റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ ചട്ടങ്ങളുടെ കരട് മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം പുറത്തിറക്കി. പാർക്കിങ് ആരംഭിച്ചശേഷം 15 മിനിറ്റ് സൗജന്യ സമയം അനുവദിക്കുന്നതും പ്രതിവാര, പ്രതിമാസ, വാർഷിക സബ്സ്ക്രിപ്ഷനുകൾ ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് കരടിലുള്ളത്.
പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തുക, തിരക്കേറിയ മേഖലകളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കുക, നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ കണ്ടെത്തുക എന്നിവയാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. പാർക്കിങ്ങിന് മണിക്കൂറിന് രണ്ട് മുതൽ മൂന്ന് റിയാൽവരെയാണ് അടിസ്ഥാന നിരക്ക്. പ്രദേശത്തിന്റെ സ്വഭാവം, ആവശ്യകത, തിരക്കേറിയ സമയം, സീസൺ, പ്രത്യേക പരിപാടികൾ എന്നിവ പരിഗണിച്ച് നിരക്കിൽ മാറ്റം വരുത്താനും വ്യവസ്ഥയുണ്ട്.
പാർക്കിങ്ങിന് 15 മിനിറ്റ് ഇളവ്
റോഡരികിലെ പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് സമയം ആരംഭിച്ചതു മുതൽ 15 മിനിറ്റുവരെ ഇളവ് അനുവദിക്കാനാണ് നിർദേശം. പാർക്കിങ് ടിക്കറ്റ് എടുക്കുന്നതിനും ഹ്രസ്വമായ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനും ഈ സമയം പ്രയോജനപ്പെടും. പണമടച്ചുള്ള പാർക്കിങ് സമയം അവസാനിച്ച ശേഷവും വാഹനം മാറ്റാൻ 10 മിനിറ്റ് അധിക സമയം അനുവദിക്കും.
സ്വതന്ത്രവും ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ളതുമായ പാർക്കിങ് കേന്ദ്രങ്ങളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. അതിനുശേഷം ആദ്യ മണിക്കൂറിന്റെ നിരക്ക് ബാധകമാകും. അധികമായി പാർക്ക് ചെയ്യുന്ന സമയത്തിന്റെ ഒരു മണിക്കൂറിൽ താഴെയുള്ള ഭാഗത്തിനും ഒരു മണിക്കൂറിന്റെ മുഴുവൻ നിരക്ക് ഈടാക്കാനാണ് നിർദേശം.
മണിക്കൂറിന് രണ്ട് മുതൽ മൂന്ന് റിയാൽവരെ
പാർക്കിങ് നിരക്കുകൾ മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. പാർക്കിങ്ങിനുള്ള ആവശ്യകത അനുസരിച്ച് നിരക്കുകൾ സ്വയമേവ ക്രമീകരിക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്. ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളുടെ ആവശ്യപ്രകാരം നിരക്കുകളിൽ മാറ്റം വരുത്താനാകും. മന്ത്രിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന നിരക്ക് പട്ടിക അനുസരിച്ചായിരിക്കും തുക ഈടാക്കുക.
പ്രതിമാസ, വാർഷിക സബ്സ്ക്രിപ്ഷനുകൾ
പണമടച്ചുള്ള പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നതിന് വ്യക്തികൾക്ക് പ്രതിവാര, പ്രതിമാസ, വാർഷിക സബ്സ്ക്രിപ്ഷനുകൾ നൽകാൻ മുനിസിപ്പാലിറ്റികൾക്ക് അനുമതി നൽകുന്നതാണ് കരടിലെ മറ്റൊരു പ്രധാന നിർദേശം.
ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആവശ്യത്തിന് പാർക്കിങ് സ്ഥലങ്ങൾ ലഭ്യമായിരിക്കണം. സബ്സ്ക്രിപ്ഷൻ സംവിധാനം മറ്റു വാഹനങ്ങൾക്ക് പാർക്കിങ് ലഭിക്കുന്നതിനെ ബാധിക്കരുതെന്നും വ്യവസ്ഥയുണ്ട്.
വാസസ്ഥലങ്ങളുടെ ഉടമകൾക്കും വാടകക്കാർക്കും അവരുടെ സന്ദർശകർക്കും സൗജന്യ സ്ഥിരമോ താൽക്കാലികമോ ആയ പാർക്കിങ് പെർമിറ്റുകൾ നൽകാനും നിർദേശമുണ്ട്. പണമടച്ചുള്ള പാർക്കിങ് മേഖലകളോട് ചേർന്നുള്ള താമസസ്ഥലങ്ങൾക്ക് സമീപം ദീർഘനേരം പാർക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്കിലുള്ള സൗകര്യങ്ങളും വ്യവസ്ഥകൾക്ക് വിധേയമായി ഏർപ്പെടുത്താം.
ദേശീയദിനത്തിലും പെരുന്നാൾ ദിനങ്ങളിലും സൗജന്യം
ദേശീയദിനം, സ്ഥാപകദിനം, ചെറിയ പെരുന്നാളിന്റെ ആദ്യദിനം, ബലിപെരുന്നാളിന്റെ ആദ്യദിനം എന്നിവയിൽ റോഡരികിലെ പാർക്കിങ് സൗജന്യമായിരിക്കും. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അടിയന്തര സേവന, സുരക്ഷാ വാഹനങ്ങൾക്കും പാർക്കിങ് ഫീസ് ഒഴിവാക്കും. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കും അവിടത്തെ ജീവനക്കാരുടെ വാഹനങ്ങൾക്കും പ്രത്യേക ഇളവുകൾ അനുവദിക്കരുതെന്നും കരടിൽ വ്യക്തമാക്കുന്നു.
നിയമലംഘനങ്ങൾ ക്യാമറകൾ വഴി കണ്ടെത്തും
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ക്യാമറകൾ ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പാർക്കിങ് നിയമലംഘനങ്ങൾ കണ്ടെത്തും. നിയമലംഘനങ്ങളുടെ ഡിജിറ്റൽ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
പാർക്കിങ് സ്ഥലങ്ങളിൽ ഒഴിവുള്ള ഇടങ്ങൾ തിരിച്ചറിയുന്നതിനുള്ള സെൻസറുകൾ, ക്യാമറകൾ, ഡിജിറ്റൽ ബോർഡുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയും സംവിധാനത്തിന്റെ ഭാഗമാകും. പാർക്കിങ് സമയം അവസാനിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അറിയിപ്പുകൾ നൽകാനും നിർദേശമുണ്ട്.
പണമടയ്ക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തനരഹിതമായാൽ മറ്റൊരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഉപയോക്താവിൽനിന്ന് പാർക്കിങ് ഫീസ് ഈടാക്കില്ല.
വാഹനം നീക്കാൻ 250 മുതൽ 1,250 റിയാൽ വരെ
നിയമവിരുദ്ധമായി പാർക്ക് ചെയ്ത വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനുമുള്ള ഫീസും കരടിൽ നിർദേശിക്കുന്നുണ്ട്.
- ലഘുവാഹനങ്ങൾ: വാഹനം നീക്കം ചെയ്യുന്നതിനുള്ള ഫീസ് 250 റിയാൽ.
- ഭാരവാഹനങ്ങൾ: വാഹനം നീക്കം ചെയ്യുന്നതിനുള്ള ഫീസ് 1,250 റിയാൽ.
- ലഘുവാഹനങ്ങൾ: കസ്റ്റഡിയിലുള്ള വാഹനം വൈകി ഏറ്റെടുക്കുന്നതിന് പ്രതിദിനം 20 റിയാൽ.
- ഭാരവാഹനങ്ങൾ: കസ്റ്റഡിയിലുള്ള വാഹനം വൈകി ഏറ്റെടുക്കുന്നതിന് പ്രതിദിനം 50 റിയാൽ.
നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ നീക്കം ചെയ്യുക. അനുമതിയില്ലാതെ വാഹനം നീക്കം ചെയ്താൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനും ചട്ടപ്രകാരം ബന്ധപ്പെട്ട നിക്ഷേപകനെതിരെ പിഴ ചുമത്തുന്നതിനും വ്യവസ്ഥയുണ്ട്.
പാർക്കിങ് കേന്ദ്രങ്ങളുടെ നടത്തിപ്പ്, പിഴ ഈടാക്കൽ, വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയിൽ മുനിസിപ്പാലിറ്റികൾക്കും ബന്ധപ്പെട്ട അധികൃതർക്കും മേൽനോട്ട ചുമതലയുണ്ടാകും. നിയമലംഘനത്തിന് പിഴ ലഭിക്കുന്നവർക്ക് നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് അപ്പീൽ നൽകാനും അവസരമുണ്ടാകും.
നഗരങ്ങളിലെ പാർക്കിങ് സംവിധാനങ്ങൾ കൂടുതൽ ക്രമീകരിക്കുകയും പാർക്കിങ് സ്ഥലങ്ങളുടെ ലഭ്യത വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: saudi-paid-parking-new-rules-free-time-fees
Published: 19 Oct 2026, 11:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented