പരിക്കുകൾ, രോഗങ്ങൾ മുതലായവ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് പലരീതിയിലും വിലങ്ങുതടികളാവാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില സുരക്ഷാവിവരങ്ങൾ.

To advertise here,
  • ആദ്യമായി അധ്യാപകർ, ജീവനക്കാർ, സുരക്ഷാസമിതി അംഗങ്ങൾ എന്നിവർ പരിക്കുപറ്റിയവരുടെ ഭയാശങ്കകൾ മാറ്റി അയാളെ ആശ്വസിപ്പിക്കേണ്ടതാണ്.
  • കുട്ടികൾക്കാണ് അപകടം പറ്റിയതെങ്കിൽ അവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണം. സമചിത്തതയോടെയും ശാന്തത കൈവിടാതെയുമാവണം വിവരം അറിയിക്കൽ.
  • അപകടമോ മുറിവോ കാഠിന്യമേറിയതാണെങ്കിൽ ഉടനടി ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
  • പരിക്കേറ്റയാൾക്ക് മൂക്കിൽനിന്നും രക്തസ്രാവം ഉണ്ടെങ്കിൽ ഉടനെത്തന്നെ കാൽമുട്ടിനിടയിൽ തലപൂഴ്ത്തി കുനിഞ്ഞിരിക്കാൻ പറയണം. രക്തം ശ്വാസനാളത്തിലേക്ക് കയറി ശ്വാസനാളം അടഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
  • അബോധാവസ്ഥയിലുള്ള രോഗിയുടെ വായിൽ ഒരു കാരണവശാലും വെള്ളം ഒഴിക്കരുത്. അത്തരം അവസ്ഥയിൽ വെള്ളം ശ്വാസനാളത്തിലേക്ക് പോവാൻ സാധ്യത വളരെ കൂടുതലാണ്.
  • അബോധാവസ്ഥയിലായ രോഗിയെ കാറ്റും തണുപ്പും കിട്ടുന്ന ഇടത്തേക്ക് മാറ്റിക്കിടത്തുകയും ആവശ്യമെങ്കിൽ അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കുകയും വേണം.
  • നിർജലീകരണം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം രോഗികളുടെ ചുണ്ടുകൾ നനഞ്ഞ തുണികൊണ്ട് തുടച്ച് നനച്ചുകൊടുക്കാവുന്നതാണ്
  • തുറന്ന മുറിവുകളിൽ ഹൈഡ്രജൻ പെറോക്സൈഡ്, ഡെറ്റോൾ മുതലായവ പുരട്ടരുത്. അവ ഉപയോഗിച്ച് മുറിവുകൾ കഴുകുകയും അരുത്. അത് വേദന വർധിക്കാനും കൂടുതൽ ശരീരകോശങ്ങൾ നശിക്കാനും കാരണമാവും.
  • ആഴമില്ലാത്ത മുറിവുകൾ ബീറ്റാഡിൻ ലായനി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
  • മുറിവ് പറ്റിയ ശരീരഭാഗം മുകളിൽ വരുന്ന രീതിയിലാവണം രോഗിയെ കിടത്തുകയോ ഇരുത്തുകയോ ചെയ്യേണ്ടത്. മുറിവേറ്റ ഭാഗത്ത് വീക്കം, വേദന, രക്തസ്രാവം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും.
  • ഒടിവ് പറ്റിയ ആൾക്ക് പരമാവധി ആശ്വാസകരമായ രീതിയിൽ ഒടിഞ്ഞ ശരീരഭാഗം അനക്കംതട്ടാത്ത രീതിയിൽ താങ്ങുകൊടുത്ത് വിശ്രമിക്കാൻ അനുവദിക്കണം.
  • ഒടിവുപറ്റിയ ആളെ സ്‌ട്രെച്ചർ, കസേര എന്നിവയുടെ സഹായത്തോടെ പരിക്കുപറ്റിയ ഭാഗത്തിന് ഏറ്റവും കുറഞ്ഞതോതിൽ അനക്കം തട്ടുന്നവിധത്തിൽ വൈദ്യസഹായം ലഭ്യമാക്കാനായി കൊണ്ടുപോകേണ്ടതാണ്.
  • ശരീരത്തിന്റെ അഞ്ചുശതമാനത്തിൽ കൂടുതൽ ഭാഗത്ത് പൊള്ളലുണ്ടെങ്കിൽ അത് തീവ്രതയേറിയ പൊള്ളലായി കണക്കാക്കി വൈദ്യസഹായം തേടേണ്ടതാണ്.
  • പൊള്ളലേറ്റഭാഗം എത്രയും പെട്ടെന്ന് 10 മിനിറ്റ് നേരത്തേക്കെങ്കിലും തണുത്തവെള്ളത്തിൽ മുക്കിവെക്കുകയോ, അല്ലാത്തപക്ഷം അവിടെ തണുത്ത വെള്ളം തുടർച്ചയായി ഒഴിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.
  • ടൂത്ത്‌പേസ്റ്റ്, എണ്ണകൾ, മഷി മുതലായവ പൊള്ളലേറ്റ ഭാഗങ്ങളിൽ പുരട്ടാൻ പാടില്ല. പൊള്ളൽമൂലമുള്ള കുമിളകൾ പൊട്ടിച്ച് കളയരുത്.