ദുബായ് : അമിതഭാരം കയറ്റിയ ട്രക്കുകൾ ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) പരിശോധന ആരംഭിച്ചു. ദുബായ് പോലീസിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചാണ് പരിശോധന.

To advertise here,

ഭാരവാഹനങ്ങൾ കൂടുതലായി കടന്നുപോകുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ്, എമിറേറ്റ്‌സ് റോഡ്, റാസൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലാണ് പരിശോധന.

ഗതാഗതസുരക്ഷ മെച്ചപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ആർ.ടി.എ. പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി, ലൈസൻസിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സുൽത്താൻ ഇബ്രാഹിം മുഹമ്മദ് അൽ അക്രാഫ് പറഞ്ഞു. അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങൾ വലിയ അപകടങ്ങളുണ്ടാക്കിയേക്കും.

വിഷയത്തിൽ ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തും. മതിയായ സുരക്ഷയോ, ലൈസൻസോ ഇല്ലാതെ അപകടകരവും തീപ്പിടിക്കുന്നതുമായ വസ്തുക്കൾ ഭാരവാഹനങ്ങളിൽ കൊണ്ടുപോകരുത്. ഇത് റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിവർഷം മുഴുവൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും കടുത്ത വേനൽ മുൻനിർത്തി ട്രക്ക് ഡ്രൈവർമാർക്കിടയിൽ പ്രത്യേക പരിപാടികൾ നടന്നുവരുന്നുണ്ട്.