ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു.
ദുബായ് ഭരണാധികാരിയുടെ ഓഫീസാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ദുബായ് എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലെ ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ അനുശോചന സന്ദേശം പങ്കുവെച്ചു. സഹോദരനായ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് അല്ലാഹു കരുണ കാണിക്കട്ടെയെന്നും, നിങ്ങൾ ഇപ്പോൾ ഏറ്റവുംഉദാരമതിയും സർവശക്തനുമായ പടച്ചവന്റെ അടുക്കലേക്ക് യാത്രയായിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
തങ്ങളുടെ കണ്ണുകളിൽനിന്ന് മറഞ്ഞുവെങ്കിലും പ്രാർഥനകളിൽനിന്നും ഹൃദയങ്ങളിൽനിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് വൈകാരികമായി കുറിച്ച ശൈഖ് മുഹമ്മദ്, പരേതന് സ്വർഗരാജ്യം നൽകി അനുഗ്രഹിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഈ വേർപാട് താങ്ങാനാവട്ടെയെന്നും പ്രാർഥിച്ചു.
യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്റെ പിതൃസഹോദരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പരേതനായ ശൈഖ് അഹമ്മദിന് അല്ലാഹു പൊറുത്തുനൽകട്ടെയെന്നും, അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷപ്രദമാക്കട്ടെയെന്നും വെളുത്ത വസ്ത്രത്തിലെ കറ കഴുകിക്കളയുന്നത് പോലെ അദ്ദേഹത്തിന്റെ പാപങ്ങൾ കഴുകി പരിശുദ്ധമാക്കട്ടെയെന്നും ശൈഖ് ഹംദാൻ പ്രാർഥിച്ചു. യു.എ.ഇ.യിലെ ഭരണാധികാരികളും ഉന്നതോദ്യോഗസ്ഥരും ദുബായ് രാജകുടുംബത്തിനെ അനുശോചനം അറിയിച്ചു.
ജബൽ അലി റേസ്‌കോഴ്സിന്റെ അമരക്കാരൻ
: ദുബായ് മുൻ ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനാണ് ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ, എ.ആർ.എം. ഹോൾഡിങ്സ് ഗ്രൂപ്പ് ചെയർമാൻ, അൽ വാസൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് എന്നീ പ്രമുഖ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാന്റ്‌ഹേർസ്റ്റിൽനിന്ന് ബിരുദം നേടിയ അദ്ദേഹം, ദുബായ് സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
യു.എ.ഇ.യിലെ കുതിരപ്പന്തയ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. പ്രശസ്ത ട്രെയിനർ ധ്രുബ സെൽവാരത്‌നവുമായി ചേർന്ന് അദ്ദേഹം സാങ്കേതിക രൂപകല്പന നിർവഹിച്ച ജബൽ അലി റേസ്‌കോഴ്സ് 1990-ലാണ് നിർമിക്കപ്പെട്ടത്. 1991-ൽ ആദ്യ പന്തയ സീസൺ ആരംഭിച്ച ഈ ട്രാക്കിനോട് ചേർന്ന് ജബൽ അലി സ്റ്റേബിൾസിന്റെ ഉടമസ്ഥതയും അദ്ദേഹത്തിനായിരുന്നു. എമിറേറ്റ്‌സ് റേസിങ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, കുതിര ഉടമ എന്ന നിലയിൽ പങ്കെടുത്ത 4,475 മത്സരങ്ങളിൽനിന്ന് 614 വിജയങ്ങൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അയർലൻഡിലെ റേസ്‌കോഴ്സിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കുതിരപ്പന്തയങ്ങളുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്നു അദ്ദേഹം.
കായിക രംഗത്ത് 1960-കളുടെ തുടക്കം മുതൽ അൽ വാസൽ സ്‌പോർട്‌സ് ക്ലബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, അന്നുമുതൽ ക്ലബിന്റെ ബോർഡ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ബിസിനസ് രംഗത്ത്, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഹെൽത്ത് ടെക്, ഫിൻടെക്, സുസ്ഥിര ഭക്ഷ്യമേഖല എന്നിവയിലുടനീളം നിക്ഷേപമുള്ള എ.ആർ.എം. ഹോൾഡിങ്സിന്റെ തലവനായിരുന്നു അദ്ദേഹം. ഇതിന് കീഴിലുള്ള ദുബായ് റിയൽ എസ്റ്റേറ്റ് സെന്റർ മൂവായിരത്തിലധികം താമസ-വാണിജ്യ യൂണിറ്റുകൾ മാനേജ് ചെയ്യുന്നുണ്ട്.
1991-ൽ സ്ഥാപിതമായ ദുബായ് റിയൽ എസ്റ്റേറ്റ് സെന്ററിലൂടെ ചരിത്രപരമായ നിരവധി പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. 1993-ൽ ജുമൈറ ബീച്ച് റോഡിൽ നിർമിച്ച ആദ്യ മാളായ 'ദ ബീച്ച് സെന്റർ', അൽ സൂഫൂഹിലെ 145 വില്ലകൾ അടങ്ങിയ ദുബായിലെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റിയായ 'പാം സ്പ്രിങ് വില്ലേജ്', 1995-ൽ ദേര ക്രീക്കിൽ നിർമിക്കപ്പെട്ട ദുബായിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന 'ദുബായ് ക്രീക്ക് ടവർ' എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ ഉയർന്നുവന്ന പ്രധാന ലാൻഡ്മാർക്കുകളാണ്. അദ്ദേഹത്തിന്റെ വേർപാടിൽ യു.എ.ഇ.യിലെ പ്രമുഖരും ഭരണാധികാരികളും ആദരാഞ്ജലികളർപ്പിച്ചു.
Published: 22 Sept 2026, 01:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented