റിയാദ്: സൗദി അറേബ്യയിൽ റെയിൽവേ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. 2025ൽ രാജ്യത്തെ റെയിൽവേകളിൽ യാത്ര ചെയ്തത് ഏകദേശം 15.64 കോടി പേരാണ്. 2024ൽ ഇത് 4.27 കോടി മാത്രമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 266.5 ശതമാനം വർധനയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) അറിയിച്ചു.

To advertise here,

നഗരങ്ങൾക്കുള്ളിലെ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. 2024ലെ 3.11 കോടിയിൽനിന്ന് 2025ൽ ഇത് 14.54 കോടിയായി ഉയർന്നു. അതേസമയം, നഗരങ്ങൾ തമ്മിലുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണം 1.16 കോടിയിൽനിന്ന് 1.09 കോടിയായി കുറഞ്ഞു.

2025ൽ ഡിസംബറിലാണ് ഏറ്റവും കൂടുതൽ പേർ റെയിൽവേയിൽ യാത്ര ചെയ്തത്. ഏകദേശം 1.59 കോടി പേരാണ് ഈ മാസം യാത്ര നടത്തിയത്. ഏപ്രിലിലായിരുന്നു ഏറ്റവും കുറവ് യാത്രക്കാർ; 1.08 കോടി പേർ. വർഷം മുഴുവൻ യാത്രാ ട്രെയിനുകൾ 14 ലക്ഷം സർവീസുകൾ നടത്തി. ഈ സർവീസുകളിലൂടെ ആകെ 4.23 കോടി കിലോമീറ്റർ ദൂരം പിന്നിട്ടു. റിയാദ് മെട്രോ 9,49,400 സർവീസുകൾ നടത്തി 2.68 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചു.

യാത്രക്കാരെ കൊണ്ടുപോകുന്നതിലെ ആകെ പ്രകടനത്തിൽ ഹറമൈൻ അതിവേഗ റെയിൽവേയാണ് മുന്നിൽ. 2,743 ദശലക്ഷം യാത്രക്കാരൻ-കിലോമീറ്റർ രേഖപ്പെടുത്തിയ ഹറമൈൻ ട്രെയിനിന് മൊത്തം യാത്രാ പ്രകടനത്തിന്റെ 76 ശതമാനം വിഹിതമുണ്ട്. എന്നാൽ 2024നെ അപേക്ഷിച്ച് ഇതിൽ 6.1 ശതമാനം കുറവുണ്ടായി.

ഈസ്റ്റ് ട്രെയിനിന്റെ യാത്രാ പ്രകടനം 8.3 ശതമാനം വർധിച്ച് 496 ദശലക്ഷം യാത്രക്കാരൻ-കിലോമീറ്ററിലെത്തി. നോർത്ത് ട്രെയിനിൽ ഇത് 6.9 ശതമാനം വർധിച്ച് 370 ദശലക്ഷം യാത്രക്കാരൻ-കിലോമീറ്ററായി. എന്നാൽ രാജ്യത്തെ റെയിൽവേകളുടെ മൊത്തം യാത്രാ പ്രകടനം 3.1 ശതമാനം കുറഞ്ഞ് 3,609.3 ദശലക്ഷം യാത്രക്കാരൻ-കിലോമീറ്ററായി.

2025ൽ റെയിൽവേ വഴി ആകെ 1.61 കോടി ടൺ ചരക്കുകൾ കൊണ്ടുപോയി. ഇതിൽ ഏറ്റവും വലിയ പങ്ക് നോർത്ത് ട്രെയിനിനാണ്. 1.44 കോടി ടൺ ചരക്കുകളാണ് നോർത്ത് ട്രെയിൻ വഴി നീക്കിയത്. മൊത്തം ചരക്ക് നീക്കത്തിന്റെ 89.7 ശതമാനമാണിത്. ഫോസ്‌ഫേറ്റ് 51 ലക്ഷം ടൺ, ബോക്‌സൈറ്റ് 50 ലക്ഷം ടൺ, ഫോസ്‌ഫോറിക് ആസിഡ് 26 ലക്ഷം ടൺ, ഉരുകിയ സൾഫർ 17 ലക്ഷം ടൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈസ്റ്റ് ട്രെയിൻ വഴി 17 ലക്ഷം ടൺ ചരക്കുകളും നീക്കി. ചുണ്ണാമ്പുകല്ല്, ധാന്യങ്ങൾ, സിമന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 9,15,400 ഇരുപത് അടി നീളമുള്ള കണ്ടെയ്നറുകൾക്ക് തുല്യമായ ചരക്ക് ശേഷിയും രേഖപ്പെടുത്തി.

റെയിൽവേ വഴിയുള്ള ചരക്ക് ഗതാഗതത്തിന്റെ മൊത്തം പ്രകടനം 3.6 ശതമാനം വർധിച്ച് 17,011.5 ദശലക്ഷം ടൺ-കിലോമീറ്ററിലെത്തി. ട്രെയിനുകൾ കൃത്യസമയത്ത് സർവീസ് നടത്തുന്നതിലും ഹറമൈൻ അതിവേഗ റെയിൽവേയാണ് മുന്നിൽ. 97.8 ശതമാനമാണ് സമയനിഷ്ഠാ നിരക്ക്. ഈസ്റ്റ് ട്രെയിനിന് 96.1 ശതമാനവും നോർത്ത് ട്രെയിനിന് 94.3 ശതമാനവുമാണ് നിരക്ക്.

ചരക്ക് ട്രെയിനുകൾ 2025ൽ ആകെ 8,885 സർവീസുകൾ നടത്തി. ഏകദേശം 61 ലക്ഷം കിലോമീറ്റർ ദൂരമാണ് ഇവ പിന്നിട്ടത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നൽകിയ ഔദ്യോഗിക രേഖകളും വിവിധ സ്ഥിതിവിവര കണക്കുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് GASTAT അറിയിച്ചു.