റിയാദ്: സൗദി അറേബ്യയിൽ 2026ലെ മൂന്നാം പാദത്തിൽ റിയൽ എസ്റ്റേറ്റ് വില സൂചികയിൽ വാർഷികാടിസ്ഥാനത്തിൽ 1.2 ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. താമസ മേഖലയിലും കാർഷിക മേഖലയിലും വില ഉയർന്നതാണ് മൊത്തത്തിലുള്ള വർധനയ്ക്ക് കാരണം. അതേസമയം, വാണിജ്യ മേഖലയിലെ വിലയിൽ രണ്ട് ശതമാനം കുറവുണ്ടായി.
2025ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ താമസ മേഖലയിലെ വിലയിൽ 2.3 ശതമാനവും കാർഷിക മേഖലയിലെ വിലയിൽ 3.9 ശതമാനവും വർധനയുണ്ടായി. റിയൽ എസ്റ്റേറ്റ് വില സൂചികയുടെ മൂന്നാം പാദ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. താമസ മേഖലയിലെ ഭൂമിയുടെ വിലയിൽ 4.9 ശതമാനമാണ് വർധന. അപ്പാർട്ട്മെന്റുകളുടെ വില 1.7 ശതമാനവും റെസിഡൻഷ്യൽ ഫ്ലോറുകളുടെ വില 0.8 ശതമാനവും ഉയർന്നു. എന്നാൽ വില്ലകളുടെ വിലയിൽ 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വാണിജ്യ മേഖലയിലെ വിലയിൽ രണ്ട് ശതമാനം കുറവുണ്ടായി. വാണിജ്യ ഭൂമിയുടെ വില 2.1 ശതമാനവും കെട്ടിടങ്ങളുടെ വില 1.4 ശതമാനവും ഷോറൂമുകളുടെയും കടകളുടെയും വില 0.9 ശതമാനവും കുറഞ്ഞു. അതേസമയം, കാർഷിക ഭൂമിയുടെ വിലയിൽ 3.9 ശതമാനം വർധനയുണ്ടായി.
ത്രൈമാസ കണക്കിലും വിലയിടിവ്
2026ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് വില സൂചികയിൽ 1.2 ശതമാനം കുറവുണ്ടായി. താമസ മേഖലയിൽ 1.5 ശതമാനവും വാണിജ്യ മേഖലയിൽ 0.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. എന്നാൽ കാർഷിക മേഖലയിലെ വിലയിൽ 0.2 ശതമാനം വർധനയുണ്ടായി.
താമസ മേഖലയിലെ ഭൂമിയുടെ വില 2.1 ശതമാനവും അപ്പാർട്ട്മെന്റുകളുടെ വില 0.5 ശതമാനവും വില്ലകളുടെ വില 0.4 ശതമാനവും കുറഞ്ഞു. എന്നാൽ റെസിഡൻഷ്യൽ ഫ്ലോറുകളുടെ വിലയിൽ ഒരു ശതമാനം വർധനയുണ്ടായി. വാണിജ്യ മേഖലയിൽ ഭൂമിയുടെ വില 0.4 ശതമാനവും ഷോറൂമുകളുടെയും കടകളുടെയും വില 1.7 ശതമാനവും കുറഞ്ഞപ്പോൾ കെട്ടിടങ്ങളുടെ വിലയിൽ 0.2 ശതമാനം വർധന രേഖപ്പെടുത്തി. കാർഷിക ഭൂമിയുടെ വിലയിലും 0.2 ശതമാനം വർധനയുണ്ടായി.
പ്രവിശ്യകളിൽ വ്യത്യസ്ത പ്രവണതകൾ
പ്രവിശ്യാടിസ്ഥാനത്തിൽ റിയാദിൽ റിയൽ എസ്റ്റേറ്റ് വിലയിൽ വാർഷികാടിസ്ഥാനത്തിൽ 4.6 ശതമാനം വർധനയുണ്ടായി. ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി മേഖലയിലാണ് - 12 ശതമാനം. മദീനയിൽ 0.3 ശതമാനമാണ് വർധന. അതേസമയം, അസീർ മേഖലയിലാണ് റിയൽ എസ്റ്റേറ്റ് വിലയിൽ ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയത് - 4.3 ശതമാനം. ഹായിലിൽ 3.8 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 3.7 ശതമാനവും അൽജൗഫിൽ 2.8 ശതമാനവും വില കുറഞ്ഞു.
Content Highlights: saudi-real-estate-q3-2026-villa-prices-drop
Published: 20 Oct 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented