ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതീവ ജാഗ്രതയോടെയും നിയന്ത്രിത രീതിയിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

To advertise here,

എയർലൈനുകളിൽനിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയെന്ന് നിർദേശമുണ്ട്. അല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും റീബുക്കിങ് ലഭിച്ചവർക്കുമാണ് മുൻഗണന. അത്തരത്തിലുള്ള യാത്രക്കാരെ എമിറേറ്റ്‌സ് നേരിട്ട് ബന്ധപ്പെടും.

മസ്കറ്റിൽനിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചൊവ്വാഴ്ച മുതൽ സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിൽ നിന്നുള്ള സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ഡൽഹി, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ചമുതൽ നടത്തും. മസ്കറ്റിൽ നിന്നുള്ള ആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 10:25-ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും.

അതേസമയം, സൗദി അറേബ്യ, യുഎഇ (ദുബായ് ഉൾപ്പെടെ), ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രിവരെ നിർത്തിവെച്ചിരിക്കുകയാണ്. 

യാത്രക്കാർക്ക് www.airindiaexpress.com വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാം. തടസ്സങ്ങൾ നേരിട്ട യാത്രക്കാർക്ക് റീബുക്കിങ്ങിനും ക്യാൻസലേഷനും ഫീസ് ഇളവ് ലഭിക്കുമെന്ന്  അധികൃതർ അറിയിച്ചു. ഇതിനായി യാത്രക്കാർക്ക് https://www.airindiaexpress.com/manage-booking എന്ന ലിങ്ക് വഴി തങ്ങളുടെ ബുക്കിങ്ങുകൾ പരിശോധിക്കാവുന്നതാണ്. സേവനങ്ങൾ വാട്സാപ്പ് വഴി ലഭിക്കുന്നതിനായി +91 63600 12345 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ ഇതുവരെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. യു.എ.ഇ.യിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച്‌ ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ.

ഇറാന്റേത് വഞ്ചനാപരമായ ആക്രമണമാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ആരോപിച്ചു. സാധാരണക്കാരേയും ജനവാസ മേഖലകളേയും ലക്ഷ്യംവെച്ചുള്ള  ആക്രമണത്തെ അപലപിക്കുന്നതായും ഇറാൻ ഇതിന് കൃത്യമായ മറുപടി നൽകണമെന്നും ജി.സി.സി. കൗൺസിൽ യോഗം പ്രസ്താവിച്ചു.