ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ ലക്ഷ്യമിടുന്ന സൗദി അറേബ്യയുടെ ജിദ്ദ ടവർ നിർമാണത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടു. നിലവിൽ ടവറിന്റെ ഉയരം 430 മീറ്ററിലെത്തി, ആസൂത്രണം ചെയ്തിരിക്കുന്ന 1,000 മീറ്ററിലധികം ഉയരത്തിന്റെ 40 ശതമാനത്തിലേറെ നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച നിക്ഷേപകനും കിങ്ഡം ഹോൾഡിങ് കമ്പനി ചെയർമാനുമായ പ്രിൻസ് അൽവലീദ് ബിൻ തലാൽ തൊഴിലാളികളുമായും എൻജിനീയർമാരുമായും കൂടിക്കാഴ്ച നടത്തി.
2013-ലാണ് ജിദ്ദ ടവറിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക-കരാർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2018-ൽ നിർമാണം നിർത്തിവെക്കുകയായിരുന്നു. വർഷങ്ങളായുള്ള ഇടവേളയ്ക്ക് ശേഷം 2025-ൽ വീണ്ടും നിർമാണം പുനരാരംഭിച്ചു. ഇപ്പോൾ അതിവേഗത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നിർമാണം പൂർത്തിയായാൽ 1,000 മീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ആദ്യ കെട്ടിടം എന്ന റെക്കോർഡ് ജിദ്ദ ടവർ സ്വന്തമാക്കും. ഇതോടെ നിലവിൽ 828 മീറ്റർ ഉയരമുള്ള ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബഹുമതിയും ജിദ്ദ ടവറിന് ലഭിക്കും.
ആഡംബരവും ആധുനിക സൗകര്യങ്ങളും
ജിദ്ദ ടവറിൽ ആഡംബര വസതികൾ, ഫൈവ് സ്റ്റാർ ഹോട്ടൽ, ഓഫീസ് സമുച്ചയങ്ങൾ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ ഡെക്കുകളിൽ ഒന്നും ഒരുക്കും. കൂടാതെ 57 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ജിദ്ദ ഇക്കണോമിക് സിറ്റിയുടെ പ്രധാന ആകർഷണമായും ഈ ടവർ മാറും. സൗദിയുടെ ബിസിനസ്, നിക്ഷേപ, ആഡംബര ടൂറിസം മേഖലകളെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജിദ്ദ ഇക്കണോമിക് കമ്പനിയാണ് പദ്ധതി വികസിപ്പിക്കുന്നത്. പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ അഡ്രിയൻ സ്മിത്ത് + ഗോർഡൻ ഗിൽ ആർക്കിടെക്ചർ, തോൺടൺ ടോമസെറ്റി, ലംഗൻ ഇന്റർനാഷണൽ, സൗദി ബിൻലാഡിൻ ഗ്രൂപ്പ് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ അന്തർദേശീയ സ്ഥാപനങ്ങളാണ് പദ്ധതിയുടെ നിർമാണത്തിലും രൂപകൽപ്പനയിലും പങ്കാളികൾ.
നിലവിലെ പുരോഗതി അനുസരിച്ച് 2028ഓടെ ജിദ്ദ ടവർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിർമാണ വേഗതയെ ആശ്രയിച്ചായിരിക്കും അന്തിമ സമയക്രമം തീരുമാനിക്കുക.
Content Highlights: Jeddah Tower, Jeddah Tower height, Saudi Arabia construction, tallest building in the world, Jeddah Economic City
Published: 30 Jul 2026, 12:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented