കരിപ്പൂർ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പത്തിരട്ടിവരെ കൂട്ടി വ്യോമയാനകമ്പനികൾ. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വേനലവധിക്ക് നാട്ടിലെത്തി മടങ്ങുന്ന സീസൺ ആയതിനാലാണ് ഇങ്ങനെ നിരക്കുകൂട്ടി യാത്രക്കാരെ പിഴിയുന്നത്. നാലംഗ കുടുംബമാണെങ്കിൽ 80,000 മുതൽ ഒരു ലക്ഷം വരെ അധികം മുടക്കേണ്ട സ്ഥിതിയാണിപ്പോൾ.
കോഴിക്കോട് -ദുബായ് റൂട്ടിൽ പതിനായിരംരൂപയിൽ താഴെ ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 34,792 രൂപമുതൽ 1,34,225 രൂപ വരെയാണ് ഈടാക്കുന്നത്. സെപ്റ്റംബർ പകുതിക്കുശേഷം ഇത് 9693 രൂപയായി കുറയും. കോഴിക്കോട്ടുനിന്ന് ഷാർജയിലേക്ക് 7500 രൂപയുണ്ടായിരുന്നത് 34,540 രൂപ മുതൽ 1,34,255 രൂപ വരെയായി. സെപ്റ്റംബർ പകുതിയോടെ ഇത് 15000 രൂപയ്ക്ക് താഴെയെത്തും. അബുദാബിയിലേക്ക് 31,326 രൂപ മുതൽ 1,34,255 രൂപവരെയായ നിരക്ക് അടുത്തമാസം പകുതിയോടെ പതിനായിരത്തിന് താഴെയാകും.
ദമാമിലേക്ക് 8000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 34,540 മുതൽ 1,34,255 വരെയായി. ഇതും പിന്നീട് 15000ത്തിന് താഴെയാകും. അൽ ഐനിലേക്ക് 35,298 മുതൽ 78,718 വരെയാണ് നിരക്ക്. ദോഹയിലേക്ക് 35,882 രൂപ മുതൽ 1,32,416 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിലേക്കെല്ലാം രണ്ടാഴ്ചമുൻപ് വരെ പതിനായിരത്തിനു താഴെയായിരുന്നു നിരക്ക്.
ജിദ്ദ, റിയാദ് എന്നിവിടങ്ങിലേക്കും കുത്തനെയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്. 45,000 മുതൽ 3,87,157 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്. 15000 രൂപയിൽ താഴെ ടിക്കറ്റ് ലഭിച്ചിരുന്നു. സെപ്റ്റംബർ പകുതിയോടെ ഇതും പതിനായിരത്തിലെത്തും.
നിലവിൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള എല്ലാ വിമാനങ്ങളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. ഓഗസ്റ്റ് 25-ന് ഒട്ടുമിക്ക സ്കൂളുകളിലും അധ്യയനം തുടങ്ങിയിട്ടുണ്ട്. അതിനാൽ പലർക്കും യാത്ര ഏറെ നീട്ടിവെക്കാൻ കഴിയില്ല. ഇതു മനസ്സിലാക്കിയാണ് വിമാനക്കമ്പനികളുടെ കൊള്ള എല്ലാ വർഷവും നടക്കുന്നത്.
Content Highlights: Gulf Airfares Soar Tenfold from Kerala as Summer Travel Season Ends
Published: 26 Aug 2025, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented