ഡിസൈൻ വരയ്ക്കുന്നതും അത് നിർമ്മിക്കപ്പെടുന്നതും തമ്മിൽ ഒരു വലിയ ദൂരമുണ്ട്. ആ ദൂരത്തിലാണ് പല കാര്യങ്ങളും മാറുന്നത്.

രണ്ട് വീടുകൾ...ഒരേ പ്രദേശത്ത്, ഏകദേശം ഒരേ കാലയളവിൽ നിർമാണം പൂർത്തിയായ രണ്ട് വീടുകൾ. രണ്ടും ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ്. മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് വീടുകളുടെയും ഗൃഹപ്രവേശനവും വളരെ നല്ല രീതിയിൽ തന്നെ നടന്നു. രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശനത്തിന് ചെന്നപ്പോഴാണ് കോൺട്രാക്ടർ ഒരു കാര്യം പറഞ്ഞത്.
''ആളുകൾക്ക് രണ്ട് വീടുകളും ഇഷ്ടപ്പെട്ടു. പക്ഷേ രണ്ടാമത്തെ വീടിനാണ് കൂടുതൽ പ്രത്യേകതയെന്ന് പൊതുവെയുള്ള അഭിപ്രായം.''
അത് ഒരു പരിധിവരെ സ്വാഭാവികമായിരുന്നു. ആദ്യത്തെ ക്ലയന്റ് തന്റെ ആവശ്യങ്ങളിൽ വളരെ ഉറച്ചുനിന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ തന്നെയായിരുന്നു പലപ്പോഴും അന്തിമം. എന്നാൽ രണ്ടാമത്തെ ക്ലയന്റ് എനിക്ക് കൂടുതൽ ഡിസൈൻ ഫ്രീഡം നൽകിയിരുന്നു. എന്റെ പല ആശയങ്ങളും പരീക്ഷിക്കാൻ അവർ തയ്യാറായിരുന്നു.കോൺട്രാക്ടർ തുടർന്നു:
''പലയിടത്തുനിന്നും ആർക്കിടെക്ട് ആരാണെന്ന് ചോദിച്ചു. രണ്ട് വീടുകളും ഒരേ ആർക്കിടെക്ട് ചെയ്തതാണെന്ന് പറഞ്ഞു. പക്ഷേ കോൺട്രാക്ടർമാർ വേറെയാണെന്ന് കൂടി പറഞ്ഞപ്പോൾ, 'ഓഹോ... അപ്പോൾ കോൺട്രാക്ടർ വേറെയായതിന്റെ വ്യത്യാസമാണ്!' എന്നായിരുന്നു അവരുടെ പ്രതികരണം.''
അപ്പോൾ ഞാനത് ചിരിച്ചു തള്ളിയെങ്കിലും, അത് മനസ്സിൽ ചെറിയൊരു വേദനയായി. കാരണം, ഒരു വീട് പൂർത്തിയാകുമ്പോൾ ആളുകൾ കാണുന്നത് അതിന്റെ അവസാന രൂപമാണ്. അതിന് പിന്നിൽ നടന്ന എത്രയോ തീരുമാനങ്ങളും ചർച്ചകളും പരീക്ഷണങ്ങളും അവർ കാണുന്നില്ല.ഒരു ജനൽ കാണാം. പക്ഷേ എന്തുകൊണ്ടാണ് ആ ജനൽ അവിടെ, ആ ഉയരത്തിൽ, ആ സ്ഥാനത്ത് വെച്ചിരിക്കുന്നതെന്ന് അറിയണമെന്നില്ല. ഒരു മുറിയുടെ വലുപ്പം കാണാം. എന്നാൽ ആ അളവിലേക്ക് എത്തിയത് എങ്ങനെയാണെന്ന് അറിയണമെന്നില്ല.
ഒരു വീട് നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഒരു റിസൾട്ട് മാത്രമാണ്, ഒരു വലിയ പ്രോസസ്സിന്റെ അവസാന ഔട്ട്പുട്ട്. അതിന് പിന്നിൽ നടന്ന ചിന്തകളും ചർച്ചകളും പരീക്ഷണങ്ങളും തീരുമാനങ്ങളും പലപ്പോഴും അദൃശ്യമാണ്. പക്ഷേ, പലപ്പോഴും ഒരു വീട് നിർമ്മിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ കാണുന്ന രൂപത്തിലല്ല; ആ രൂപത്തിലേക്ക് എത്തിച്ചേരാൻ നടന്നിട്ടുള്ള ഈ അദൃശ്യമായ പ്രക്രിയയിലാണ്.
''പ്ലാൻ മാത്രം മതി''
എന്റെ തുടക്കകാലത്ത് ഏറ്റവും കൂടുതൽ ഞാൻ നേരിട്ടിരുന്ന ഒരു സമീപനമായിരുന്നു ''പ്ലാൻ മാത്രം മതി'' എന്നത്. പ്ലാനും ത്രിഡിയും കൊടുത്താൽ ബാക്കി കോൺട്രാക്ടർ നോക്കിക്കോളും എന്നതായിരുന്നു ധാരണ. കോളേജ് കാലത്തും, പിന്നീട് പ്രാക്ടീസിന്റെ ആദ്യകാലത്തും സൈറ്റിൽ പോയി നിർമ്മാണം കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് അത്രയുണ്ടായിരുന്നില്ല. അതോടൊപ്പം, ഇൻഡസ്ട്രിയിൽ എങ്ങനെയെങ്കിലും കയറിപ്പറ്റണം എന്ന ആഗ്രഹവും. അതുകൊണ്ടുതന്നെ ആ രീതിയിൽ ജോലി ചെയ്യുന്നത് ഒരു തരത്തിൽ സുരക്ഷിതമായ വഴിയായി എനിക്ക് തോന്നിയിരുന്നു. പലപ്പോഴും ഒരു കോൺട്രാക്ടർക്ക് പ്ലാനും എലിവേഷനും ത്രിഡിയും നോക്കി കെട്ടിടത്തിന്റെ രൂപം കൃത്യമായി കൊണ്ടുവരാൻ സാധിക്കും. പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ശരിയായിരിക്കുകയും ചെയ്യും.
പക്ഷേ, കാഴ്ചയിൽ മാത്രം എല്ലാം ശരിയായാൽ മതിയോ?
ഒരു ത്രിഡി ചിത്രം ഒരു വീട് എങ്ങനെയിരിക്കണം എന്ന് കാണിച്ചുതരാം. പക്ഷേ എന്തുകൊണ്ടാണ് അത് അങ്ങനെ രൂപകൽപ്പന ചെയ്തതെന്ന് മുഴുവൻ പറഞ്ഞുതരാൻ അതിന് കഴിയില്ല.
ഒരു കോൺട്രാക്ടർക്ക് ഒരു ജനൽ എവിടെ വേണമെന്ന് മനസ്സിലാകും.
പക്ഷേ അത് അവിടെ എന്തിനാണ് എന്ന് അറിയണമെന്നില്ല.
ആ ജനലിന്റെ വലുപ്പം അങ്ങനെ തീരുമാനിച്ചത് എന്തുകൊണ്ട്?
അതിന്റെ ഉയരം എന്തുകൊണ്ടാണ് അങ്ങനെ?
രാവിലെ വരുന്ന വെളിച്ചത്തിനായിരുന്നോ?
കാറ്റിന്റെ സഞ്ചാരത്തിനായിരുന്നോ?
സ്വകാര്യതയ്ക്കായിരുന്നോ?
ഒരു പ്രത്യേക കാഴ്ചയ്ക്കായിരുന്നോ?
അവിടെ ഇരിക്കുന്ന ഒരാളുടെ അനുഭവത്തിനായിരുന്നോ?
അല്ലെങ്കിൽ മറ്റൊരു മുറിയുമായുള്ള ബന്ധം കൊണ്ടായിരുന്നോ?
ഒരു ചെറിയ മാറ്റം പോലും ഈ കാര്യങ്ങളിൽ ചിലത് മാറ്റിയേക്കാം. പക്ഷേ എലിവേഷൻ നോക്കുമ്പോൾ ആ മാറ്റം ഒരുപക്ഷേ കാണുകയേയില്ല.
കാണുന്നത് ഒരു ഡീറ്റൈൽ ആണ്. എന്നാൽ അതിന് പിന്നിൽ കാണാത്ത ഒരു തീരുമാനമുണ്ട്.
ഇത്തരം കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നത് ചില സൈറ്റ് അനുഭവങ്ങളിലൂടെയാണ്.
10 സെന്റിമീറ്ററിന്റെ മാറ്റം
എന്റെ ആദ്യകാലത്തെ ഒരു പ്രൊജക്ടിൽ, ഒരു ബാത്ത്‌റൂമിന്റെ വാതിലിന്റെ സ്ഥാനം കോൺട്രാക്ടർ സൈറ്റിൽ വെച്ച് മാറ്റി. ഏകദേശം 1012 സെന്റിമീറ്ററിന്റെ മാത്രം മാറ്റം.
പക്ഷേ ആ മാറ്റം വരുത്തുന്നതിന് മുമ്പ് എന്നോട് ചോദിച്ചിരുന്നില്ല. നിർമ്മാണം മുന്നോട്ടുപോകുന്നതിനിടയിൽ സൈറ്റിൽ എടുത്ത ഒരു ചെറിയ തീരുമാനം മാത്രമായിരുന്നു അത്. പൂർത്തിയായപ്പോൾ ആ ചെറിയ മാറ്റം കാരണം ബാത്ത്‌റൂമിലെ വെറ്റ് ഏരിയയും ഡ്രൈ ഏരിയയും തമ്മിലുള്ള വിഭജനം ശരിയായി പ്രവർത്തിക്കാതെ വന്നു. അത് തിരുത്തണമെങ്കിൽ വാതിൽ പൊളിച്ച് വീണ്ടും ചെയ്യേണ്ടിവരും. ഞാൻ അത് ചെയ്യണമെന്ന് ആലോചിച്ചു. പക്ഷേ ക്ലയന്റിന് വീണ്ടും ചെലവും സമയവും വരുമെന്നതിനാൽ അവർ അതിന് തയ്യാറായില്ല.
അന്ന് ഞാൻ ഏറെ വിഷമിച്ചു. ഇന്ന് അതേ സാഹചര്യം വന്നാൽ ഞാൻ ഒരുപക്ഷേ അങ്ങനെ വിട്ടുകൊടുക്കില്ല. ആവശ്യമെങ്കിൽ പണിത ഭാഗം പൊളിച്ച് വീണ്ടും ചെയ്യാൻ പോലും ഞാൻ പറയും. കാരണം, ഒരു ചെറിയ മാറ്റത്തിന്റെ സൗകര്യത്തിനു വേണ്ടി പിന്നീട് വർഷങ്ങളോളം ഒരു കുടുംബം അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് ശരിയല്ല.അന്ന് ഞാൻ പഠിച്ച ഒരു കാര്യമാണ് ഇത്. സൈറ്റിൽ സംഭവിക്കുന്ന ഒരു മാറ്റം ചെറിയതാണോ എന്ന് മാത്രം നോക്കിയാൽ പോരാ. അത് ആ സ്ഥലത്തിന്റെ ഉപയോഗത്തെ എങ്ങനെ മാറ്റും എന്നുകൂടി നോക്കണം.
ഒരു ജനൽ അയൽവീട്ടിലേക്കും തുറക്കും
മറ്റൊരു പ്രൊജക്ടിൽ, ഒരു ചുമരിൽ രണ്ട് ചെറിയ ജനലുകളുണ്ടായിരുന്നു. പിന്നീട് അവ മാറ്റി ഒരു വലിയ ജനലാക്കി. കോൺട്രാക്ടറും ക്ലയന്റും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. നിർമ്മാണം എളുപ്പമാക്കാനും ചെലവും ജോലിയും കുറയ്ക്കാനും പ്രായോഗികമായി തോന്നിയിരിക്കാം. പക്ഷേ പുതിയ ജനലിന്റെ സ്ഥാനം നേരെ അയൽവീട്ടിലെ ഒരു ബാത്ത്‌റൂം വെന്റിലേറ്ററിന് അഭിമുഖമായിരുന്നു. അവിടെ പ്രശ്‌നമായത് ജനലിന്റെ വലുപ്പം മാത്രമായിരുന്നില്ല. ആ ജനലിന്റെ സ്ഥാനം തീരുമാനിക്കുമ്പോൾ അയൽവീടും ആ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഒരു വീടിന്റെ ഡിസൈൻ സ്വന്തം പ്ലോട്ടിനുള്ളിൽ മാത്രം അവസാനിക്കുന്നതല്ല. അയൽവീടുമായുള്ള പ്രൈവസി, വെളിച്ചം, കാറ്റ്, കാഴ്ച ഇവയൊക്കെ ഒരു ആർക്കിടെക്റ്റ് ചിന്തിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ സൈറ്റിൽ ഒരു മാറ്റം വരുത്തുമ്പോൾ ആ വലിയ ചിന്തയിൽ നിന്ന് ഒരു ചെറിയ പ്രാക്ടിക്കൽ ഡിസിഷൻ മാത്രമായി അത് ചുരുങ്ങിപ്പോകാം.
കോൺട്രാക്ടറെ മാത്രം കുറ്റപ്പെടുത്താനാകില്ല
ഇവിടെ കോൺട്രാക്ടറെ മുഴുവനായി കുറ്റപ്പെടുത്തുന്നതും ശരിയല്ല. ഒരു നല്ല കോൺട്രാക്ടറുടെ കൈവശം ഒരു ആർക്കിടെക്റ്റിനില്ലാത്ത പല അറിവുകളും ഉണ്ടാകും. സൈറ്റിലെ വർഷങ്ങളുടെ പരിചയം, തൊഴിലാളികളുമായുള്ള ഇടപെടൽ, മെറ്റീരിയലുകളുടെ പ്രായോഗിക അറിവ്, നിർമ്മാണത്തിന്റെ ക്രമം, ഒരു പ്രത്യേക സാഹചര്യത്തിൽ യാഥാർത്ഥ്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്നുള്ള ധാരണ ഇവയെല്ലാം വളരെ പ്രധാനപ്പെട്ട അറിവുകളാണ്.
ഒരു നല്ല വീട് ഉണ്ടാകാൻ ആർക്കിടെക്റ്റിന്റെ അറിവും കോൺട്രാക്ടറുടെ അനുഭവവും രണ്ടും ആവശ്യമാണ്.
പ്രശ്‌നം ആരാണ് കൂടുതൽ പ്രധാനപ്പെട്ടത് എന്നതല്ല.
ഒരു തീരുമാനത്തിന് പിന്നിലെ 'Why' അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ്.
സാന്നിധ്യം
വീട് പണിയുന്ന സമയത്ത് മറ്റൊരു കാര്യം കൂടി സ്വാഭാവികമായി സംഭവിക്കും. കോൺട്രാക്ടർ മിക്ക ദിവസവും സൈറ്റിലുണ്ടാകും. തറ കെട്ടുമ്പോഴും ചുമർ ഉയരുമ്പോഴും സ്ലാബ് വാർക്കുമ്പോഴും കോൺട്രാക്ടർ സൈറ്റിലുണ്ടാകും. എന്തെങ്കിലും ചെറിയ പ്രശ്‌നം വന്നാൽ ഉടൻ സംസാരിക്കാൻ കഴിയുന്ന ഒരു കോൺടാക്ട് പോയിന്റായും കോൺട്രാക്ടർ സൈറ്റിലുണ്ടാകും. ആർക്കിടെക്റ്റ് ചില ഘട്ടങ്ങളിൽ മാത്രമായിരിക്കും സൈറ്റിലെത്തുന്നത്. അപ്പോൾ വീട്ടുടമയ്ക്ക് ആരോടാണ് കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ തോന്നുക എന്ന് ഊഹിക്കാമല്ലോ. സാന്നിധ്യം പലപ്പോഴും വിശ്വാസമായി തോന്നും.
അതുകൊണ്ടാണ് ചിലപ്പോൾ ആളുകൾ പറയുന്നത്:
''കോൺട്രാക്ടർ എപ്പോഴും സൈറ്റിലുണ്ടല്ലോ.''
അതേസമയം ആർക്കിടെക്റ്റിനെക്കുറിച്ച്:
''ഇടയ്‌ക്കൊക്കെ മാത്രമേ വരൂ.''
ഈ വ്യത്യാസം സ്വാഭാവികമാണ്.
പക്ഷേ സൈറ്റിൽ കൂടുതൽ സമയം കാണപ്പെടുന്ന ആളാണ് ഡിസൈനിലെ എല്ലാ തീരുമാനങ്ങളുടെയും പിന്നിലെ ചിന്തകൾ അറിയുന്നയാൾ എന്നല്ല.
അതുപോലെ തന്നെ, ഒരു ആർക്കിടെക്റ്റ് ഒരു തീരുമാനം എടുത്തു എന്നതുകൊണ്ട് മാത്രം ആ തീരുമാനം സൈറ്റിൽ കൃത്യമായി എത്തിച്ചേരുമെന്നും ഉറപ്പില്ല.
ഡിസൈൻ വരയ്ക്കുന്നതും അത് നിർമ്മിക്കപ്പെടുന്നതും തമ്മിൽ ഒരു വലിയ ദൂരമുണ്ട്.
ആ ദൂരത്തിലാണ് പല കാര്യങ്ങളും മാറുന്നത്.
ഇത് എനിക്ക് കൂടുതൽ വ്യക്തമായി മനസ്സിലായത് മറ്റൊരു വീടിന്റെ അനുഭവത്തിലാണ്.
വീൽചെയർ വീട്
ഒരു വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് വേണ്ടി വളരെ പരിമിതമായ ബജറ്റിൽ ഒരു വീട് രൂപകൽപന ചെയ്യാൻ എനിക്കൊരു അവസരം ലഭിച്ചു. അവരുടെ കുടുംബത്തിന്റെ പക്കൽ ഏകദേശം രണ്ട് ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള ഒരു സ്വകാര്യ NGO കൂട്ടായ്മയാണ് വീടിന്റെ നിർമ്മാണത്തിന് സഹായിക്കാൻ മുന്നോട്ടുവന്നത്.
ഞാൻ പ്രതിഫലം വാങ്ങാതെയാണ് ഡിസൈൻ ചെയ്തത്.
എന്നാൽ അത് ഒരു സാധാരണ വീട് പോലെ ചെയ്യാൻ കഴിയുമായിരുന്നില്ല. അവർക്ക് വീൽചെയർ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. കൈകൾ കൊണ്ടുള്ള പല കാര്യങ്ങളും സ്വയം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിലുപരി അവർ ഒരു കലാകാരി ആയിരുന്നു. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അവർക്ക് പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. മറ്റുള്ളവരെ അധികം ബുദ്ധിമുട്ടിക്കാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതിനും, തന്നെ പോലുള്ള സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതിനും അവരുടേതായ ഒരു വീട് വേണമെന്ന് അവർ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ നമുക്ക് വളരെ സാധാരണമെന്നു തോന്നുന്ന പല കാര്യങ്ങളും അവർക്കുവേണ്ടി വ്യത്യസ്തമായി ചെയ്യേണ്ടതുണ്ടായിരുന്നു.
ഒരു സ്വിച്ച് എവിടെ വരണം?
ക്ലോസറ്റ്, വാഷ്ബേസിൻ എത്ര ഉയരത്തിൽ വരണം?
വീൽചെയർ ഉരുട്ടിക്കൊണ്ടുപോകാനുള്ള സൗകര്യം ഓരോ റൂമിലും ഓരോ കോർണറിലും കിട്ടുന്നുണ്ടോ?
റാമ്പ് എങ്ങനെ എത്തണം?
ഫർണിച്ചറുകൾ എങ്ങനെ ഉപയോഗിക്കാം?
അടുക്കള ഏതു രീതിയിൽ അവർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റാം?
ഇവയൊന്നും ചെറിയ ഡീറ്റെയിൽസ് ആയിരുന്നില്ല.
അവരുടെ വീട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ അവർക്ക് കഴിയുമോ എന്നതിന്റെ ഭാഗമായിരുന്നു അവ.
നിർമ്മാണം തുടങ്ങുമ്പോൾ കൺസ്ട്രക്ഷൻ സ്റ്റേജ്‌സിലും എന്നെ ഉൾപ്പെടുത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ പിന്നീട് എന്നെ വിളിച്ചില്ല. മാസങ്ങൾക്കുശേഷം ഇലക്ട്രിക്കൽ വർക്ക് തുടങ്ങുന്നതിന് മുമ്പ് ഒരിക്കൽ സൈറ്റ് സന്ദർശിച്ചു.
അവിടെ കണ്ടത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
രണ്ട് ബെഡ്‌റൂമിലെയും ഓരോ ജനൽ വീതം ഒഴിവാക്കിയിരുന്നു. വേറെ രണ്ട് ജനലുകളും ഒഴിവാക്കിയിരുന്നു. ക്രോസ് വെന്റിലേഷനെ അത് ബാധിക്കുമായിരുന്നു.റാമ്പിന്റെ രൂപവും മാറിയിരുന്നു.
അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് എനിക്ക് ഇന്നും കൃത്യമായി അറിയില്ല.ബജറ്റ് കുറയ്ക്കാനായിരിക്കാം.
നിർമ്മാണത്തിലെ ഏതെങ്കിലും പ്രായോഗിക പ്രശ്‌നമായിരിക്കാം.
അല്ലെങ്കിൽ പ്ലാൻ കൃത്യമായി പിന്തുടരാത്തതായിരിക്കാം.
എനിക്ക് അറിയുന്നത് ഞാൻ അവിടെ കണ്ടത് മാത്രമാണ്.
എനിക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു പ്ലാനിൽ നമുക്ക് നൽകാൻ കഴിയുന്ന ഡീറ്റെയിൽസ് വളരെ കുറവാണ്. പ്രത്യേകിച്ച് ഇങ്ങനെയുള്ള പ്രൊജക്ടുകളിൽ കൊടുക്കേണ്ട ഡീറ്റെയിൽസ് പ്രത്യേകം തയ്യാറാക്കേണ്ടത് തന്നെയാണ്. വളരെ സങ്കടത്തോടെയാണെങ്കിലും അന്ന് ഒരു കാര്യം എനിക്ക് കൂടുതൽ വ്യക്തമായി.
ഒരു സാധാരണ വീട്ടിൽ ഒരു ജനൽ കുറച്ചാൽ, ചിലപ്പോൾ വീട്ടുടമയ്ക്ക് പോലും വലിയ വ്യത്യാസം തോന്നണമെന്നില്ല.
പക്ഷേ ഇവിടെ ഒരു ജനൽ ഒരു ജനൽ മാത്രമായിരുന്നില്ല.
റാമ്പ് ഒരു റാമ്പ് മാത്രമായിരുന്നില്ല. സ്വിച്ച് ഒരു സ്വിച്ച് മാത്രമായിരുന്നില്ല.
ഓരോ ഡീറ്റെയിലിനും പിന്നിൽ ഒരു മനുഷ്യന്റെ ജീവിതമുണ്ടായിരുന്നു.
ഈ കഥയ്ക്ക് ഒരു പൂർണ്ണമായ അവസാനം എനിക്കറിയില്ല
ഈ കഥയ്ക്ക് ഒരു പൂർണ്ണമായ അവസാനവും എനിക്ക് അറിയില്ല.
ജനലുകൾ പിന്നീട് തിരികെ വന്നോ എന്നറിയില്ല.
റാമ്പ് ഞാൻ വിചാരിച്ചതുപോലെ തന്നെയായോ എന്നറിയില്ല.
ഞാൻ കരുതിയിരുന്ന എല്ലാ ഡീറ്റയിൽസും അവിടെ ഉണ്ടായിരുന്നോ എന്നും അറിയില്ല.പക്ഷേ മാസങ്ങൾക്കുശേഷം ഒരിക്കൽ അവർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.ഗൃഹപ്രവേശനമായിരുന്നു.
എനിക്ക് പോകാൻ കഴിഞ്ഞില്ല.
പിന്നീട് ആ വീട്ടിലെ ചിത്രങ്ങൾ കണ്ടു. അവിടെ അവർ സന്തോഷത്തോടെ അതിഥികൾ ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നു.
ആ വീടിന്റെ മുഴുവൻ കഥ എനിക്ക് അറിയില്ല.
എന്റെ ഡ്രോയിങ്സിലെ എത്ര കാര്യങ്ങൾ അവിടെ നിലനിന്നുവെന്നും അറിയില്ല.
പക്ഷേ ഒരു കാര്യം അറിയാം.
എന്നോട് അവരുടെ ആവശ്യങ്ങൾ തുറന്ന് പറയാൻ അവർക്ക് കഴിഞ്ഞിരുന്നു.
മറ്റുള്ളവർ സഹായിച്ച് പണിയുന്ന വീടായതിനാൽ, ''ഇതും വേണം, അതും വേണം'' എന്ന് പറയാൻ അവർക്ക് മടിയുണ്ടായിരുന്നു. ചെലവ് കൂടുമോ, സഹായിക്കുന്നവരെ ബുദ്ധിമുട്ടിക്കുമോ എന്നൊരു ആശങ്കയും ഉണ്ടായിരുന്നു. എന്നോട് സംസാരിക്കുമ്പോൾ അവർക്ക് തന്റെ ആവശ്യങ്ങൾ തുറന്ന് പറയാൻ കഴിഞ്ഞിരുന്നു. അത് പോലും ആ ഡിസൈൻ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിരുന്നു എന്ന് ഇന്ന് തോന്നുന്നു.
ഒരു ആർക്കിടെക്റ്റിന്റെ ജോലി എവിടെയാണ് അവസാനിക്കുന്നത്?
അവിടെയാണ് ഒരു ചോദ്യം കടന്നുവരുന്നത്.
ഒരു ആർക്കിടെക്ടിന്റെ ജോലി എന്താണ്?
ഒരു പ്ലാൻ വരക്കുന്നതോ?
ഒരു എലിവേഷൻ ചെയ്യുന്നതോ?
ഒരു ത്രിഡി ഉണ്ടാകുന്നതോ?
കുറച്ച് ഡ്രോയിങ്സ് നൽകുന്നതോ?
അതെല്ലാം അതിന്റെ ഭാഗമാണ്.
പക്ഷേ അതിനപ്പുറം മറ്റൊന്നുണ്ട്.
ഒരു കുടുംബത്തിന്റെ ആവശ്യങ്ങളിൽ നിന്ന് ഒരു ആശയം കണ്ടെത്തുക. ആ ആശയത്തെ ഡ്രോയിങ്സ് ആക്കുക. ഓരോ തീരുമാനത്തിനും പിന്നിലെ കാരണം മനസ്സിലാക്കുക. പിന്നീട് ആ ചിന്തകൾ നിർമാണത്തിലേക്കും എത്തിക്കുക. അവിടെ ഉണ്ടാകുന്ന മാറ്റങ്ങളിൽ എന്താണ് സംരക്ഷിക്കേണ്ടതെന്ന് തിരിച്ചറിയുക. അതാണ് ഡിസൈനിന്റെ മറ്റൊരു ഭാഗം.
ഒരു വീട് പണിയുമ്പോൾ വീട്ടുടമയ്ക്ക് അറിയാം തനിക്ക് എങ്ങനെ ജീവിക്കണം എന്ന്.കോൺട്രാക്ടർക്ക് അറിയാം അത് എങ്ങനെ പണിയാം എന്ന്.ആർക്കിടെക്റ്റിന് അറിയേണ്ടത് എന്തുകൊണ്ടാണ് അത് അങ്ങനെ പണിയേണ്ടത് എന്ന്.പക്ഷേ ഈ മൂന്ന് അറിവുകളും വേർതിരിച്ച് നിൽക്കേണ്ടതല്ല.നല്ല ഒരു കോൺട്രാക്ടർക്ക് ഡിസൈനിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയണം.നല്ല ഒരു ആർക്കിടെക്റ്റിന് കൺസ്ട്രക്ഷന്റെ യാഥാർത്ഥ്യം മനസ്സിലാക്കണം.വീട്ടുടമയ്ക്കും തനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്ന് വ്യക്തമായി പറയാൻ കഴിയണം.മികച്ച വീടുകൾ ഉണ്ടാകുന്നത് ഈ മൂന്ന് അറിവുകൾ തമ്മിൽ ചേരുമ്പോഴാണ്.
ഒരു വീട് കാഴ്ചയിൽ ശരിയായിരിക്കാം. പക്ഷേ...
അതുകൊണ്ട് ഇന്ന് ഒരു വീട് കാണുമ്പോൾ ഞാൻ പുറത്തുള്ള ഭംഗി മാത്രം നോക്കാറില്ല.ത്രിഡി പോലെ തന്നെയാണോ എന്ന് മാത്രം നോക്കാറില്ല.ഒരു ജനൽ അവിടെ ഉണ്ടോ എന്നതും മാത്രവും നോക്കാറില്ല.
ആ ജനൽ എന്തിനാണ് അവിടെ എന്ന ചോദ്യം ചോദിക്കും.
കാറ്റിനായിരുന്നോ?
വെളിച്ചത്തിനായിരുന്നോ?
ഒരു കാഴ്ചയ്ക്കായിരുന്നോ?
സ്വകാര്യതയ്ക്കായിരുന്നോ?
അവിടെ ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷത്തിനായിരുന്നോ?
കാരണം ഒരു വീട് നിർമ്മിക്കുമ്പോൾ ഒരു ഡ്രോയിങ്ങിലെ ഓരോ വരയും വെറും വരയല്ല.
അതിന് പിന്നിൽ ഒരു ചിന്തയുണ്ട്.
ആ ചിന്തയ്ക്ക് പിന്നിൽ ഒരു ആവശ്യമുണ്ട്.
ആ ആവശ്യത്തിന് പിന്നിൽ ഒരു മനുഷ്യനുണ്ട്.
ഒരു വീട് കാഴ്ചയിൽ വളരെ പെർഫെക്റ്റ് ആയി തോന്നാം.
ക്ലയന്റ് സന്തോഷിച്ചേക്കാം.
കോൺട്രാക്ടർ തന്റെ ജോലി പൂർത്തിയായെന്ന് കരുതിയേക്കാം.
ഫോട്ടോഗ്രാഫ്‌സിലും വീട് മനോഹരമായിരിക്കാം.
എന്നിട്ടും ആ വീടിന്റെ പ്ലാനിങ്ങിൽ സൃഷ്ടിച്ച ഒരു ചെറിയ ഉദ്ദേശ്യം വഴിയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കാം. അപ്പോൾ വീട് മോശമായി പണിതതാണെന്ന് പറയാനാവില്ല. പക്ഷേ അതിന്റെ പിന്നിലെ ചിന്തകൾ മുഴുവൻ അവിടെ എത്തിയിട്ടില്ല. ഒരു പ്ലാൻ വരയ്ക്കുന്നത് ഒരു ആശയം നൽകുന്നതാണ്. ആ ആശയം ഒരു വീടായി മാറുമ്പോഴാണ് അതിന്റെ യഥാർത്ഥ യാത്ര തുടങ്ങുന്നത്.
ഒരു വീട് കാണാൻ പെർഫെക്ടായിരുന്നാൽ മാത്രം പോരാ. അത് ജീവിക്കാൻ കൂടി പെർഫക്ട് ആയിരിക്കണം
Content Highlights: A 3D plan and contractor are not solely enough for building a functional home; architectural intent matters., Small site changes by contractors can drastically affect ventilation, privacy, and daily life utility., True design bridges the gap between what a homeowner needs, how an architect thinks, and how a contractor builds., A house should not only look perfect in photographs but must be perfect for living.
Published: 22 Sept 2026, 04:37 pm IST
ABOUT THE AUTHOR

Ar.Amrutha Raveendran
ar.amrutharaveendran@gmail.comകുറ്റിപ്പുറം MES സ്കൂള് ഓഫ് ആര്ക്കിടെക്ചറില് നിന്ന് B. Arch പഠനം പൂര്ത്തിയാക്കി. വിവിധ ആര്ക്കിടെക്ചര് സ്ഥാപനങ്ങളിലായി 10 വര്ഷത്തോളം പ്രവര്ത്തന പരിചയം. നിലവില് വയനാട് കേന്ദ്രീകരിച്ച് സ്വതന്ത്ര ആര്ക്കിടെക്ട് ആയും IBBI Registered Valuer (Land & Building) ആയും പ്രവര്ത്തിക്കുന്നു.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented