റാഷിദ് ഹോസ്പിറ്റലിൽ നടപ്പായി, രോഗികൾക്ക് പാർക്കിങ് സൗജന്യം
ദുബായ് : ദുബായ് ഹെൽത്തിന് കീഴിലുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും അത്യാധുനിക സ്മാർട്ട് പാർക്കിങ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു. പ്രമുഖ പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി തിങ്കളാഴ്ച മുതൽ റാഷിദ് ഹോസ്പിറ്റലിൽ തുടക്കമായി. രോഗികൾക്കും സന്ദർശകർക്കും തടസ്സമില്ലാത്ത സർവീസ് ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ മാറ്റങ്ങൾ നിലവിൽ വന്നുവെങ്കിലും ചികിത്സയ്ക്കായെത്തുന്ന രോഗികൾക്ക് പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും. അത്യാഹിത വിഭാഗത്തിൽ ചികിത്സതേടുന്നവർ, ഒ.പി. കൺസൾട്ടേഷൻ, ലാബ് പരിശോധനകൾ, തുടർച്ചയായ ചികിത്സ എന്നിവയ്ക്കായി എത്തുന്ന രോഗികൾക്കെല്ലാം അവരുടെ സന്ദർശന സമയമത്രയും സൗജന്യ പാർക്കിങ് ആനുകൂല്യം ലഭിക്കും.
ആശുപത്രിയിൽ കിടത്തിചികിത്സയിലുള്ള രോഗികളെ കാണാനെത്തുന്ന സന്ദർശകർക്ക് റിസെപ്ഷനിൽ വിവരങ്ങൾ നൽകുന്നതിലൂടെ ദിവസത്തിൽ ഒരു തവണ മൂന്നുമണിക്കൂർവരെ സൗജന്യമായി വാഹനം പാർക്കുചെയ്യാം. കൂടാതെ, അഡ്മിറ്റായ രോഗികളുടെ കൂടെയുള്ള രണ്ടുസഹായികൾക്ക് 24 മണിക്കൂർ വരെ സൗജന്യ പാർക്കിങ് അനുവദിക്കും. ആവശ്യമെങ്കിൽ ഈ സമയപരിധിനീട്ടി നൽകുകയുംചെയ്യും. നിശ്ചയദാർഢ്യക്കാർ, മുതിർന്ന പൗരർ, ഗർഭിണികൾ എന്നിവർക്ക് അർഹത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ സൗജന്യ വാലെ പാർക്കിങ് സേവനവും ലഭ്യമാണ്.
ദുബായ് ഹെൽത്ത് സ്ഥാപനങ്ങൾ ഉപയോഗിക്കാത്ത മറ്റുവാഹന ഉടമകൾക്ക് സ്റ്റാൻഡേഡ് പാർക്കിങ് നിരക്കുകൾ ഈടാക്കും. എന്നാൽ രോഗികളെ ഇറക്കാനും കയറ്റാനുമെത്തുന്ന വാഹനങ്ങൾക്ക് ദിവസേന 30 മിനിറ്റ് ഗ്രേസ് പിരീഡ് സൗജന്യമായി അനുവദിക്കും. ആശുപത്രി ജീവനക്കാരുടെയും അംഗീകൃത വാഹനങ്ങളുടെയും വിവരങ്ങൾ സിസ്റ്റത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനാൽ തടസ്സമില്ലാത്ത പ്രവേശനം സാധ്യമാകും. വാലെ പാർക്കിങ്ങിന് പുറമേ കാർ വാഷ്, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സൗകര്യങ്ങൾ എന്നിവയും പാർക്കിങ് കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.
Published: 22 Sept 2026, 01:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented