എഡ്മണ്ടൻ: കാനഡയിലെ എഡ്മണ്ടൻ അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്ക്
മഹോത്സവത്തിന് തുടക്കം കുറിച്ചു. വ്രതശുദ്ധിയുടെയും ആത്മീയ സമർപ്പണത്തിന്റെയും പുണ്യദിനങ്ങളിലേക്ക് ഭക്തജനങ്ങളെ നയിക്കുന്ന മണ്ഡലകാല ആഘോഷങ്ങൾക്ക് ക്ഷേത്രസന്നിധിയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

To advertise here,

ഈ മണ്ഡലകാലം മുഴുവൻ ക്ഷേത്രത്തിൽ നിത്യപൂജകൾ ഉണ്ടായിരിക്കും. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഭക്തജനങ്ങൾക്ക് വ്രതശുദ്ധിയോടെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനും, ശരണം വിളികളോടെ പ്രാർഥനകളിൽ പങ്കുചേരാനും ക്ഷേത്രസന്നിധിയിൽ അവസരമൊരുക്കിയിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി കൂക്കംപ്പാറ മന ശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടക്കുന്നത്.

മണ്ഡലകാലത്തോട് അനുബന്ധിച്ച് ഭക്തർക്ക് പ്രത്യേക വഴിപാടായി മണ്ഡലപൂജ സമർപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും മറ്റ് വിവരങ്ങൾക്കുമായി ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

എഡ്മണ്ടനിൽ സ്വാമി അയ്യപ്പന് ഒരു സ്ഥിരം ആസ്ഥാനം നിർമിക്കാൻ കൈകോർക്കുക" (Help build a permanent home for Swami Ayyappa in Edmonton) എന്ന സന്ദേശവുമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും പുനഃപ്രതിഷ്ഠയ്ക്കും വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായി മുന്നോട്ടുപോകുകയാണ്.

കേരളീയ ശൈലിയിലുള്ള ഒരു പുണ്യക്ഷേത്രം ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും , വീഡിയോ പ്രകാശനവും കൾച്ചറൽ ഹെറിറ്റേജ് ഫെസ്റ്റിവലായ 'തത്വമസി'യുടെ വേദിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര നിർമാണത്തിനുള്ള ആദ്യ സംഭാവന കരൺ മേനോനിൽ നിന്നും ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങി.

സമൂഹത്തിന്റെ കൂട്ടായ്മയും വിശ്വാസികളുടെ പിന്തുണയുമാണ് ക്ഷേത്രത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ക്ഷേത്രാഘോഷങ്ങൾക്കപ്പുറം, സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന ഈ മഹോത്സവം പ്രവാസി മലയാളികളുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയുടെ മഹത്തായ പ്രതീകമായി നിലകൊള്ളുന്നു.

വരും ദിവസങ്ങളിലും മണ്ഡലപൂജയുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങുകളും, പടിപൂജയും, പ്രാർഥനാ സദസ്സുകളും ക്ഷേത്രത്തിൽ നടക്കും.
വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും ക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്

വെബ്സൈറ്റ്: ayyappatemple.org

ഇമെയിൽ: ayyappatemple.edmonton@gmail.com