ഷാര്‍ജ: കൊല്ലം സ്വദേശി അതുല്യയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിനെതിരേ കുടുംബം ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. അതുല്യയുടെ സഹോദരി അഖില, സഹോദരീ ഭര്‍ത്താവ് ഗോകുല്‍ എന്നിവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നാട്ടിലെ കേസ് വിവരങ്ങളും അതുല്യയെ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പോലീസിന് കൈമാറി. പോലീസില്‍നിന്ന് നല്ല പിന്തുണ ലഭിച്ചെന്ന് സഹോദരീ ഭര്‍ത്താവ് ഗോകുല്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് തേവലക്കര കോയിവിള തട്ടാന്റെ വടക്കതില്‍ അതുല്യ ഭവനത്തില്‍ അതുല്യയെ (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. 30-ാം ജന്മദിനത്തിലായിരുന്നു അതുല്യയുടെ മരണം. സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവരികയും ചെയ്തു.
ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി.
അതേസമയം, സംഭവത്തിനു പിന്നാലെ സതീഷ് ശങ്കറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
Content Highlights: kollam woman found dead sharjah case against husband
Published: 21 Jul 2025, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented