കൊച്ചി: തമിഴ്നാട്ടില്‍നിന്ന് അനുവദനീയമായ അളവിലധികം ക്വാറി ഉത്പന്നങ്ങളുമായി കേരളത്തിലേക്കെത്തിയ ലോറികളില്‍ സംസ്ഥാന വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നിടങ്ങളില്‍ വീതവും പാലക്കാട് നാലിടത്തുമായാണ് പരിശോധന നടന്നത്. രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ 55 വാഹനങ്ങളാണ് പിടികൂടിയത്.

To advertise here,

ഇവയില്‍നിന്ന് അമിത ഭാരം കയറ്റിയതിന് 40.47 ലക്ഷം രൂപയാണ് ഒറ്റദിവസം കൊണ്ട് പിഴയടപ്പിച്ചത്. പോലീസും മോട്ടോര്‍വാഹന വകുപ്പും പരിശോധന നടത്താതെ ഒഴിവാക്കുന്നു എന്ന് വിവരം ലഭിക്കുകയും ഈ വാഹനങ്ങളുടെ അമിതഭാരം മൂലം പൊതുനിരത്തുകള്‍ നശിക്കുന്നു എന്നറിഞ്ഞുമായിരുന്നു പരിശോധന. 

വിജിലന്‍സ് മധ്യമേഖല റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന ജില്ലകളിലെ 10 ഇടങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന. അമിതഭാരം കയറ്റി വന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിനെ കൊണ്ട് 19.82 ലക്ഷം രൂപയും പാസില്ലാതെ ക്വാറി ഉത്പന്നങ്ങള്‍ കയറ്റിവന്ന വാഹനങ്ങള്‍ക്ക് ജിയോളജി വകുപ്പിനെക്കൊണ്ട് 19.11 ലക്ഷം രൂപയും പിഴയടപ്പിച്ചു.

നികുതി അടയ്ക്കാതിരുന്ന വാഹനങ്ങള്‍ക്ക് ജിഎസ്ടി വകുപ്പിനെക്കൊണ്ട് 1.53 ലക്ഷം രൂപയും പിഴയടപ്പിച്ചു. എറണാകുളം ജില്ലയില്‍ നടന്ന പരിശോധനയില്‍ മതിയായ രേഖകള്‍ ഹാജരാക്കാത്ത ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്ത് ജിയോളജി, ജിഎസ്ടി വകുപ്പുകളുടെ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തു.