തൈക്കാട്ടുശ്ശേരി സബ്‌സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിളിലൂടെ
വൈക്കം : ചെമ്പ്, വൈക്കം വൈദ്യുതി സെക്ഷനിലേക്ക് കരുതൽ വൈദ്യുതി തൈക്കാട്ടുശ്ശേരി സബ് സ്റ്റേഷനിൽനിന്ന് എത്തിക്കുന്നതിന്റെ നടപടി തുടങ്ങി. ഒക്ടോബർ 10-നകം പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഭൂഗർഭകേബിളിലൂടെയും നേരേകടവ്- മാക്കേക്കടവ് പാലത്തിലൂടെയുമാണ് ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേക്കവലയിൽ സ്ഥിതിചെയ്യുന്ന തൈക്കാട്ടുശ്ശേരി സബ് സ്റ്റേഷനിൽനിന്ന് വൈക്കം, ചെമ്പ് സെക്ഷനുകളുടെ 11 കെ.വി.യുടെ രണ്ടു ഫീഡറുകളിലേക്ക് വൈദ്യുതി കടത്തിവിടുന്നത്.
വൈക്കം, ചെമ്പ് സെക്ഷനുകളിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യുന്നത് വൈക്കം സബ് സ്റ്റേഷനിൽ നിന്നാണ്. നാളിതുവരെ വൈക്കം സബ് സ്റ്റേഷനിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ വൈക്കം, ചെമ്പ് സെക്ഷനുകളിൽ വൈദ്യുതിയെത്തിക്കാൻ മറ്റ് മാർഗം ഇല്ലായിരുന്നു. ചെമ്പ് സെക്ഷനിലെ കുറേഭാഗത്ത് എറണാകുളം ജില്ലയിലെ സബ് സ്റ്റേഷനുകളെ ആശ്രയിക്കുക മാത്രമായിരുന്നു ഏകപോംവഴി. പുതിയ കേബിൾ വലിക്കുന്ന ജോലി പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും.
വൈക്കം, ചെമ്പ് സെക്ഷനുകളിലായി 42,000 ഗുണഭോക്താക്കൾക്കാണ് ഇത് സഹായകമാകുന്നത്. വേമ്പനാട്ട് കായലിന് കുറുകെ മാക്കേക്കടവ്- നേരേകടവ് പാലം വന്നതോടെയാണ് ഇത് സാധ്യമായതും. തൈക്കാട്ടുശ്ശേരിയിൽനിന്ന് വൈക്കം, ചെമ്പ് സെക്ഷനുകളിലേക്കായി സമാന്തരമായി 1.6 കിലോമീറ്ററിലാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. ആകെ പ്രവർത്തനങ്ങൾക്ക് രണ്ടു സെക്ഷനിലേക്കുമായി 2.40 കോടിയോളം രൂപയാണ് ചെലവ് വരുന്നത്.
വൈദ്യുതിവിതരണം മുടങ്ങില്ല
കേബിൾ വലിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഈ പ്രവൃത്തി പൂർത്തിയായാൽ കേബിളുകൾ ഇതിനുള്ളിലൂടെ കടത്തിവിടുന്ന ജോലികൾ നടത്തും. വൈദ്യുതി നിയന്ത്രണങ്ങളില്ലാത്ത സമയത്ത് വിതരണരംഗത്തുണ്ടാകുന്ന തടസ്സംമൂലം വൈക്കം ഇരുട്ടിലാകുന്ന അവസ്ഥയ്ക്ക് തൈക്കാട്ടുശ്ശേരി സബ് സ്റ്റേഷനിലിൽനിന്നുള്ള ഭൂഗർഭ കേബിളിലൂടെ വൈദ്യുതിയെത്തിക്കുന്ന പൂർത്തിയാകുന്നതോടെ പരിഹാരമാകും.
വിനീത് ബാബു, അസി. എൻജിനീയർ, കെ.എസ്.ഇ.ബി.
വൈക്കം സെക്ഷൻ.
Published: 18 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented