ഇറാനുമായുള്ള ചർച്ചകൾ ഭാവിക്കുള്ള വഴിയൊരുക്കും

To advertise here,

ദുബായ് : അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള ഉന്നതതല ചർച്ചകൾ ഭാവി ബന്ധങ്ങൾക്ക് പുതിയ വഴിയൊരുക്കുമെന്ന് യു.എ.ഇ. രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്.

ദുബായിൽ നടക്കുന്ന അറബ് മീഡിയ സമ്മിറ്റിൽ സംസാരിക്കവെയാണ് ഇന്ത്യാ സന്ദർശന വേളയിലെ ബ്രിക്സ് ഉച്ചകോടിക്കിടെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ പരാമർശിച്ച് അദ്ദേഹം വിശദീകരിച്ചത്.

എല്ലാ വിഷയങ്ങളിലും ഇരുരാജ്യങ്ങളും യോജിപ്പിലെത്തി എന്നർഥമില്ലെന്നും, എന്നാൽ പിരിമുറുക്കങ്ങൾ കുറയ്ക്കാനും ഭാവി ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ഈ ചർച്ചകൾ സഹായിച്ചുവെന്നും ഗർഗാഷ് പറഞ്ഞു. നിർണായക ഘട്ടത്തിൽ ഇറാന്റെ യുക്തിസഹമായ ശബ്ദമാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നിലപാടുകൾ സന്തുലിതമാണെന്നും അഭിപ്രായപ്പെട്ടു.

ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ടെഹ്റാനുമായുള്ള ചർച്ചകൾ അനിവാര്യമാണെന്ന് ഡോ. അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. ബന്ധം പുനഃസ്ഥാപിക്കുന്നതും വിശ്വാസം നേടിയെടുക്കുന്നതും രണ്ടും രണ്ടാണ്. വാഗ്ദാനങ്ങൾക്കപ്പുറം പ്രവൃത്തിയിലൂടെ മാത്രമേ പടിപടിയായി പരസ്പരവിശ്വാസം കെട്ടിപ്പടുക്കാൻ സാധിക്കൂ.

സ്വയം പ്രതിരോധിക്കാനുള്ള ശേഷി നിലനിർത്തിക്കൊണ്ടുതന്നെ നയതന്ത്ര ചർച്ചകളുടെ വാതിലുകൾ തുറന്നിടുക എന്നതാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നയം. പ്രാദേശിക ആധിപത്യത്തിനും ആയുധമേന്തിയ നിഴൽ ഗ്രൂപ്പുകൾക്കും പിന്നാലെ പോകാതെ സ്വന്തം സാമ്പത്തിക വികസനത്തിലും മേഖലാ സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇറാൻ തയാറാകണം. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ഗൾഫ് മേഖലയുടെ ആകെയുള്ള സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. ഗർഗാഷ് വ്യക്തമാക്കി.

സൗദിയെ ബാധിക്കുന്ന ഏതൊരു കാര്യവും യു.എ.ഇ.യെയും നേരിട്ട് ബാധിക്കും. യെമെൻ ഉൾപ്പെടെയുള്ള മേഖലാ തർക്കങ്ങളിൽ ഔദ്യോഗിക ഭരണകൂടങ്ങൾക്ക് പുറത്തുപ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നിലപാടിനെ യു.എ.ഇ. എതിർക്കുന്നു.

ഇത്തരം ഗ്രൂപ്പുകൾ സ്വന്തം രാജ്യത്തിന് മാത്രമല്ല, അയൽരാജ്യങ്ങൾക്കും വൻ ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിച്ചും വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കിയും സമാധാനം കൊണ്ടുവരാനാണ് ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.