ജിദ്ദ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്രയില്‍ മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെയും പ്രസിഡന്റിന്റെ യാത്രയെക്കുറിച്ച് അറിവുള്ള ഒരു സ്രോതസ്സിനെയും ഉദ്ധരിച്ച് ആക്സിയോസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് വിദേശനയത്തില്‍ സൗദി അറേബ്യ കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതിനാല്‍ അമേരിക്കയും റഷ്യയും ഉക്രെയ്നും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കൂടാതെ അബ്രഹാം കരാറുകളില്‍ ഒരു പങ്കാളിയായി വൈറ്റ് ഹൗസ് സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്.
സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശയാത്ര നടത്തുമെന്ന് ട്രംപ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റായ തന്റെ ആദ്യ ടേമിലെ ആദ്യ വിദേശയാത്ര 2017-ല്‍ റിയാദിലേക്കായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 28 സന്ദര്‍ശനത്തിനുള്ള സാധ്യതയുള്ള തീയതിയായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അത് മാറ്റിവച്ചു എന്ന് ഒരു സ്രോതസ്സ് വെളിപ്പെടുത്തി. അതേസമയം ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യയിലേക്ക് പോകാനാണ് നിലവിലെ പദ്ധതിയെന്ന് ചില ഉറവിടങ്ങള്‍ പറഞ്ഞതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചില്ല. അതേസമയം സന്ദര്‍ശനത്തിന്റെ സാധ്യതയുള്ള തീയതികളെക്കുറിച്ച് സൗദി ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഉണ്ടായിട്ടുമില്ല.
Content Highlights: Trump`s Saudi Arabia Visit Planned for Mid-May
Published: 31 Mar 2025, 10:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented