ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തു. കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇൻകാസ് നയിച്ച മതേതര ജനാധിപത്യ മുന്നണിയാണ് ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് ഭരണം തിരിച്ചു പിടിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രസിഡന്റും കെ.എം.സി.സി. നേതാവുമായ നിസാർ തളങ്കര ചടങ്ങിൽ പങ്കെടുത്തില്ല. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇത്തവണ മൂന്ന് മുന്നണികളായി മത്സരിച്ചിട്ടും അധികാരം തിരിച്ചു പിടിച്ച ആവേശത്തിലായിരുന്നു മതേതര ജനാധിപത്യ മുന്നണി.

To advertise here,

 

കോൺഗ്രസ് അനുഭാവ പ്രവാസി കലാ സാംസ്കാരിക സംഘടനയായ ഇൻകാസിന്റെ നേതാക്കളായ കെ. ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹീം എന്നിവർ യഥാക്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

അസോസിയേഷൻ മുൻ പ്രസിഡന്റും കെ.എം.സി.സി. യു.എ.ഇ നാഷണൽ കമ്മിറ്റി ട്രഷറുമായ നിസാർ തളങ്കരയെയും സി.പി.എം. അനുഭാവ പ്രവാസി സംഘടനാ നേതാവും മുൻ ജനറൽ സെക്രട്ടറിയുമായ പി. ശ്രീപ്രകാശിനെയും പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്.

 

ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം കോൺസൽ സുനിൽകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ. ബാലകൃഷ്ണൻ നാലാം തവണയാണ് പ്രസിഡന്റാകുന്നത്. ജനറൽ സെക്രട്ടറിയായി മൂന്നാം തവണയാണ് അഡ്വ. വൈ.എ. റഹീം ചുമതലയേറ്റത്. അഡ്വ. അൻസാർ താജ് ജോയിന്റ് ജനറൽ സെക്രട്ടറിയായും അനിൽ ലാൽ പുരുഷോത്തമൻ ജോ. ട്രഷററായും ഓഡിറ്ററായി തങ്കച്ചൻ മണ്ഡപത്തിലും സത്യവാചകം ചൊല്ലി. ഭരണസമിതി അംഗങ്ങളായി വിജയിച്ച മതേതര ജനാധിപത്യ മുന്നണിയിലെ അഭിലാഷ് രത്നാകരൻ , ജാഫർ കണ്ണാട്ട് , റോയ് മാത്യു, അനിൽ കുമാർ കെ.ജി. പിള്ള എന്നിവരും ജനാധിപത്യ മുന്നണിയിൽ നിന്നുള്ള പ്രദീഷ് ചിതറയും അബ്ദുൾ മനാഫും സത്യപ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ട്രഷറർ ജിബി ബേബി, കെ കെ താലിബ് എന്നിവർക്ക് ചടങ്ങിന് പങ്കെടുക്കാനായില്ല.

 

ഒട്ടേറെ കെ.എം.സി.സി. പ്രവർത്തകരും മുൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശും സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.

ഷാർജ എസ്.എസ്.ഡി. സർക്കാർ മന്ത്രാലയത്തിലെ അബ്ദുല്ല ബു അലി, തയ്യിബ് അബ്ദുൽ റഹ്‌മാൻ, റിട്ടേണിങ് ഓഫീസർ പോൾ ടി. ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.