ദുബായ്: യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളി സംരംഭകരിൽനിന്ന് ഒന്നരകോടിയുടെ (ആറ് ലക്ഷം ദിർഹം) ഉൽപന്നങ്ങൾ തട്ടിയെടുത്തതായി പരാതി. കൊച്ചി സ്വദേശികളായ അബ്ദുൽ ഗഫൂർ, ഫാഹിം അൽ കാസിമി, ഡോ. ഹുസ്ന ഗഫൂർ, ഫാരിസ് അൽ കാസിമി എന്നിവർ ഡയറക്ടർമാരായ പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ കെ.എൻ. ട്രേഡിങ് ആണ് ദുബായ് പൊലീസിനെ സമീപിച്ചത്.

To advertise here,

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന 'ഈസ്റ്റേൺ ഫാംസ് എൽഎൽസി' എന്ന കമ്പനിയുടെ ഉടമകളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നീ രാജസ്ഥാൻ സ്വദേശികൾക്കെതിരെയാണ് ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

കേരളത്തിൽനിന്നുള്ള തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായി 2021-സെപ്റ്റംബറിലാണ് കെ.എൻ ട്രേഡിങ് കമ്പനി പ്രതികളുമായി കരാറിലേർപ്പെട്ടത്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപന്നങ്ങൾ കൈപ്പറ്റിയശേഷം പ്രതികൾ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറി. തുടർന്ന് പണം ബാങ്ക് വഴി അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കാനായി വ്യാജമായി നിർമിച്ച ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്സാപ്പ്, ഇമെയിൽ വഴി അയച്ചുനൽകുകയായിരുന്നു.

എന്നാൽ, കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്താത്തതിനേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികൾ നൽകിയ രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. സാമ്പത്തിക വഞ്ചന പുറത്തായതോടെ കെ.എൻ ട്രേഡിങ് ആദ്യം ദുബായ് ചേംബറിനെയും പിന്നീട് ദുബായ് സിവിൽ കോടതിയെയും സമീപിച്ചു.

രേഖകൾ പരിശോധിച്ച കോടതി, പലിശയും കോടതി ചെലവുകളും ഉൾപ്പെടെയുള്ള തുക പരാതിക്കാർക്ക് നൽകാൻ ഉത്തരവിട്ടു. എന്നാൽ, കോടതി വിധി നടപ്പിലാക്കുന്നതിനുമുൻപ് പ്രതികൾ ദുബായിലെ കമ്പനി പൂട്ടി. നിലവിൽ ഇവർ മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാനമായ ബിസിനസ്സ് സ്ഥാപനം ആരംഭിച്ച് തട്ടിപ്പ് തുടരുകയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇവർക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽചെയ്തിരിക്കുന്നത്.

തങ്ങളെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള നിരവധി കമ്പനികളെയും ഇവർ സമാനമായ രീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ കെ.എൻ ട്രേഡിങ് അധികൃതർ വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനൽ വഴി സമൂഹമാധ്യമങ്ങളിലൂടെ പ്രതികൾ ഇപ്പോഴും തട്ടിപ്പ് തുടരുകയാണെന്നും കൂടുതൽ പേർ ഇവരുടെ കെണിയിൽപ്പെടാതിരിക്കാനാണ് ഈ കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതെന്നും കമ്പനി ഡയറക്ടർമാർ അറിയിച്ചു.