റിയാദ്: പൊതുസുരക്ഷയെ ബാധിക്കാനിടയുള്ള സംഭവങ്ങളും സുരക്ഷാഭീഷണികളും അധികൃതരെ അറിയിക്കുന്നതിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം പുതിയ സുരക്ഷാബോധവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. 'ബലാഘ്' എന്ന പേരിലാണ് 60 ദിവസത്തെ പദ്ധതി നടപ്പാക്കുന്നത്.

To advertise here,

സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും സമൂഹത്തിന്റെയും സുരക്ഷാ അധികാരികളുടെയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സുരക്ഷയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സംഭവങ്ങളും സാധ്യതയുള്ള ഭീഷണികളും 911 എന്ന ഏകീകൃത സുരക്ഷാ ഓപ്പറേഷൻ സെന്ററുകൾ വഴിയും 'കുല്ലുന അമ്ൻ' ആപ്പ് വഴിയും അധികൃതരെ അറിയിക്കാം. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷാ വിവരങ്ങൾ അധികൃതർക്ക് കൈമാറാൻ സഹായിക്കുന്ന സംവിധാനമാണ് കുല്ലുന അമ്ൻ ആപ്പ്.

സാധ്യതയുള്ള സുരക്ഷാ ഭീഷണികൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുന്നത് അപകടസാധ്യതകൾ മുൻകൂട്ടി തടയാനും സുരക്ഷാ വിഭാഗങ്ങൾക്ക് വേഗത്തിൽ പ്രതികരിക്കാനും സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തികൾക്കും പൊതുമേഖലാ- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാം. സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നൂതന ആശയങ്ങളും ബോധവത്കരണ സാമഗ്രികളും തയ്യാറാക്കുന്നതിനാണ് ക്ഷണം.

വീഡിയോ ക്ലിപ്പുകൾ, ഇൻഫോഗ്രാഫിക് ഡിസൈനുകൾ, ദൃശ്യ-രചനാ മാധ്യമ റിപ്പോർട്ടുകൾ തുടങ്ങിയവയിലൂടെ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും അതുവഴി സമൂഹസുരക്ഷയ്ക്ക് ലഭിക്കുന്ന നേട്ടങ്ങളും അവതരിപ്പിക്കാം.

അറേബ്യൻ കോൺട്രാക്ടിംഗ് സർവീസസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ നൂതന രീതികളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ സ്ഥാപനം സഹായിക്കും. സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുകയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ വ്യക്തികളും സ്ഥാപനങ്ങളും കൂടുതൽ സജീവമായി പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി.