ദുബായ്: ഹെസ്സ സ്ട്രീറ്റിന്റെ രണ്ടാം ഘട്ട വികസന പദ്ധതിക്ക് കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ ഹെസ്സ സ്ട്രീറ്റിന്റെ ഗതാഗത ശേഷി വർധിപ്പിക്കുന്നതിനൊപ്പം യാത്രാസമയം കുറയ്ക്കുകയുമാണ് ലക്ഷ്യം. സൈക്ലിങ് ഉൾപ്പടെയുള്ള സുസ്ഥിര ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വികസന പദ്ധതിയാണ് രൂപകല്പന ചെയ്തത്. അൽ ഖൈൽ റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലായി മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പാക്കുക. റോഡിലെ വാഹനശേഷി ഇരട്ടിയാക്കുന്നതിനൊപ്പം യാത്രാസമയം 24 മിനിറ്റിൽ നിന്ന് വെറും അഞ്ചായി കുറയുകയും ചെയ്യും. ജുമൈര വില്ലേജ് സർക്കിൾ, അൽ ബർഷ സൗത്ത്, അർജൻ, ദുബായ് സയൻസ് പാർക്ക്, ജുമൈര ലേക്ക്‌സ് ടവേഴ്‌സ്, ബർഷ ഹൈറ്റ്‌സ്, ദ ഗ്രീൻസ്, എമിറേറ്റ്‌സ് ഹിൽസ് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ആറര ലക്ഷത്തോളം താമസക്കാർക്ക് പദ്ധതി പ്രയോജനകരമാകും.

To advertise here,

എമിറേറ്റിന്റെ നഗരവികസനത്തിനൊപ്പം സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. ജനസാന്ദ്രത കൂടുതലുള്ളതും അതിവേഗം വികസിക്കുകയും ചെയ്യുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഹെസ്സ സ്ട്രീറ്റ്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ ഗതാഗത കുരുക്ക് അനുഭവപ്പെടാറുമുണ്ട്. ഓരോ ദിശകളിലെയും പാതകളുടെ എണ്ണം രണ്ടിൽനിന്നും നാലായി വർധിപ്പിക്കുന്നതോടെ വാഹനശേഷി 4000-ൽ നിന്നും 8000 ആയി ഉയരും. ജങ്ഷനുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. 8835 മീറ്റർ നീളത്തിലുള്ള പാലങ്ങൾ, 480 മീറ്റർ നീളമുള്ള രണ്ട് വരി തുരങ്കങ്ങൾ, 10.4 കിലോമീറ്ററിൽ ഇ-സ്‌കൂട്ടർ, സൈക്ലിങ് പാതകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. അൽ ഖൈൽ റോഡ്, ഹെസ്സ സ്ട്രീറ്റ് ജങ്ഷൻ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഇന്റർസെക്ഷനുകളെ മൾട്ടിലെവൽ ഇന്റർചേഞ്ചുകളാക്കി മാറ്റും. ഇതുവഴി മണിക്കൂറിൽ 18,200 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ അൽ ഖമീല സ്ട്രീറ്റ്, ജുമൈര വില്ലേജ് സർക്കിൾ, അൽ ബർഷ സൗത്ത് എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡുകളും പാലങ്ങളും പ്രവർത്തനക്ഷമമാകുന്നതോടെ മണിക്കൂറിലെ വാഹനശേഷി 11,200 മുതൽ 16,800 ആയും വർധിക്കും. താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്നും അൽ തായർ വിശദീകരിച്ചു.