മാനന്തവാടി : ബസ് ബേ നിർമിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് പൊളിച്ചതോടെ മാനന്തവാടിയിലെത്തുന്നവരുടെ പ്രയാസം ഇരട്ടിയായി. ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാത്തതാണ് ജനങ്ങൾക്കു തിരിച്ചടിയാവുന്നത്. പൊരിവെയിലിൽ നിന്നുതളരുകയാണ് ജനം. ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റി ആറുമാസത്തിനകം ബസ് ബേ നിർമിക്കുമെന്നാണ് നഗരസഭാ അധികൃതർ മുൻപ്‌ അറിയിച്ചിരുന്നത്. ജൂൺ അവസാനവാരത്തിൽ തുടങ്ങിയ ബസ് സ്റ്റാൻഡ് പൊളിക്കൽപ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടില്ല. പണി തുടങ്ങിയശേഷം പ്രവൃത്തി ഏറെക്കാലം നിന്നു. ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്.

To advertise here,

 

ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നത് നിർത്തിയതോടെ കോഴിക്കോട് റോഡിലാണ് പ്രധാനമായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. മാനന്തവാടിയിൽനിന്ന്‌ എല്ലാ ഭാഗത്തേക്കും പുറപ്പെടുന്ന ബസുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്. വിവിധയിടങ്ങളിലേക്കുള്ള ബസുകൾ ഒരേസമയം ഇവിടെ നിർത്തി ആളുകളെ കയറ്റുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

 

ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നത് ഒഴിവാക്കിയെങ്കിലും മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിനടുത്തുള്ള പൊതുകിണറിനു സമീപത്ത് ബസുകൾ നിർത്തി ആളുകളെ കയറ്റാറും ഇറക്കാറുമുണ്ട്. എന്നാൽ, ബസ് കാത്തിരിക്കാനുള്ള ഒരു സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല. കോഴിക്കോട് റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമുള്ള തിരക്കൊഴിവാക്കാൻ ബസ് സ്റ്റാൻഡിനു സമീപമെത്തി ബസ് കയറുന്നവരും ഒട്ടേറെയാണ്. നിന്നുതളരുന്നവർക്ക് ഇരിക്കാനുള്ള താത്‌കാലിക സംവിധാനംപോലും ഇവിടെ ഒരുക്കിയിട്ടില്ല.

ബസ് സ്റ്റാൻഡ് പൊളിക്കുന്ന പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ ആറുമാസത്തിനകം പണി പൂർത്തിയാവാനുള്ള ഒരു സാധ്യതയും ഇല്ല. പൊളിച്ചുകഴിഞ്ഞശേഷമാണ് ബസ് ബേയും കെട്ടിടങ്ങളും നിർമിക്കേണ്ടത്. മഴക്കാലത്താണ് പൊളിക്കുന്ന പ്രവൃത്തി തുടങ്ങിയതെന്നതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. അടുത്ത മഴക്കാലത്തിനുമുന്നേ പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും.