1964-ൽ ആദ്യമായി ഇന്ത്യൻ റോഡുകളിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടാറ്റയുടെ 1210 D ട്രക്ക്. ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ നിർണായക പങ്കുവഹിച്ച മോഡലായിരുന്നു ഇത്. 1990-കളിൽ ഇന്ത്യൻ നിരത്തുകളിൽ ലോങ്-നോസ് ട്രക്കുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ നിറസാന്നിധ്യമായി മാറി. പിന്നീട് ടാറ്റയുടെ തന്നെ SE 1613 മോഡൽ ലോറികളും നിരത്തുകൾ വാണു.
ഡ്രൈവറുടെ മുന്നിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു ഹുഡും എൻജിനുമായിരുന്നു ലോങ്-നോസ് ട്രക്കുകളുടെ സവിശേഷത. നീണ്ട മൂക്കുള്ള മഞ്ഞ മുൻഭാഗം എന്നു പറഞ്ഞാൽ കുറേകൂടി വ്യക്തമാകും. എന്നാൽ കാലംമാറുന്നതിനനുസരിച്ച് വാഹനനിർമാതാക്കൾ ട്രക്കുകളുടെ ഡിസൈനിൽ മാറ്റംവരുത്തിക്കൊണ്ടിരുന്നു. ആധുനിക ഫ്ലാറ്റ്-നോസ് ഡിസൈനിലേക്ക് ട്രക്കുകൾ മാറി. നിർമാണം കമ്പനികൾ അവസാനിപ്പിച്ചെങ്കിലും ലോങ്-നോസ് ട്രക്കുകൾക്ക് പ്രത്യേക ഫാൻബെയ്സാണുള്ളത്. ഇപ്പോഴിതാ വീണ്ടും ലോങ്-നോസ് ട്രക്കുകളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സെക്രട്ടറി വി. ഉമാശങ്കറാണ് ലോങ്-നോസ് ട്രക്കുകൾ ഇന്ത്യൻ റോഡുകളിൽ തിരിച്ചെത്തിയേക്കാം എന്ന സൂചന നൽകിയത്. ഡൽഹിയിൽ സംഘടിപ്പിച്ച മൂന്നു ദിവസത്തെ നഗര മൊബിലിറ്റി സമ്മേളനമായ 'അർബൻ അദ്ദ 2025'-ൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോങ് നോസ് മോഡലുകൾ സുരക്ഷ വർധിപ്പിക്കുമെന്നാണ് ഉമാശങ്കർ വ്യക്തമാക്കുന്നത്. 'എൻജിനും ഹുഡിനും പിന്നിൽ മുകളിലായി ഡ്രൈവർ ഇരിക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ഡ്രൈവർക്ക് പെട്ടെന്ന് പ്രതികരിക്കാനുള്ള സമയവും ഇതിലൂടെ ലഭിക്കും. ഫ്ലാറ്റ്-നോസ് ട്രക്കുകൾക്കും ലോങ്-നോസ് ട്രക്കുകൾക്കും അവയിടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഫ്ലാറ്റ്-നോസ് ട്രക്കുകൾ ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ഇരിപ്പിടവും റോഡിനെക്കുറിച്ചുള്ള മികച്ച കാഴ്ചയും നൽകുന്നുണ്ട്. മറുവശത്ത്, ലോങ്-നോസ് ട്രക്കുകൾ ക്യാബിൻ സ്ഥലം കുറച്ചേക്കാം. എന്നാൽ ട്രക്കിന് മുന്നിൽ ഓടുന്ന വാഹനങ്ങളെക്കുറിച്ച് മികച്ച ധാരണ നൽകാൻ സാധ്യതയുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
ലോങ് നോസ് ട്രക്കുകളെ സംബന്ധിച്ച് മന്ത്രാലയം ഉടൻ വാഹന നിർമ്മാതാക്കളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചനകൾ ആരംഭിക്കുമെന്ന് ഉമാശങ്കർ പറഞ്ഞു. കൂടാതെ, ലോങ്-നോസ് ട്രക്ക് പുറത്തിറക്കാനുള്ള തീരുമാനം നടപ്പാക്കിയാൽ പോലും അസംബ്ലി ലൈൻ പുനഃക്രമീകരിക്കാനും മാറ്റം വരുത്താനും നിർമാതാക്കൾക്ക് കുറഞ്ഞത് രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം സൂചന നൽകി. ചരക്ക് ഗതാഗത കാര്യക്ഷമത വർധിപ്പിക്കാനും ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കാനും കേന്ദ്രസർക്കാർ ഇന്ത്യയിൽ പുള്ളർ-ട്രെയിലറുകൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഉമാശങ്കർ പറഞ്ഞു.
Content Highlights: Long Nose Trucks Making Comeback
Published: 10 Jun 2025, 11:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented