അബുദാബി: അബുദാബിയിലെ പ്രമുഖ ചരിത്ര-സാംസ്‌കാരിക കേന്ദ്രമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ സന്ദർശകർക്ക് എൻട്രി ഫീ ഏർപ്പെടുത്തി. പുതിയ നിരക്ക് പ്രകാരം യു.എ.ഇ എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് അഞ്ച് ദിർഹവും വിദേശ വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് പ്രവേശന ഫീസ്.
അതേസമയം, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. www.szgmc.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സന്ദർശനസമയം മുൻകൂട്ടി ബുക്ക് ചെയ്യാം. ഒരുമാസം മുൻപുവരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ശനി മുതൽ വ്യാഴംവരെ രാവിലെ 9:00 മുതൽ രാത്രി 8:30 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 8:30 വരെയുമാണ് പ്രവേശനം.
പള്ളിക്ക് പുറമെ സന്ദർശകർക്കായി യു.എ.ഇയുടെ സമ്പന്നമായ പാരമ്പര്യം വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന 360-ഡിഗ്രി ഡിജിറ്റൽ ദിയ അനുഭവം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ടിക്കറ്റ് നിരക്ക് 25 ദിർഹമാണ്. ഇസ്ലാമിക പാരമ്പര്യവും മാനവിക മൂല്യങ്ങളും വിളിച്ചോതുന്ന അപൂർവ്വ കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഉൾക്കൊള്ളുന്ന മ്യൂസിയവുമുണ്ട്. പ്രവേശന ഫീസ് 25 ദിർഹമാണ്. മ്യൂസിയവും 'ദിയ' അനുഭവവും ഒരുമിച്ച് സന്ദർശിക്കാൻ 40 ദിർഹത്തിന്റെ കോമ്പോ പാസ് ലഭ്യമാണ്.
2026-ന്റെ ആദ്യ പകുതിയിൽ മാത്രം 3,12,7607 ആളുകളാണ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചത്. ഇതിൽ 18.4 ലക്ഷത്തിലധികം പേർ ആരാധനക്കാരായിരുന്നു. സന്ദർശകരിൽ 78 ശതമാനവും വിദേശികളാണ്. വിദേശ സഞ്ചാരികളിൽ 52 ശതമാനവും ഏഷ്യയിൽ നിന്നുള്ളവരാണ്. യൂറോപ്പിൽ നിന്ന് 31 ശതമാനവും വടക്കേ അമേരിക്കയിൽ നിന്ന് 10 ശതമാനവും ആളുകളെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 21 ശതമാനത്തോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൈന (10%), റഷ്യ (8%), യു.എസ്.എ (7%), ജർമ്മനി (4%) എന്നിവയാണ് തൊട്ടുപിന്നിൽ.
Published: 17 Sept 2026, 07:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented