മദീന: മസ്ജിദുന്നബവിക്ക് സമീപം അൽ-ബഖീഅ് മതിലിനരികെ ഹൃദയവും ശ്വാസോച്ഛ്വാസവും പെട്ടെന്ന് നിലച്ച ഇന്ത്യൻ വനിതാ തീർഥാടകയുടെ ജീവൻ സൗദി റെഡ് ക്രസന്റ് ആംബുലൻസ് സംഘം രക്ഷപ്പെടുത്തി. വിവരം ലഭിച്ച് വെറും 50 സെക്കൻഡിനുള്ളിൽ സ്ഥലത്തെത്തിയാണ് സംഘം അടിയന്തര ചികിത്സ നൽകിയത്.

To advertise here,

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, പരിശോധനയിൽ തീർഥാടകയ്ക്ക് ഹൃദയവും ശ്വാസോച്ഛ്വാസവും നിലച്ചതായി കണ്ടെത്തിയതോടെ ഉടൻ സിപിആർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികൾ ആരംഭിച്ചു. തുടർച്ചയായ പരിശ്രമത്തിനൊടുവിൽ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുകയും ആരോഗ്യനില സ്ഥിരപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ബാബ് ജിബ്രീൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. 

ആംബുലൻസ് സംഘത്തിന്റെ അതിവേഗ പ്രതികരണവും സമയോചിതമായ ചികിത്സയുമാണ് തീർഥാടകയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് മദീന മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഒമർ അൽ-അത്താസ് പറഞ്ഞു.

മസ്ജിദുന്നബവി പരിസരത്ത് 24 മണിക്കൂറും പ്രത്യേക പ്രവർത്തന പദ്ധതിപ്രകാരം ആംബുലൻസ് ടീമുകൾ സജ്ജമാണെന്നും അടിയന്തര സാഹചര്യങ്ങളിൽ വൈകാതെ വിവരം അറിയിക്കുന്നത് ജീവൻ രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.