മക്ക: വസീം കാലത്തെ മിതമായ കാലാവസ്ഥ മക്കയുടെ കിഴക്കൻ മേഖലയിലെ മരുഭൂമി പ്രദേശങ്ങൾക്ക് പുതുമയേകുന്നു. മേഘങ്ങൾ നിറഞ്ഞ ആകാശവും തണുപ്പുള്ള കാലാവസ്ഥയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ നിരവധി പേരാണ് ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

To advertise here,

ദഫഖ്, അൽബൈദ, അൽബജീദി, അൽമഖ്മസ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകൃതിയുടെ മനോഹാരിത കൂടുതൽ ദൃശ്യമാകുന്നത്. വിശാലമായ മണൽപ്രദേശങ്ങളും താഴ്വരകളും മലനിരകളും മേഘങ്ങളാൽ അലങ്കരിക്കപ്പെട്ടതോടെ ഇവിടം വിനോദയാത്രക്കാർക്കും പ്രകൃതിസ്നേഹികൾക്കും പ്രിയപ്പെട്ട ഇടങ്ങളായി മാറി.

ക്യാമ്പിങ്, നടത്തം, കുടുംബത്തോടൊപ്പമുള്ള വിനോദയാത്രകൾ എന്നിവയ്ക്കായി നിരവധി പേരാണ് ഈ പ്രദേശങ്ങളിലെത്തുന്നത്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനുള്ള അവസരമാണ് ഇവിടങ്ങൾ ഒരുക്കുന്നത്.

പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന മിതമായ കാലാവസ്ഥയും ഇളംകാറ്റും സന്ദർശകരെ ആകർഷിക്കുന്നു. കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്ന വസീം കാലം സൗദിയുടെ വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുന്ന കാലമായും അറിയപ്പെടുന്നു.

ചരിത്രപ്രാധാന്യവും പ്രകൃതിഭംഗിയും ഒരുപോലെ ഒത്തുചേരുന്ന അൽമഖ്മസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.

മേഘങ്ങളും മിതമായ കാലാവസ്ഥയും ഒരുമിച്ചെത്തിയതോടെ മക്കയുടെ കിഴക്കൻ മരുഭൂമികൾ ശരത്കാലത്തിന്റെ മനോഹാരിതയിൽ സഞ്ചാരികളെ വരവേൽക്കുകയാണ്.