ഇന്ത്യയില്‍ പുതിയ 15 മോഡലുകള്‍ പുറത്തിറക്കാന്‍ ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ടൊയോട്ട. ഇന്ത്യയിലെ സ്വാധീനം ശക്തമാക്കുന്നതിനായി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടൊയോട്ട പദ്ധതിയിടുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. രാജ്യത്തുനിന്ന് ലഭിച്ച റെക്കോര്‍ഡ് ലാഭം ഇന്ത്യന്‍ വിപണിയെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കി മാറ്റിയ സാഹചര്യത്തിലാണ് നീക്കം. ചൈനയിലെ കടുത്ത മത്സരത്തില്‍ തിരിച്ചടി നേരിട്ട നിരവധി ആഗോള വാഹന നിര്‍മ്മാതാക്കള്‍ വന്‍ നിക്ഷേപത്തിന് യോഗ്യമായ വിപണിയായി നിലവില്‍ ഇന്ത്യയെ ആണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയിലെ തങ്ങളുടെ വിഹിതം നിലവിലെ 8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്താനാണ് ടൊയോട്ട ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഈ നീക്കം വിജയിച്ചാല്‍ ഇന്ത്യയില്‍ സുസുക്കിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ടൊയോട്ടയ്ക്ക് സാധിക്കും. നിലവില്‍ സുസുക്കി നല്‍കുന്ന വാഹനങ്ങള്‍ ടൊയോട്ട ബ്രാന്‍ഡിന് കീഴില്‍ റീബാഡ്ജ് ചെയ്താണ് വില്‍ക്കുന്നത്.

ഇന്ത്യയില്‍ വരാനിരിക്കുന്നത് പുതിയ പിക്കപ്പ് ട്രക്ക് അടക്കമുള്ളവ

ദക്ഷിണേന്ത്യയിലെ നിലവിലുള്ള ഫാക്ടറിയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഒരു പുതിയ കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം ടൊയോട്ട 3 ബില്യണ്‍ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കമ്പനിയുടെ ഉല്‍പ്പന്ന നിരയെക്കുറിച്ചുള്ള പദ്ധതികളുടെയും ഡീലര്‍ഷിപ്പ് തന്ത്രങ്ങളുടെയും വിശദാംശങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നില്ല.

ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന 15 മോഡലുകള്‍ ടൊയോട്ടയുടെ സ്വന്തം കാറുകള്‍, സുസുക്കി നല്‍കുന്ന വാഹനങ്ങള്‍, നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യൂണ്ടായ് മോട്ടോര്‍ തുടങ്ങിയ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ട് ടൊയോട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ നിന്ന് കുറഞ്ഞത് രണ്ട് പുതിയ എസ്യുവികളെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം, ഗ്രാമീണ ഇന്ത്യയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി താങ്ങാനാവുന്ന വിലയിലുള്ള ഒരു പിക്കപ്പ് ട്രക്കും പുറത്തിറക്കുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമപ്രദേശങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍

ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുന്നതിനായി ചെറിയ ഷോറൂമുകളും രണ്ട് ബേകളുള്ള ചെറിയ വര്‍ക്ക്ഷോപ്പുകളുമാണ് ടൊയോട്ട സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. മുഴുവന്‍ മോഡലുകളും പ്രദര്‍ശിപ്പിക്കുന്നതിന് പകരം ഒന്നോ രണ്ടോ കാറുകള്‍ മാത്രമാകും ഇത്തരം ഷോറൂമുകളില്‍ ഉണ്ടാകുക.

ഇടത്തരം, പ്രീമിയം എസ്യുവികള്‍ അവതരിപ്പിച്ച് എതിരാളികളുടെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുക, ഒപ്പം ചെറിയ പട്ടണങ്ങളിലും ഗ്രാമീണ വിപണികളിലും പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നത് തുടരുക എന്നതാണ് ഇന്ത്യയില്‍ ടൊയോട്ടയുടെ ഇരട്ട തന്ത്രം എന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ, ൗ വിവരങ്ങള്‍ തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഊഹാപോഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും ടൊയോട്ട ഒരു പ്രസ്താവനയില്‍ അറിയിച്ചു.

റെക്കോര്‍ഡ് ലാഭം വളര്‍ച്ചയ്ക്ക് കരുത്താകുന്നു

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ പ്രാദേശിക യൂണിറ്റായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 640 മില്യണ്‍ (64 കോടി) ഡോളറിന്റെ റെക്കോര്‍ഡ് ലാഭം നേടിയിരുന്നു. സുസുക്കിയുമായുള്ള സഖ്യമാണ് ഇതിന് സഹായകമായത്.

ടൊയോട്ട ആഗോളതലത്തില്‍ വലിയ വാഹന നിര്‍മ്മാതാക്കളാണെങ്കിലും, സുസുക്കിയുടെ പ്രാദേശിക യൂണിറ്റായ മാരുതി സുസുക്കിയാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനി. ഇന്ധനക്ഷമതയുള്ളതും വില കുറഞ്ഞതുമായ ചെറുതും ഒതുക്കമുള്ളതുമായ കാറുകളിലൂടെയാണ് അവര്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നത്.

എന്നിരുന്നാലും ജപ്പാന് പുറത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ടൊയോട്ടയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ടൊയോട്ട ഇന്ത്യയില്‍ 300,000-ല്‍ അധികം വാഹനങ്ങള്‍ വിറ്റു. അതില്‍ ഏകദേശം 60 ശതമാനവും സുസുക്കി മോഡലുകളായിരുന്നു. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും ടൊയോട്ടയുടെ പങ്ക് വര്‍ധിച്ചുവരുന്നു.

ടൊയോട്ടയുടെ ഉത്പാദന ശേഷി വിപുലീകരണം ഘട്ടം ഘട്ടമായാണ് നടക്കുക. ഇത് പൂര്‍ത്തിയാകുമ്പോള്‍, രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നുമായി ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും.

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്യുവി, ഇന്നോവ ഹൈക്രോസ് എംപിവി തുടങ്ങിയ ഹൈബ്രിഡ് മോഡലുകള്‍ ബദല്‍ ഇന്ധന വാഹന വിപണിയില്‍ മുന്‍തൂക്കം നേടാന്‍ ടൊയോട്ടയെ സഹായിച്ചിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ഈ നേട്ടം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഔറംഗബാദിലെ പുതിയ പ്ലാന്റില്‍ നിന്നുള്ള ടൊയോട്ടയുടെ ആദ്യ ഉല്‍പ്പന്നം ഒരു എസ്യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഗ്യാസോലിന്‍, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഈ വാഹനം ഇന്ത്യയില്‍ വില്‍ക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.