ഡൽഹി: ഡൽഹിയിൽ പ്രവാസി ദമ്പതിമാരെ 'ഡിജിറ്റൽ അറസ്റ്റ്' വ്യാജഭീഷണിയിൽ കുടുക്കി 14.85 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഗ്രേറ്റർ കൈലാഷ് II-ൽ താമസിക്കുന്ന 81-കാരനായ ഓം തനേജയും 77-കാരിയായ ഇന്ദിര തനേജയുമാണ് തട്ടിപ്പിന് ഇരയായത്.
48 വർഷത്തോളം അമേരിക്കയിൽ ഡോക്ടർമാരായി സേവനമനുഷ്ഠിച്ച ഇവർ 2015-ലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഡിസംബർ 24-നാണ് ഇന്ദിരയുടെ ഫോണിലേക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഉദ്യോഗസ്ഥനെന്ന വ്യാജേന കോൾ വന്നത്.
തുടർന്ന് പോലീസ് ഓഫീസറെന്ന് പരിചയപ്പെടുത്തിയ 'വിക്രാന്ത് സിങ് രജ്‌പുത്' എന്നയാൾ വീഡിയോ കോളിലൂടെ നരേഷ് ഗോയൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇതുകൂടാതെ ഇവരുടെ ഫോൺനമ്പർ വഴി അശ്ലീല സന്ദേശങ്ങൾ അയച്ചതായും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും തട്ടിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചു. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ തട്ടിപ്പുകാർ ദമ്പതികളെ വീട്ടുതടങ്കലിലാക്കുകയും പണം തട്ടുകയുമായിരുന്നു.
ജനുവരി ഒമ്പത് വരെ തുടർച്ചയായി ഭീഷണി തുടർന്ന തട്ടിപ്പുകാർ ഈ കാലയളവിൽ മക്കളോടോ സുഹൃത്തുക്കളോടോ അഭിഭാഷകരോടോ സംസാരിക്കാൻ ദമ്പതികളെ അനുവദിച്ചല്ല. വീട്ടിൽ എക്സ്-റേ റിപ്പോർട്ടുമായി വന്ന ഡ്രൈവറോട് സംസാരിച്ചതിന് പോലും തട്ടിപ്പുകാർ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ കാലയളവിൽ പ്രതികളുടെ ഏഴ് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി എട്ട് തവണകളായാണ് തുക കൈമാറിയത്. ഏകദേശം 14.85 കോടി രൂപ ദമ്പതികൾക്ക് നഷ്ടമായതായാണ് റിപ്പോർട്ടുകൾ. തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ദമ്പതികൾ വൈകിയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Content Highlights: NRI couple in Delhi falls victim to a `digital arrest` scam, losing ₹14.85 crore.
Published: 12 Jan 2026, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented