംഗത്ത് വലിയ അവസരങ്ങളാണ് മേള സൃഷ്ടിക്കുന്നത്. ഒമാൻ ആണ് ഇത്തവണത്തെ വിശിഷ്ട അതിഥി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത് ഉപകരിക്കുമെന്ന് ഒമാൻ സാംസ്കാരിക മന്ത്രാലയ പ്രതിനിധി അഹമ്മദ് ബിൻ സൗദ് ബിൻ നാസർ അൽ റവാഹി വ്യക്തമാക്കി. 15 സാംസ്കാരിക സദസ്സുകളും 20 കലാപരിപാടികളും ഒമാന്റെ നേതൃത്വത്തിൽ അരങ്ങേറും.
12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽനിന്നുള്ള 106 പ്രമുഖ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കും. ആകെ 1,500 സാംസ്കാരിക, കലാ പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. സന്ദർശകരുടെ അനുഭവങ്ങളെ ഉടനടി കവിതകളാക്കി മാറ്റുന്ന ‘പോയറ്റ്സ് കോർണർ’, കുട്ടികൾക്ക് വിവിധ തൊഴിലുകളെ പരിചയപ്പെടുത്തുന്ന ‘ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്ട്’ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. ഇതോടൊപ്പം ഒക്ടോബർ 31-ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടക്കുന്ന പ്രസാധക പരിശീലന പരിപാടിയിൽ 17 രാജ്യങ്ങളിൽനിന്നുള്ള ഇരുനൂറിലധികം പ്രസാധകർ പങ്കെടുക്കും.
നവംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന 16-ാമത് ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസിൽ അങ്കോള, ബലാറസ്, കംബോഡിയ ഉൾപ്പെടെ ഒമ്പത് പുതിയ രാജ്യങ്ങൾ ആദ്യമായി പങ്കാളികളാകും. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഡിയോ ബുക്കുകൾ എന്നിവ പ്രസാധന രംഗത്ത് വരുത്തുന്ന മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യും. നവംബർ ഏഴ് മുതൽ ഒമ്പതുവരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിൽ അന്താരാഷ്ട്ര തലത്തിൽനിന്നുള്ള 400-ലധികം ലൈബ്രേറിയന്മാരും ഇൻഫർമേഷൻ പ്രൊഫഷണലുകളും സംബന്ധിക്കും. കുറ്റാന്വേഷണ, ക്രൈം സാഹിത്യ വിഭാഗത്തിനായി നവംബർ ഏഴ് മുതൽ 10 വരെ അഞ്ചാമത് ‘ത്രില്ലർ ഫെസ്റ്റിവലും’ സംഘടിപ്പിക്കുന്നുണ്ട്.
യു.എ.ഇ.യിൽനിന്നുള്ള ഡോ. സുൽത്താൻ അൽ അമീമി, അലി അബു അൽ റീഷ്, ഡോ. ഹബീബ് ഗലൂം എന്നിവർക്കുപുറമേ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, അമേരിക്കൻ എഴുത്തുകാരി ഡെയ്‌സി റോക്ക്വെൽ, ഈജിപ്ഷ്യൻ നടൻ ഖാലിദ് എൽ സാവി, ചൈനീസ് എഴുത്തുകാരൻ ലിയു ഷെൻയുൻ, നൈജീരിയൻ എഴുത്തുകാരി നേദി ഒകോറഫോർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വ്യക്തിത്വങ്ങളും മേളയിൽ മാറ്റുരയ്ക്കും. നാടക പ്രദർശനങ്ങൾ, തത്സമയ പാചക ശാലകൾ, സർഗാത്മക എഴുത്ത് പരിശീലനങ്ങൾ എന്നിവയാൽ സമ്പന്നമായിരിക്കും ഇത്തവണത്തെ മേള. വാർത്താ വിതരണ പങ്കാളിയായി ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും ഔദ്യോഗിക ടെലികോം പങ്കാളിയായി ഇത്തിസലാത്തും മേളയ്ക്കൊപ്പം സഹകരിക്കുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് എത്തുന്ന സന്ദർശകർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് സൗജന്യ ഷട്ടിൽ ബസ് സർവീസുകളും അധിക പാർക്കിങ് സൗകര്യങ്ങളും പ്രഖ്യാപിച്ചു.
മാതൃഭൂമി ബുക്സും സജീവമാകും
ഷാർജ : പുതു പുത്തൻ പുസ്തകങ്ങളുമായി മാതൃഭൂമി ബുക്സും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സജീവമായുണ്ടാകും. മാതൃഭൂമി ബുക്സിന്റെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും അവസരം ഉണ്ട്. മലയാളത്തിൽ വിൽപ്പനയിൽ ചരിത്രം സൃഷ്ടിക്കുന്ന ബാബു അബ്രഹാമിന്റെ കമ്പിളികണ്ടത്തെ കൽഭരണികൾ, ജോസഫ് അന്നംകുട്ടി ജോസിന്റെ ആരുംകാണാത്ത യുദ്ധങ്ങൾ, ആർ. രാജശ്രീയുടെ ആത്രേയകം, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ലാജോ ജോസിന്റെ കോഫീഹൗസ്, ഹൈഡ്രാഞ്ചിയ, ഓറഞ്ചു തോട്ടത്തിലെ അതിഥി, ശ്രീപാർവതിയുടെ വയലറ്റ് പൂക്കളുടെ മരണം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എം.ടി. വാസുദേവൻ നായർ ആത്മകഥ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലായ മാതംഗലീല തുടങ്ങി ഒട്ടേറെ പഴയതും പുതിയതുമായ എഴുത്തുകാരുടെ പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും.
ഷാർജ പുസ്തകമേളയിൽ വി.ഡി. സതീശൻ അതിഥി
ഷാർജ : അടുത്തമാസം നാലുമുതൽ 15 വരെ ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതിഥിയായെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും അടങ്ങുന്ന അതിഥികൾക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രാസംഗികനുമായ മുഖ്യമന്ത്രിയും ഇടംപിടിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നുള്ള മുഖ്യമന്ത്രി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Published: 14 Oct 2026, 01:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented