അബുദാബി: എമിറേറ്റിലെ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്‌നോക്) കീഴിലുള്ള പെട്രോൾ സർവീസ് സ്റ്റേഷനുകൾ സൗരോർജത്തിലേക്ക് മാറുന്നു.

To advertise here,

ഇതുസംബന്ധിച്ച് അഡ്‌നോക് അധികൃതർ മസ്ദാറിന്റെയും ഇ.ഡി.എഫ്. ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എമർജുമായി കരാർ ഒപ്പിട്ടു. അഡ്‌നോക് സോളാർ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.

അഡ്‌നോക് സർവീസ് സ്റ്റേഷനുകളിലേക്കുള്ള സൗരോർജ പാനലുകൾ രൂപകല്പന ചെയ്യാനും സ്ഥാപിക്കാനും പരിപാലിക്കാനുമായി എമർജ് സഹായധനം നൽകും. രണ്ടാംഘട്ടത്തിൽ അഡ്‌നോകിന് കീഴിലെ അബുദാബിയിലെ 100 സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. പ്രതിവർഷം ഏകദേശം 30,000 മെഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കും. ഇത് ഏതാണ്ട് 100 കോടി സ്മാർട്ട് ഫോണുകൾ ചാർജ് ചെയ്യാനുള്ള ഊർജത്തിന് തുല്യമാണ്.

പ്രതിവർഷം 13,000 ടണ്ണിലേറെ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനുമാകും. 2030-നകം കാർബൺ പുറന്തള്ളൽ 25 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞവർഷം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദുബായ് അഡ്‌നോക് സ്റ്റേഷനുകളിലുടനീളം സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു.

2024 അവസാനത്തോടെ 6300 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചു. കാർബൺ പുറന്തള്ളൽ 2900 ടൺ കുറയ്ക്കുകയുംചെയ്തു.