ദുബായ്: സൈബർ തട്ടിപ്പുകൾ, സാമ്പത്തിക അതിക്രമങ്ങൾ, എമിറേറ്റ്‌സ് ഐ.ഡി ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ ബുദ്ധിമുട്ടുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യ നിയമസഹായവും ഉപദേശവും ലഭ്യമാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. 'സേവാ പഖ്വാഡ'യുടെ ഭാഗമായി നാളെ (സെപ്റ്റംബർ 21, തിങ്കളാഴ്ച) കോൺസുലേറ്റ് അങ്കണത്തിൽ വെച്ചാണ് സൗജന്യ ലീഗൽ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മുൻകൂട്ടി അപ്പോയിന്റ്‌മെന്റുകൾ എടുക്കാതെ തന്നെ പ്രവാസികൾക്ക് ഈ സേവനം നേരിട്ടെത്തി പ്രയോജനപ്പെടുത്താം. സൈബർ കുറ്റകൃത്യങ്ങൾ, ബാങ്കിങ് തട്ടിപ്പുകൾ, എമിറേറ്റ്‌സ് ഐ.ഡി. ദുരുപയോഗം, മറ്റ് അനുബന്ധ സാമ്പത്തിക-നിയമ പ്രശ്‌നങ്ങൾ എന്നിവയിലാണ് വിദഗ്ദ്ധ അഭിഭാഷകരിൽ നിന്നും സൗജന്യ നിയമോപദേശം ലഭ്യമാക്കുക.
തീയതി: 2026 സെപ്റ്റംബർ 21, തിങ്കളാഴ്ച
സമയം: ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 4:30 വരെ
സ്ഥലം: കോൺസുലേറ്റ് ഓഡിറ്റോറിയം, ഇന്ത്യൻ കോൺസുലേറ്റ്, ദുബായ്
രജിസ്‌ട്രേഷൻ: മുൻകൂട്ടി ബുക്കിങ് ആവശ്യമില്ല
ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാം.
മറ്റ് നിയമ സഹായങ്ങൾക്ക് അപ്പോയിന്റ്‌മെന്റ് വേണം
സാധാരണ ദിവസങ്ങളിൽ തൊഴിൽ നിയമങ്ങൾ, സിവിൽ/കുടുംബ വഴക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ (പി.ബി.എസ്.കെ.) പാനൽ വക്കീൽമാരുടെ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതുണ്ട്.
ഇതിനായി 80046342 എന്ന 24x7 ഹെൽപ്പ് ലൈൻ നമ്പറിലോ pbsk.dubai@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. എന്നാൽ നാളെ നടക്കുന്ന പ്രത്യേക ക്യാമ്പിൽ പങ്കെടുക്കാൻ ഇത്തരം മുൻകൂർ ബുക്കിങ്ങുകൾ ആവശ്യമില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
Published: 20 Sept 2026, 08:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented