
വേദപുസ്തകത്തിലെ 'പുറപ്പാടുപുസ്തക' ത്തില്‍ 23 - മത്തെ അധ്യായത്തിലാണ് ലോകമെങ്ങുമുള്ള വിശ്വാസികള്‍ കൊണ്ടാടുന്ന 'കൊയ്ത്തുത്സവം' അഥവാ ആദ്യഫലപ്പെരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 'വയലില്‍ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയില്‍ വയലില്‍നിന്ന് നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുന്നാളും ആചരിക്കേണം. സംവത്സരത്തില്‍ മൂന്നുപ്രാവശ്യം നിന്റെ ആണുങ്ങളെല്ലാം കര്‍ത്താവായ യഹോവയുടെ മുന്‍പാകെ വരണം. എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്. എന്റെ യാഗമേദസ്സ് ഉഷ്ണകാലംവരെ ഇരിക്കയുമരുത്. നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം'. ഭൂമിയിലെ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ കല്‍പ്പനയായിരുന്നു അത്. വെറും കല്‍പ്പനയല്ല, ലോകവും മനുഷ്യവംശവുമുള്ളിടത്തോളം ജീവകാരുണ്യത്തിന്റെ ഉറവ നിലക്കരുതെന്ന മഹാസന്ദേശമാണ് ദൈവത്തിന്റെ വാക്കുകളിലുള്ളത്. ദൈവത്തിന്റെ കല്‍പ്പന ഇന്നും അക്ഷരംപ്രതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ അനുസരിക്കുന്നു, അതാണ് കൊയ്ത്തുത്സവം അഥവാ ആദ്യഫലപ്പെരുന്നാള്‍.
കൊയ്ത്തുത്സവം ഒക്ടോബര്‍ മുതല്‍ ജനുവരി വരെ
യു.എ.ഇ. യിലെ ക്രിസ്തീയ ദേവാലയങ്ങളിലെല്ലാം ആദ്യഫലപ്പെരുന്നാള്‍ ആഘോഷപൂര്‍വമാണ് കൊണ്ടാടുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് സാധാരണയായി ആദ്യഫലപ്പെരുന്നാള്‍ കൊണ്ടാടാറുള്ളത്. എന്നാല്‍ ദേശവ്യത്യാസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിളവെടുപ്പ് കാലങ്ങളിലും വ്യത്യാസമുണ്ടാകും. അപ്പോള്‍ ആദ്യഫലപ്പെരുന്നാളും മാറിവരും. ആദ്യവിളവിലെ ഉത്പ്പന്നങ്ങള്‍കൊണ്ടായിരിക്കണം ആഘോഷമൊരുക്കേണ്ടതും പാവങ്ങള്‍ക്ക് കനിവേകേണ്ടതും. വിളവെടുത്തശേഷം ആദ്യഫലം അശരണര്‍ക്കുള്ള സഹായമായി നല്‍കണം. പണ്ടുമുതലുള്ള രൂഢമൂലമായ വിശ്വാസമാണ് ഇന്നും പ്രവാസനാടുകളിലും വിശ്വാസികള്‍ പാലിക്കുന്നത്. പെരുന്നാള്‍ ഫലങ്ങളില്‍നിന്നുള്ള ആദായം പള്ളികളുടെ നിത്യച്ചെലവുകള്‍ക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ വകമാറ്റരുതെന്നാണ് നിബന്ധന. അതില്‍നിന്നുള്ള മുഴുവന്‍ വരുമാനവും പാവങ്ങളുടെ ഉന്നമനത്തിനു നീക്കിവെയ്ക്കണം. പട്ടിണികിടക്കുന്നവര്‍ക്കും രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഉപകാരപ്പെടുംവിധത്തില്‍ ആദ്യഫലപ്പെരുന്നാള്‍ ആനുകൂല്യങ്ങള്‍ ദാനംചെയ്യണം. ജീവകാരുണ്യത്തിന്റെ സന്ദേശമാണ് ഏതൊരു ആഘോഷവും ഓര്‍മിപ്പിക്കുന്നതെന്നും ആദ്യഫലപ്പെരുന്നാള്‍ സൂചന നല്‍കുന്നുണ്ട്.
നാട്ടുരുചികളുടെ പെരുന്നാള്‍
യു.എ.ഇ. യിലെ പള്ളികളില്‍ ആദ്യഫലപ്പെരുന്നാള്‍ കേരളത്തിന്റെ തനിമയാര്‍ന്ന ഭക്ഷണങ്ങളാല്‍ സമ്പന്നമാണ്. ഉള്‍നാടുകളില്‍ കണ്ടുവരുന്ന തട്ടുകടകള്‍പോലും ഗൃഹാതുര ഓര്‍മകളാണ് സമ്മാനിക്കുന്നത്. ചാന്തും പൊട്ടും കുപ്പിവളകളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും തുണിത്തരങ്ങളും നിറഞ്ഞ ആഘോഷം. സ്റ്റാളുകളില്‍ കരകൗശലവസ്തുക്കളും ഔഷധങ്ങളും ചെടികളുമുണ്ടാവും. ശരാശരി മലയാളിയുടെ ഗൃഹാതുരതയും ഓടിയെത്തുന്ന ആഘോഷമാണിത്. ആബാലവൃദ്ധം വിശ്വാസികളും ഈ ദിവസങ്ങളില്‍ പള്ളിയങ്കണങ്ങളില്‍ ഒത്തുചേരുന്നു. 'ദൈവസഹായം തട്ടുകട' എന്നിങ്ങനെ ദൈവസ്‌നേഹവും വിശ്വാസവും കൂടിക്കലര്‍ത്തന്ന പേരുകളാണ് പെരുന്നാള്‍ സ്റ്റാളുകള്‍ക്കും നല്‍കുന്നത്. കുമ്പിളപ്പം, പുഴുക്ക്, കപ്പയും മീനും, നാടന്‍ ബീഫ്, നസ്രാണി വിഭവങ്ങള്‍ എന്നിവയെല്ലാം ആദ്യഫലപ്പെരുന്നാള്‍ തട്ടുകടകളില്‍ നിരന്നിട്ടുണ്ടാവും. പലതരം അച്ചാറുകള്‍, ഉപ്പിലിട്ടത് എന്നിവയും പ്രദര്‍ശനങ്ങളില്‍ ഇടംപിടിക്കും. ആവശ്യക്കാര്‍ക്ക് വീടുകളിലേക്ക് വാങ്ങിക്കൊണ്ടുപോകാനും സൗകര്യമുണ്ട്. അതത് പള്ളികളിലെ അംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പാചകംചെയ്തുകൊണ്ടുവരുന്നതാണ് തട്ടുകടയിലെ വിഭവങ്ങളെല്ലാമെന്നതാണ് പ്രത്യേകത. തത്സമയം പാചകം ചെയ്തവയും ഉണ്ടായിരിക്കും. പെരുന്നാള്‍ തലേന്നുതന്നെ അതിനായി കുടുംബങ്ങളെത്തി പാചകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. യു.എ.ഇ. യില്‍ വിളയിച്ചെടുത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പ്രധാനമാണ്, കൂടാതെ നാടന്‍ കോഴിക്കറിയും താറാവുമെല്ലാം ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങളാണ്. കേരളത്തില്‍നിന്നുള്ള കലാകാരന്മാരും ജനപ്രതിനിധികളുമെല്ലാം യു.എ.ഇ. യിലെ ആദ്യഫലപ്പെരുന്നാളുകളിലെത്തുന്നു, കലാപരിപാടികളും അരങ്ങേറുക പതിവാണ്. സഭകളുടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന വൈദികരും യു.എ.ഇ. യില്‍ ഈദിവസങ്ങളിലും കാര്‍മികരായെത്തുന്നു.
പള്ളികളും അണിഞ്ഞൊരുങ്ങും
ആദ്യഫലപ്പെരുന്നാള്‍ പള്ളികള്‍ അലങ്കരിക്കുക പ്രധാനമാണ്. വര്‍ണവെളിച്ചങ്ങളാല്‍ ദിവസങ്ങള്‍ക്കുമുന്‍പ് പള്ളികള്‍ അലങ്കരിക്കും. ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നും ഈ ദിനം അറിയപ്പെടുന്നു. പള്ളികളില്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ചെയ്യും. യു.കെ., യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളില്‍ ആദ്യഫലപ്പെരുന്നാള്‍ പ്രധാനമാണ്. വിശ്വാസികളായ സമ്പന്നര്‍ തങ്ങളുടെ തോട്ടങ്ങളില്‍നിന്നുതന്നെ ആദ്യഫലങ്ങള്‍ പറിച്ചെടുത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നു. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടത്ര പരിഗണനയും സ്‌നേഹവും നല്‍കണമെന്നും ആദ്യഫലപ്പെരുന്നാള്‍ ഓര്‍മിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്‌നേഹത്തിന്റെ ആഘോഷമാണ് ആദ്യഫലപ്പെരുന്നാള്‍. ഇന്ത്യയില്‍ ശരത്കാല ഉത്സവങ്ങളും വിളവെടുപ്പും ക്രിസ്തീയ വിശ്വാസങ്ങളിലെ ആദ്യഫലപ്പെരുന്നാളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗോതമ്പുകൊയ്തെടുത്ത് അതില്‍നിന്നുള്ള ആദ്യത്തെ 'റൊട്ടി' നിര്‍ധനര്‍ക്ക് പങ്കുവെയ്ക്കുന്ന ഏഷ്യന്‍ സമ്പ്രദായവും ആദ്യഫലപ്പെരുന്നാളിന്റെ കാരുണ്യമാണ് ലോകത്തോട് പറയുന്നത്. 15 , 16 നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ കലാ - സാഹിത്യസൃഷ്ടികളില്‍ ക്രിസ്തീയവിശ്വാസങ്ങളിലെ ദാനധര്‍മങ്ങളും ആദ്യഫലപ്പെരുന്നാളും പ്രതിപാദിച്ചിട്ടുണ്ട്.
'മരുഭൂമിയിലെ മണര്‍ക്കാട്' എന്നുവിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജയിലെ സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പത്രിയാര്‍ക്കല്‍ കത്തീഡ്രല്‍ വികാരി ഫാ.എല്‍ദോസ് കാവാട്ട് ആദ്യഫലപ്പെരുന്നാളിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്, 'ഈ ലോകത്തെ പരിപാലിക്കുന്നതിന് ചുമതലയേല്‍പ്പിക്കപ്പെട്ട നമ്മള്‍ക്ക് ലോകത്തിലെ വിഭവങ്ങള്‍കൊണ്ട് നന്മചെയ്യാന്‍ അവസരമുള്ളതാണ് ആദ്യഫലപ്പെരുന്നാള്‍. അങ്ങിനെയൊരു അവസരം ലഭിക്കുന്നതിന് നന്ദിപറയാനുള്ള വേളകൂടിയാണിത്. ഭൂമി അതിന്റെ ഫലങ്ങളെ തന്നു, നമ്മുടെ ദൈവം നമ്മെ വാഴ്ത്തും. അധ്വാനത്തിന്റെ ഒരംശം കാഴ്ചയായി സമര്‍പ്പിച്ച് ഒരുദിവസം ദൈവസന്നിധിയില്‍ ചെലവഴിക്കാന്‍ ലഭിക്കുന്ന മഹനീയാവസരം കൂടിയാണ് ഈ സുദിനം..'
Content Highlights: Gulf feature
Published: 26 Oct 2024, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented